തിരുവനന്തപുരം: ഇന്ധന-പാചകവാതക വിലർധനയിലും നികുതി കൊള്ളയ്ക്കുമെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സൈക്കിൾ റാലിക്കിടെ അബദ്ധം പിണഞ്ഞ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. സൈക്കിൾ ചവിട്ടി ക്ഷീണിച്ച ഷാഫി 'ഞാനപ്പോഴേ പറഞ്ഞതാ വല്ല പദയാത്രയും മതിയെന്ന്' പ്രവർത്തകരോട് പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ഫേസ്‌ബുക്ക് ലൈവിനിടെ ഷാഫിക്ക് പറ്റിയ അമിളി ട്രോളന്മാരും സോഷ്യൽ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.

പെട്രോൾ വില 100 കടന്നതോടെയാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. പ്രതിഷേധ സൈക്കിൾ യാത്ര ഫേസ്‌ബുക്കിൽ ലൈവ് വീഡിയോയി പ്രചരിപ്പിക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന് അബദ്ധം പറ്റിയത്. സൈക്കിൽ ചവിട്ടി ക്ഷീണിച്ച ഷാഫി 'ഞാൻ അപ്പൊഴേ പറഞ്ഞതാണ് പദയാത്ര മതിയെന്ന്' തന്റെ പിന്നിലുള്ള സഹപ്രവർത്തകനോട് പറഞ്ഞതാണ് ട്രോളായത്.


ഈ സമയം പ്രതിഷേധ പരിപാടിയുടെ ഫേസ്‌ബുക്ക് ലൈവ് പോകുന്നുണ്ടായിരുന്നു. ലൈവ് എടുത്തിരുന്നയാൾ ഷാഫിയോട് 'ലൈവ് ലൈവ്' എന്ന് പറഞ്ഞപ്പോഴാണ് തനിക്ക് അബദ്ധം പറ്റിയെന്ന് മനസ്സിലാക്കുന്നത്. തുടർന്ന് ലൈവ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നുമുണ്ട്. എന്നാൽ വീഡിയോ ഡീലീറ്റായപ്പോഴേക്കും വീഡിയോ എത്തേണ്ടിടത്ത് എത്തിയിരുന്നു.

വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കകം വൈറലായി. രാഷ്ട്രീയ പ്രതിയോഗികളും ട്രോളന്മാരും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ പരിപാടിയെ പരിഹസിച്ച് രംഗത്ത് വന്നു. ആത്മാർത്ഥതിയില്ലാത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് എന്തിനാണ് ഈ പ്രഹസനമെന്നാണ് അവരുടെ ചോദ്യം.

വോട്ടിനു വേണ്ടിയുള്ള നാടകമാണ് ഇതെന്നാണു വിഡിയോ പങ്കിട്ടുള്ള വിമർശനം. നികുതി പോലും കുറയ്ക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാരിനെതിരെ ഒരു വാക്ക് മിണ്ടാത്ത ഡിവൈഎഫ്‌ഐക്കാരാണ് 100 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തിയ ഷാഫിയെ പരിഹസിക്കുന്നതെന്നു തിരിച്ചടിച്ച് കോൺഗ്രസുകാരും രംഗത്തെത്തി.

സൈക്കിൾ റാലിയാണെങ്കിലും പദയാത്ര ആണെങ്കിലും പ്രതിഷേധിച്ചല്ലോ എന്നു ചോദിച്ചാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറുപടി നൽകുന്നത്. ബസിലോ കാറിലോ പോകണം എന്നല്ലല്ലോ ഷാഫി പറഞ്ഞതെന്നും കാൽനടയായി പോകുന്ന കാര്യമല്ലേയെന്നും കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ വിമർശകരോടു ചോദിക്കുന്നു.

പെട്രോൾ വില 100 കടന്നതിനെതിരെ 100 കിലോമീറ്റർ സൈക്കിൾ ചവിട്ടിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കായംകുളം മുതൽ രാജ്ഭവൻ വരെയായിരുന്നു സൈക്കിൾ യാത്ര. രണ്ടാം ദിവസം കടമ്പാട്ട് കോണത്ത് നിന്നും ആരംഭിച്ച പ്രതിഷേധ യാത്ര സമാപിച്ചു

അഖിലേന്ത്യ പ്രസിഡന്റ് ബി.വി.ശ്രീനിവാസാണ് സൈക്കിൾ യാത്ര ഉദ്ഘാടനം ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ നയിക്കുന്ന സൈക്കിൾ യാത്രയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ അടക്കമുള്ള ഭാരവാഹികളും നൂറോളം പ്രവർത്തകർ പങ്കാളികളായി.