തിരുവനന്തപുരം: ബൽറാമിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളും അക്രമങ്ങളും എ.കെ.ജി ക്ക് വേണ്ടിയാണെന്ന് വിശ്വസിക്കാനാവില്ലെന്നും ഇത് പിണറായി വിജയനു വേണ്ടിയുള്ള ഏർപ്പാടാണെന്നും ഓഖി ദുരന്തത്തിനിരയായ പാവങ്ങൾക്ക് 2000 രൂപ കൊടുക്കാനുള്ള തീരുമാനം വൈകിയെങ്കിലും ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ പാർട്ടി സമ്മേളനത്തിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പറക്കാൻ ഹെലികോപ്റ്ററിനു കൊടുക്കാനുള്ള തീരുമാനം നാട്ടുകാരറിഞ്ഞതിന്റെ ജാള്യത മറക്കാനാണു ഈ അക്രമമെന്നും ഷാഫി പറമ്പിൽ എംഎ‍ൽഎ പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് എം എൽ എ പ്രതികരിച്ചത്

ഷാഫി പറമ്പിൽ യുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം


ഇത് എ.കെ.ജി യോടുള്ള സ്‌നേഹപ്രകടനമല്ല.ഇത് ഫാസിസവും അസഹിഷ്ണുതയുമാണ്.

കേരളം ഭരിക്കുന്ന, ക്രമസമാധാനം നിലനിർത്താൻ ബാധ്യതയുള്ള രാഷ്ട്രീയപാർട്ടിയായ സിപിഎം അസഹിഷ്ണുതയുടെ വക്താക്കളാണെന്നാണ് വി.ടി.ബൽറാം എംഎ‍ൽഎക്കെതിരെയുണ്ടായ ആക്രമണത്തോടെ തെളിയിക്കപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ സ്വന്തം നാട്ടിൽ ഒരു സ്വകാര്യപരിപാടിയിൽപ്പോലും പങ്കെടുപ്പിക്കില്ലെന്ന സിപിഎമ്മിന്റെ ധിക്കാരം ഒരു ജനാധിപത്യസമൂഹത്തിൽ ആർക്കും അംഗീകരിക്കാനാവില്ല.

ഇവിടെ സിപിഎമ്മിന്റെ നേതൃത്ത്വത്തിൽ അക്രമത്തിന് കോപ്പുകൂട്ടുന്ന വിവരം രണ്ട് ദിവസം ആയി സാമൂഹ്യമാധ്യമങ്ങളിലടക്കം ചർച്ച ആയിട്ടും ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിട്ടും വെറും പത്തോളം പൊലീസുകാരെമാത്രം സംഭവസ്ഥലത്തേക്ക് അയച്ച് സിപിഎം. ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുകയാണ് പൊലീസും ആഭ്യന്തരവകുപ്പും ചെയ്തത്. ഇത് ആഭ്യന്തരവകുപ്പിന് നേതൃത്ത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൃത്യമായ അജണ്ടയാണ്.

ബൽറാമിന്റെ ഫേസ്‌ബുക്ക് പരാമർശ്ശം കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗികാഭിപ്രായമല്ലെന്ന് പാർട്ടി നേതൃത്ത്വം വ്യക്തമാക്കിയപ്പോൾത്തന്നെ സിപിഎമ്മിന് ഈ വിഷയം അവസാനിപ്പിക്കാമായിരുന്നു. എന്നാൽ വിവാദം കത്തിച്ചുനിർത്താനാണ് സിപിഎം നേതൃത്ത്വം ആഗ്രഹിക്കുന്നതെന്നാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ തെളിയിക്കുന്നത്. എ.കെ.ജി വിവാദനിഴലിൽ നിന്നാലും വേണ്ടില്ല, സർക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പിണറായിയും കൂട്ടരും ആഗ്രഹിക്കുന്നത്.

ഈ സംഭവത്തിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളും അക്രമങ്ങളും എ.കെ.ജി ക്ക് വേണ്ടിയാണെന്ന് വിശ്വസിക്കാനാവില്ല. ഇത് പിണറായി വിജയനു വേണ്ടിയുള്ള ഏർപ്പാടാണു.ഓഖി ദുരന്തത്തിനിരയായ പാവങ്ങൾക്ക് 2000 രൂപ കൊടുക്കാനുള്ള തീരുമാനം വൈകിയെങ്കിലും ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ പാർട്ടി സമ്മേളനത്തിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പറക്കാൻ ഹെലികോപ്റ്ററിനു കൊടുക്കാനുള്ള തീരുമാനം നാട്ടുകാരറിഞ്ഞതിന്റെ ജാള്യത മറക്കാനാണു ഈ അക്രമം.

ശമ്പളവും പെൻഷനും കൊടുക്കാൻ പോലും കഴിയാത്ത സാമ്പത്തിക രംഗത്തെ ശരിയാക്കിയത് മറച്ച് പിടിക്കാനാണീ അക്രമം.ഓഖിയേക്കാൾ വലിയ ദുരന്തമായ ഈ സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നടത്തുന്ന ഈ ഏർപ്പാട് കേരള ജനത തിരിച്ചറിയും.
അല്ലേലും ബിയർ കുപ്പിയും കല്ലും ചീമുട്ടയും അക്രമവും കൊണ്ട് പ്രകടിപ്പിക്കുന്ന സ്‌നേഹം എ.കെ.ജി യോടാവാൻ തരമില്ല. അതിപ്പഴത്തെ നേതാക്കന്മാർക്ക് വേണ്ടി ആവാനെ തരമുള്ളു