- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളുൾപ്പടെയുള്ളവരെ പൊലീസ് ആക്രമിച്ചത് കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ച്; ഫൈബർ ലാത്തി പൊട്ടുന്നത് വരെ പ്രവർത്തകരുടെ തലയ്ക്കടിച്ചെന്നും ഷാഫി പറമ്പിൽ; പൊലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ പാരമ്പര്യമുള്ളവർ ഉപദേശിക്കാൻ വരേണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: കെ എസ് യു പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ചിനെ പൊലീസ് നേരിട്ടത് ക്രൂരമായ മർദ്ദന മുറകൾ അഴിച്ചുവിട്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. നെയിം പ്ലേറ്റ് പോലും ധരിക്കാത്ത പൊലീസുകാരാണ് കെഎസ്യു പ്രവർത്തകർക്ക് നേരെ ലാത്തി വീശിയത് എന്നും അദ്ദേഹം ആരോപിച്ചു. കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചാണ് പെൺകുട്ടികളുൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് ആക്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഫൈബർ ലാത്തി പൊട്ടുന്നത് വരെ പ്രവർത്തകരുടെ തലയ്ക്കടിച്ചെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.ഡിവൈഎഫ്ഐക്കെതിരെയും ഷാഫി ആരോപണം ഉയർത്തി. പൊലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ പാരമ്പര്യമുള്ളവർ തങ്ങളുടെ സമരത്തേക്കുറിച്ച് ഉപദേശിക്കാൻ വരേണ്ടെന്ന് ഷാഫി പറഞ്ഞു. ഡിവൈഎഫ്ഐ സമരങ്ങളെ അധിക്ഷേപിക്കാതിരിക്കുന്നതാകും നല്ലത്. കാരണം പഴയ ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ പൊലീസിന് നേരെ അവർ പെട്രോൾ ബോംബ് ഉപയോഗിച്ച ദൃശ്യങ്ങൾ കാണാൻ കഴിയും. അങ്ങനെയുള്ളവർ ഞങ്ങളെ ഉപദേശിക്കാൻവരേണ്ട. വൈകാതെ സമരമുഖത്തേക്ക് ഇറങ്ങേണ്ടവരാണെന്നും സമരത്തെ അധിക്ഷേപിക്കുമ്പോൾ ഓർക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
എല്ലാ സമരങ്ങളോടും സർക്കാർ അസഹിഷ്ണുതയാണ് കാട്ടുന്നത്. അഞ്ചാമത്തെ ദിവസമാണ് ഞങ്ങളുടെ നിരാഹാര സമരം. ചർച്ചയ്ക്ക് പോലും ഒരു മന്ത്രിയും തയ്യാറായിട്ടില്ല. ഉദ്യോഗാർത്ഥികളുടെ സമരം 24 ദിവസമായി ഇതുവരെ ഒരു മന്ത്രിയും ചർച്ചയ്ക്ക് വന്നില്ല. ഈ സർക്കാർ അധികാരത്തിന്റെ എല്ലാ ഹുങ്കും പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിക്കുകയാണ്. നിരാഹാരം ഇനിയും തുടരുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ