ആലപ്പുഴ: മതസൗഹാർദം പങ്കുവച്ച് ആലപ്പുഴയിൽ നിന്നൊരു ശ്രീ കൃഷ്ണ ജയന്തി സന്ദേശം. മകളെ ശ്രീകൃഷ്ണ വേഷത്തിൽ അണിയിച്ചൊരുക്കി ഷാഫി എന്ന മുസ്‌ലിം യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.

ആലപ്പുഴ ചൂരുംമൂട് സ്വദേശിയായ ഷാഫി മുഹമ്മദ് റാവുത്തറാണ് മകൾ ആമിനയെ ശ്രീ കൃഷ്ണവേഷത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹിന്ദു- മുസ്‌ലിം വർഗീയതയ്ക്ക് മറുപടിയാകുകയാണ് ഷാഫിയുെട പോസ്റ്റ്.

ഷാഫിയുടെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി ആളികളാണ് യുവാവിന് പിന്തുണയുമായി വന്നിരിക്കുന്നത്. 2600 ൽ അധികം ഷെയറുകളും 1600 ൽ അതികം കമന്റ്‌സുകളും പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.

ഷാഫിയുടെ പോസ്റ്റിന്റെ പൂർണരൂപം..

പ്രിയ സഹോദരങ്ങൾക്ക് ശ്രീകൃഷ്ണജയന്തി ആശംസകൾ...... ശ്രീകൃഷ്ണ വേഷത്തിൽ എന്റെ പ്രിയപ്പെട്ട ആമി..... ആമിന മുഹമ്മദ്....ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടാൽ ഉണ്ടാകുന്ന വരും വരായ്കകൾ മനസ്സിലാക്കി തന്നെയാണ് ഇത് ഇട്ടത്....ഇസ്ലാമിന്റെ സംരക്ഷകരായ എന്റെ മെസ്സേജ് ബോക്‌സിൽ അപ്പിയിട്ട് വച്ചിരിക്കുന്ന എല്ലാവരോടുമായി പറയുകയാണ്.... നിങ്ങളുടെ ഈ അസഹിഷ്ണുതയാണ് സമാധാനത്തിന്റെ മതമായ ഇസ്ലാമിന്റെ പേരിൽ തീവ്രവാദത്തിന്റെ ചോര പുരട്ടിയത്...... ധാരാളം ഹിന്ദു സഹോദരങ്ങൾ നബിദിനത്തിനും പെരുന്നാളിനുമൊക്കെ ആശംസകൾ നേർന്നു പോസ്റ്റ് ഇട്ടിരുന്നു..... നിങ്ങൾ അതൊന്നും കണ്ടില്ലേ....? ഈ പോസ്റ്റ് ഇട്ടു കഴിഞ്ഞു നാളെ രാവിലെ മുതൽ കേരളത്തിൽ മതേതരത്വം പുലരും എന്ന മിഥ്യാബോധമൊന്നും എനിക്ക് ഇല്ല....ഒരിക്കൽ കൂടി എല്ലവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ....