ലഖ്‌നൗ: കിങ് ഖാൻ ഷാരൂഖിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് റയീസ്. ചിത്രത്തിൽ മദ്യരാജാവായാണ് ഷാരൂഖ് എത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥനാണ് നവാസുദ്ദീൻ. ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് റയീസ്. 1980കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിന്റെ സംവിധാനം രാഹുൽ ദൊലാകിയ ആണ്. തുടർച്ചയായ പരാജയങ്ങളാണ് ഷാരുഖിന് പറയാനുള്ളത്. അതുകൊണ്ട് തന്നെ റയീസിനെ വിജയിപ്പിക്കാനുള്ള പ്രമോഷന് നേതൃത്വം നൽകുന്നതും ഷാരൂഖ് തന്നെ. ചിത്രവുമായി പ്രേക്ഷകരെ അടുപ്പിക്കാൻ ഗുജറാത്തിൽ ഷാരൂഖ് നടത്തിയ തീവണ്ടി യാത്രയാണ്. ഈ സിനിമാ പ്രമോഷൻ എല്ലാ അർത്ഥത്തിലും ദുരന്തമായി.

വഡോദ്ര റെയിൽവേ സ്‌റ്റേഷനിലാണ് ദുരന്തമുണ്ടായത്. ട്രയിനിൽ കൈവീശി യാത്ര ചെയ്യുന്ന ബോളിവുഡ് സൂപ്പർതാരത്തെ കാണാൻ ആരാധകർ റെയിൽവേ സ്റ്റേഷനിൽ തിരക്ക് കൂട്ടി. ഓഗസ്റ്റ് ക്രാന്തി എക്സ്‌പ്രസിലെത്തിയ ഷാരൂഖ് തീവണ്ടിയിൽ നിന്ന് പുറത്തിറങ്ങിയില്ല. കൈവീശി ആരാധകരെ അഭിസംബോധന ചെയ്തു. ഷാരൂഖിന്റെ തീവണ്ടി പോയപ്പോൾ അവിടെ മുഴുവൻ തിക്കും തിരക്കുമായി. ഇതിനിടെയിൽപെട്ടാണ് ഒരാൾ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഷാരൂഖിന്റെ തീവണ്ടി എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ സ്റ്റേഷൻ പരിസരം ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. ഇവർ താരത്തെ കണ്ട ആവേശത്തിൽ അതിവേഗം പുറത്തിറങ്ങാൻ ശ്രമിച്ചതാണ് ദുരന്തമായി മാറിയത്. സമാജ് വാദി പാർട്ടിയുടെ പ്രാദേശിക നേതാവായ ഷെർണായി ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ഷാരൂഖിനെ കാണാനെത്തിയതാണ് ഇദ്ദേഹം. ആൾക്കൂട്ടത്തിൽപ്പെട്ട് പരിക്കേറ്റ ഷെർണായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് ട്രയിൻ വഡോദര സ്റ്റേഷന്റെ ആറാമത്തെ പ്ലാറ്റ്ഫോമിലെത്തിയത്. ഷാരൂഖിനെ ഒരുനോക്കു കാണാൻ നൂറുകണക്കിന് ആരാധകർ സ്റ്റേഷനിൽ തടിച്ചുകൂടിയിരുന്നു. ട്രെയിൻ നിർത്തിയതും ഷാരൂഖ് ഉണ്ടായിരുന്ന കോച്ചിനു സമീപം തടിച്ചുകൂടിയ ആരാധകർ കോച്ചിന്റെ ജനാല ചില്ലിൽ ഇടിക്കുകയും ബഹളം കൂട്ടുകയും ചെയ്തു. പത്തു മിനിറ്റോളം സ്റ്റേഷനിൽ നിർത്തിയിട്ട ട്രയിൻ വീണ്ടും നീങ്ങിത്തുടങ്ങിയപ്പോൾ ജനങ്ങൾ പിന്നാലെ ഓടാൻ തുടങ്ങി. ഈ തിക്കിലും തിരക്കിലും പെട്ട് പലർക്കും പരിക്കേറ്റു. ഇതിനിടയിൽ പെട്ട് ശ്വാസം മുട്ടിയാണ് ഒരാൾ മരിച്ചത്. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് ചെറിയ രീതിയിൽ ലാത്തി വീശി. ഇതിനിടയിൽ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു.

റയീസ് എന്ന സിനിമയിൽ പാക് നടി മഹീറാഖാൻ ആണ് നായിക. ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസി്ങ് തിയ്യതിയുമായി ബന്ധപ്പെട്ട് നേരത്തേ വിവാദം നടന്നിരുന്നു. ഹൃത്വിക് ചിത്രം കാബിലിന്റെ റിലീസ് തിയ്യതിയാണ് റയീസുമായി ക്ലാഷായത്. കാബിലും ഇതേ ദിവസമാണ് റിലീസ് ചെയ്യുന്നത്.

ഷാരൂഖ് കാബിലിന്റെ റിലീസ് ദിവസം നോക്കി റയീസ് റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നെന്നാണ് ഹൃത്വിക്കിന്റെ പിതാവും ചിത്രത്തിന്റെ നിർമ്മാതാവുമായ രാകേഷ് റോഷൻ ആരോപിച്ചത്. ഇതിനൊപ്പം പാക് നടിയുടെ സാന്നിധ്യവും വിവാദമായി. റയീസിന്റെ ഇന്ത്യയിലെ പ്രചരണ പരിപാടികളിൽ തനിക്ക് പങ്കെടുക്കാൻ കഴിയാത്തതിൽ ഏറെ ദുഃഖമുണ്ടെന്ന് മാഹിറാ ഖാൻ പറഞ്ഞിരുന്നു. സ്വന്തം ജന്മനാട്ടിൽ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയതിൽ ഏറെ നിരാശയുണ്ടാക്കുന്നുവെന്നും മാഹിറ പറയുന്നു.

ഷാരൂഖ് ഖാൻ നായകനാകുന്ന റയീസ് രാഹുൽ ധൊലോക്കിയയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുൻപായി ഷാരൂഖ് ഖാൻ മഹാരാഷ്ട്ര നവനിർമ്മാണ സേനാ തലവൻ രാജ് താക്കറെയുമായി ചർച്ച നടത്തിയിരുന്നു. ഉറി ഭീകരാക്രമണത്തിന് ശേഷം പാക് താരങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങൾ മുംബൈയിൽ പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണ് സേന.

ചിത്രത്തിന്റെ പ്രചരണ പരിപാടിയിൽ മാഹിറയെ പങ്കെടുപ്പിക്കില്ലെന്നും പാക് താരങ്ങളെ ഭാവിയിൽ തന്റെ ചിത്രങ്ങളുടെ ഭാഗമാക്കില്ലെന്നുമുള്ള ഷാരൂഖിന്റെ ഉറപ്പിന്മേലാണ് സേന റയീസിനോടുള്ള എതിർപ്പ് അവസാനിപ്പിച്ചത്. തുടർന്നാണ് മാഹിറ ഇന്ത്യയിലെ പ്രചരണ പരിപാടികളിൽ നിന്ന് പിന്മാറുന്നത്. ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായ പ്രചരണവുമായി ഷാരൂഖ് തന്നെ രംഗത്ത് വന്നത്.