മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സമൻസ്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരിമൂല്യം കുറച്ച് കാട്ടി കോടികൾ തട്ടിയെടുത്തതിനെ തുടർന്നാണ് നടപടി.

മൂല്യം കുറച്ച് കാണിച്ച് ഓഹരികൾ വിറ്റ് 72 കോടി തട്ടിയെടുത്തുവെന്നാണ് കേസ്. മെയ്‌ അവസാനം ഹാജരാകണമെന്ന് ചൂണ്ടിക്കാണിച്ചാണ് സമൻസ് അയച്ചിരിക്കുന്നത്. 90 രൂപ വരെ മൂല്യമുള്ള ഓഹരികൾ 10 രൂപ വില കാണിച്ചു വിറ്റതായാണ് ഷാരൂഖിനെതിരായ ആരോപണം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓഹരികൾ നടി ജൂഹി ചൗളയ്ക്കാണ് 10 രൂപ വില കാണിച്ചു വിറ്റത്. സർക്കാരിനു ലഭിക്കേണ്ട 72 കോടി രൂപ ഇതിലൂടെ ഷാരൂഖ് തട്ടിച്ചു എന്നു എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചത്.

ഐപിഎല്ലുമായി ബന്ധപ്പെട്ടു വിവാദങ്ങളിൽ അകപ്പെടുന്ന മൂന്നാമത്തെ ടീം ഉടമയാണ് ഷാരൂഖ് ഖാൻ. ചെന്നൈ സൂപ്പർകിങ്‌സ് ഉടമയായിരുന്ന ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാൻ റോയൽസ് ഉടമയായിരുന്ന രാജ് കുന്ദ്രയും വാതുവയ്പ്, ഒത്തുകളി തുടങ്ങിയ ആരോപണങ്ങളിൽ അകപ്പെട്ടിരുന്നു. 2012ൽ വാംഖഡെ സ്റ്റേഡിയത്തിൽ വച്ച് സുരക്ഷ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഷാരൂഖിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നടപടി എടുത്തിട്ടുണ്ട്. അഞ്ചു വർഷത്തെ വിലക്കാണ് ഷാരൂഖിന് ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയത്.