- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട് പണം തട്ടാൻ ശ്രമിച്ചെന്ന കേസ്: മുംബൈ പൊലീസിന്റെ അന്വേഷണം പ്രതിസന്ധിയിൽ; മൊഴി നൽകാൻ എത്താതെ ഷാരൂഖ് ഖാന്റെ മാനേജർ; രണ്ട് തവണ എത്താമെന്ന് ഏറ്റിട്ടും ഒഴിഞ്ഞു മാറി; പൂജ ദദ്ലാനിക്കെതിരെ വീണ്ടും സമൺസ് അയക്കും
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട് പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുംബൈ പൊലീസിന്റെ അന്വേഷണം പ്രതിസന്ധിയിൽ. നടൻ ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്ലാനി സഹകരിക്കാത്തതാണ് അന്വേഷണം മുന്നോട്ടു പോകാൻ തടസ്സമായിരിക്കുന്നത്. ഇതുവരെയും മൊഴി നൽകാൻ കൂട്ടാക്കാക്കാൻ ഇവർ തയ്യാറായിട്ടില്ല. ഇതോടെ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘവും വെട്ടിലായി.
നേരത്തെ രണ്ടുതവണ പൂജ ദദ്ലാനിയെ മൊഴിയെടുക്കാൻ വിളിച്ചുവരുത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ പൂജയ്ക്കെതിരേ വീണ്ടും സമൻസ് പുറപ്പെടുവിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആര്യൻ ഖാൻ പ്രതിയായ ലഹരി പാർട്ടി കേസിലെ സാക്ഷി പ്രഭാകർ സെയിലാണ് കെ.പി. ഗോസാവി, സാം ഡിസൂസ, സമീർ വാംഖഡെ തുടങ്ങിയവർക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നത്.
ആര്യനെ പ്രതിയാക്കാതിരിക്കാൻ ഇവർ പണം ആവശ്യപ്പെട്ടെന്നും ഷാരൂഖിന്റെ മാനേജർ പൂജ ദദ്ലാനി ഇവർക്ക് പണം നൽകിയെന്നുമായിരുന്നു ആരോപണം. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട ഈ ആരോപണങ്ങളാണ് മുംബൈ പൊലീസിന്റെ പ്രത്യേകസംഘം അന്വേഷിക്കുന്നത്. ആരോപണവിധേയനായ സാം ഡിസൂസ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകാൻ ഹാജരായിരുന്നു.
അതേസമയം, കേസിൽ ഏറെ നിർണായകമായ പൂജ ദദ്ലാനിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തുടർച്ചയായി ഒഴിഞ്ഞുമാറുന്നതിനാൽ പൂജയ്ക്കെതിരേ മറ്റു നിയമനടപടികൾ സ്വീകരിക്കണമോ എന്നതും അന്വേഷണസംഘം ആലോചിച്ചുവരികയാണ്.
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിപാർട്ടി കേസിൽ എൻ.സി.ബി.യുടെ കേന്ദ്രസംഘമാണ് നിലവിൽ അന്വേഷണം നടത്തുന്നത്. കേസിൽ കൈക്കൂലി ആരോപണങ്ങൾ ഉയർന്നതോടെയാണ് വിവാദങ്ങളുണ്ടായത്. സാക്ഷികളുടെ വെളിപ്പെടുത്തലുകളും മന്ത്രി നവാബ് മാലിക്ക് അടക്കമുള്ളവരുടെ ആരോപണങ്ങളും ഏറെ ചർച്ചയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ