ബോളിവുഡിലെ ഖാൻത്രയങ്ങൾ ആയ സൽമാൻ, ഷാരൂഖ്, അമീർ എന്നിവർ ഒന്നിച്ചൊരു വേദിയിൽ പ്രത്യക്ഷപ്പെടുക എന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ്. മൂവർക്കുമിടയിൽ ചെറിയ പ്രശ്‌നങ്ങൾ ഒക്കെ നിലനില്ക്കുന്നുണ്ടെന്നാണ് ബോളിവുഡിലെ സംസാരം.എന്നാൽ ഇപ്പോൾ മറ്റൊരു താരത്തിന്റെ സിനിമയുടെ പ്രമോഷൻ വർക്കിനായി മൂന്ന് താരങ്ങളും ഒന്നിക്കുന്നതാണ് ആരാധകരെ ആവേശത്തിലാക്കുകയാണ്. ഇർഫാൻ ഖാൻ നായകനാകുന്ന 'ബ്ലാക്ക്മെയിൽ' എന്ന ചിത്രത്തിന് വേണ്ടിയാണ് ആമീറും ഷാരൂഖും സൽമാനും ഒരുമിച്ചൊരു വേദിയിലെത്തുന്നത്.

ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി മൂന്ന് താരരാജാക്കന്മാർ പ്രമോഷൻ ചെയ്യുന്നതെന്ന പ്രത്യേകത ഇനി ഈ ഇർഫാൻ ചിത്രത്തിന് സ്വന്തമായിരിക്കും.ഖാൻത്രയത്തിന് പുറമേ മറ്റ് സഹപ്രവർത്തകരും ബ്ലാക്ക് മെയിലിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമാകുന്നുണ്ട്. വയറിലെ ആന്തരികാവയവങ്ങളിൽ ട്യൂമർ ബാധിച്ചതിനാൽ ചികിത്സയുടെ ഭാഗമായി ഇർഫാൻ ഇപ്പോൾ യുകെയിലാണ്. ചിത്രീകരണം പൂർത്തിയാക്കി റിലീസിനൊരുങ്ങുന്നതിനിടെയായിരുന്നു താരം അസുഖബാധിതനായത്.

ഇർഫാൻ ഖാൻ ഇല്ലാത്തതിനാൽ സിനിമയുടെ പ്രമോഷൻ പരിപാടികളെല്ലാം നിർത്തി വെച്ചിരിക്കുകയായിരുന്നു. എന്നാൽ സഹപ്രവർത്തകന് വേണ്ടി ആമീർ ഖാനും ഷാരൂഖ് ഖാനും സൽമാൻ ഖാനും ഒന്നിച്ചതോടെ ഏറെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകരും ആരാധകരും.