- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോസ് ഏഞ്ചൽസിൽ ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കും: യുഎസ് എംഎൽസിയുമായി സഹകരിക്കുമെന്ന് ഷാരൂഖ് ഖാൻ; ലക്ഷ്യം മേജർ ലീഗ് ക്രിക്കറ്റും 2028 ലെ ഒളിംപിക്സും; ക്രിക്കറ്റിനെ ഉൾപ്പെടുത്തിയാൽ പ്രധാന വേദിയാകും

കാലിഫോർണിയ: ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം ലോസ് ഏഞ്ചൽസിൽ നിർമ്മിക്കാൻ നീക്കവുമായി ബോളിവുഡ് താരം ഷാരുഖ് ഖാൻ. ഇതിനായി യുഎസ് എംഎൽസിയുമായി സഹകരിക്കുമെന്ന് ഷാരൂഖ് ഖാൻ അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെട്രോപൊളിറ്റൻ സ്ഥലങ്ങളിലൊന്നായ ലോസ് ഏഞ്ചൽസിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിലൂടെ ക്രിക്കറ്റിന് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഷാരൂഖ് ഖാൻ പ്രസ്താവനയിൽ അറിയിച്ചു.
ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പേരിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. യുഎസിലെ മേജർ ലീഗ് ക്രിക്കറ്റുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുക. മേജർ ലീഗ് ക്രിക്കറ്റിന്റെ അമേരിക്കയിലെ ഭാവി മുന്നിൽ കണ്ടാണ് നിക്ഷേപമിറക്കുന്നതെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്രസ്താവനയിൽ അറിയിച്ചു.
ഒരേ സമയം 10,000 പേരെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന തരത്തിലായിരിക്കും സ്റ്റേഡിയത്തിന്റെ നിർമ്മാണം. ഇൻവിർ നഗരത്തിൽ 15 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. യുഎസ് ക്രിക്കറ്റിന്റെ ഭാവിയിലുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് എംഎൽസിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതെന്ന് ഷാരൂഖ് ഖാൻ അറിയിച്ചു. ഷാരൂഖ് ഖാൻ, നടി ജൂഹി ചൗള, ഭാര്യ ജയ മേത്ത എന്നിവരുടെ ഉടമസ്ഥതയിലുള്ള കെആർജിയാണ് കരാറിൽ ഒപ്പിട്ടത്.
സ്റ്റേഡിയത്തിൽ അത്യാധുനിക പരിശീലന സൗകര്യങ്ങൾ, ലോക്കർ റൂമുകൾ, ലക്ഷ്വറി സ്യൂട്ടുകൾ, പ്രത്യേക പാർക്കിങ് സെന്ററുകൾ, ഫീൽഡ് ലൈറ്റിങ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള പിച്ച് എന്നിവ ഉൾപ്പെടുത്തും. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ അക്രഡിറ്റേഷൻ നേടുന്നതിനും അന്താരാഷ്ട്ര ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നതിന് വേദി പ്രാപ്തമാക്കുന്നതിനുമാണിത്.
''അമേരിക്കയിലെ എംഎൽസിയിലെ ഞങ്ങളുടെ നിക്ഷേപം, യുഎസ്എയിലെ ക്രിക്കറ്റിന്റെ ആവേശകരമായ ഭാവിയിലുള്ള ഞങ്ങളുടെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ടി20 ക്രിക്കറ്റിൽ നൈറ്റ് റൈഡേഴ്സിനെ ആഗോള ബ്രാൻഡായി സ്ഥാപിക്കാനുള്ള ഞങ്ങളുടെ തന്ത്രവുമായി നന്നായി യോജിക്കുന്നു. ഗ്രേറ്റർ ലോസ് ഏഞ്ചൽസ് ഏരിയയിൽ ഒരു ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതി ഞങ്ങൾക്കും എംഎൽസിക്കും ആവേശകരമാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെട്രോപൊളിറ്റൻ ഏരിയകളിൽ ഇത് പരിവർത്തനപരമായ സ്വാധീനം ചെലുത്തുമെന്നതിൽ സംശയമില്ല, ''ഷാരൂഖ് ഖാൻ പ്രസ്താവനയിൽ പറഞ്ഞു.
2028ൽ ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഒളിമ്പിക്‌സിൽ ക്രിക്കറ്റിനെ കൂടി ഉൾപ്പെടുത്താൻ ഐസിസി ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ചാൽ ഗ്രേറ്റ് പാർക്കിലെ സ്റ്റേഡിയം ക്രിക്കറ്റിന്റെ പ്രധാന വേദിയാകും.
അതേസമയം, സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താൻ' എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷാരൂഖിനൊപ്പം ജോൺ എബ്രഹാമും ദീപിക പദുക്കോണും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 2023 ജനുവരിയിൽ ചിത്രം തീയേറ്ററുകളിൽ എത്തും. നയൻതാരയും സന്യ മൽഹോത്രയും പ്രധാനവേഷങ്ങളിൽ എത്തുന്ന ആറ്റ്ലിയുടെ അടുത്ത ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്.


