ആലപ്പുഴ: പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ട ആത്മഹത്യയിൽ സിപിഒ റെനീസിന്റെ സുഹൃത്ത് ഷഹാന അറസ്റ്റിൽ. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസിൽ ഷഹാനയെ പ്രതി ചേർത്തത്. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യാനുള്ള നടപടി.

റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദം ചെലുത്തിയിരുന്നെന്നും നജ്‌ലയും മക്കളും ഒഴിയണം എന്നും ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. ആറ് മാസം മുമ്പ് ഫ്ളാറ്റിൽ എത്തി നജ്‌ലയെ ഷഹാന ഭീഷണിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി വഴക്കിട്ടിരുന്നുവെന്നാണ് കണ്ടെത്തൽ. കേസിൽ നേരത്തെ നജ്ലയുടെ ഭർത്താവ് പൊലീസ് ഉദ്യോഗസ്ഥനായ റെനിസിനെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നു. റെനീസിന്റെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നായിരുന്നു കണ്ടെത്തൽ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജിലയുടെയും മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരുടെ മരണത്തിന് പിന്നിൽ പൊലീസുകാരനായ ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളെന്നു സൂചന നേരത്തെ പുറത്തു വന്നിരുന്നു. ഇതിൽ മനംനൊന്താണ് ഭാര്യ മക്കളെക്കൊന്ന് ആത്മഹത്യ ചെയ്തത്. ഭർത്താവിന് ഒന്നിലേറെ സ്ത്രീകളുമായി വിവാഹേതര ബന്ധം ഉ്ണ്ടായിരുന്നുവെന്നും അതിൽ ഒരാൾ ഇയാളുടെ ബന്ധു തന്നെ ആയിരുന്നുവെന്നുമാണ് വിവരം നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഇവർ തമ്മിലുള്ള വാട്സ് ചാറ്റുകൾ പലതവണ ഭാര്യ നജില കൈയോടെ പിടികൂടിയപ്പോൾ സമാനതകളില്ലാത്ത രീതിയിൽ റനീസ് ഇവരെ ക്രൂരമായി മർദ്ദിച്ചിരുന്നുവത്രെ. ഇതിനെച്ചൊല്ലി ക്വാർട്ടേഴ്സിൽ ഇരുവരും തമ്മിൽ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും പറയപ്പെടുന്നു. ജീവിതം തന്നെ ദുസ്സഹമായപ്പോൾ നജില വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റനിസ് നൽകിയില്ല. ബന്ധം വേർപ്പെടുത്തിയാൽ വിട്ടിലെത്തി നജിലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതിൽ ഭയന്നാണ് ബന്ധം വേർപെടുത്താതെ നജില തുടർന്ന് വന്നത്.

മരണം നടന്നതിന് തലേദിവസവും ഇരുവരും തമ്മിൽ ക്വാർട്ടേഴ്സിൽ തർക്കമുണ്ടായിരുന്നുവത്രെ. രാത്രി ജോലിക്ക് പോയി റനീസ് തിരിച്ചെത്തിയപ്പോഴാണ് ഭാര്യയും മക്കളും മരിച്ച നിലയിൽ കണ്ടത്. എന്നാൽ നജിലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് സഹോദരി നഫ്ള രംഗത്ത് എത്തി. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജ്ല. റനീസും അയാളുടെ കാമുകിയും ചേർന്ന് സഹോദരിയെയും കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നുവെന്നും സഹോദരി ആരോപിക്കുന്നു. ഇതിനിടെയാണ് പുതിയ അറസ്റ്റ്.

റെനീസിനെതിരെ പുതിയ കേസ് എടുക്കാൻ തീരുമാനമായിരുന്നു. വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് കൂടുതൽ സ്ത്രീധനം ചോദിച്ച് റെനീസ് നജ്ലയെ പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് പുതിയ കേസെടുക്കാൻ തീരുമാനിച്ചത്. നിർണായകമായ വിവരങ്ങളാണ് രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം കണ്ടെത്തിയത്. സിപിഒ റെനീസ് നിരവധിപേർക്ക് വട്ടിപലിശയ്ക്ക് പണം നൽകിയിരുന്നു.

പലിശയ്ക്ക് നൽകാൻ കൂടുതൽ തുക ആവശ്യമായ ഘട്ടത്തിലാണ് റെനീസ് സ്ത്രീധനത്തിന്റെ പേരിൽ നജ്ലയെ പീഡിപ്പിക്കാൻ തുടങ്ങിയത്. പ്രതിയുടെ സാമ്പത്തിക ഇടപാടിന്റെ രേഖകൾ അടങ്ങിയ ബാഗ് പൊലീസ് കണ്ടെത്തിയിരുന്നു. ഈ തെള്ളിവുകളുടെ അടിസ്ഥാനത്തിലാണ് റെനീസിനെതിരെ പലിശയ്ക്ക് പണം നൽകിയതിന് കേസ് എടുക്കാൻ തീരുമാനിച്ചത്.

ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്‌സിലാണ് റെനീസും കുടുംബവും താമസിച്ചിരുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലാണ് റെനീസിന് ജോലി. എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.