കൊല്ലം: സത്യസന്ധമായ പ്രതികരണങ്ങളിലൂടെ കേരളീയ പൊതു സമൂഹത്തിന്റെ അംഗീകാരം നേടി വനിതാ നേതാവാണ് ഷാഹിദാ കമാൽ. അഴിമതിക്ക് എതിരെ പോരാടുന്ന അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാൾ. കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് ഇടത് സഹയാത്രികയായി ഷാഹിദാ കമാൽ മാറിയത് ഈയിടെ മാത്രമാണ്. ഉറച്ച നിലപാടുകൾ എടുത്ത ഷാഹിദ പൊതു വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കാറില്ല. അതുകൊണ്ട് കൂടിയാണ് ഈ പോസ്റ്റ് സാമൂഹിക മാദ്ധ്യമങ്ങൾ ചർച്ചയാക്കുന്നത്.

മോദിയുടെ നോട്ട് അസാധുവാക്കലിൽ സാധാരണക്കാർക്കുണ്ടായ ദുരിതമറിയാൻ ഈ പോസ്റ്റ് മാത്രം വായിച്ചാൽ മതി. ബാങ്കിൽ കാശിട്ട് പ്രതീക്ഷയോടെ കഴിയുന്നവർക്ക് ഇരുട്ടടി തന്നെയായിരുന്നു നോട്ട് അസാധുവാക്കലും എടിഎം നിയന്ത്രണവും. തന്റെ സഹോദരന്റെ മരണമാണ് ഷാഹിദയെ ഈ തീരുമാനത്തിന്റെ വേദന ശരിക്കും അനുഭവിച്ചത്.

ഇക്കാര്യം ഷാഹിദ ഫെയ്‌സ് ബുക്കിൽ കുറിക്കുന്നത് ഇങ്ങനെ

വളരെ വേദനയോടു കൂടി എഴുതുന്ന ജീവിത യാഥാർഥ്യമാണ്.ഒരിക്കലും ഇതിനെ രാഷ്ട്രീയമായി കാണരുത്.

ഏതൊരു ഭരണകൂടവും ജനങ്ങളോടാണ് കടപ്പെട്ടിരിക്കേണ്ടത്.അവിടുത്തെ ജനങ്ങളാണ് ഏറ്റവും വലിയ സ്വത്ത്.നോട്ട് നിയന്ത്രണം വന്നപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വന്നിരുന്നു.അന്നും ഞാൻ പറഞ്ഞത് നല്ല തീരുമാനം,പക്ഷെ ജനങ്ങൾക്ക് ബുദ്ധിമുട്ടു ഉണ്ടാകരുത് എന്നാണ്.

ഒരാഴ്ച മുമ്പ് എന്റെ സഹോദരൻ മരണപ്പെട്ടപ്പോൾ ഞങ്ങളുടെ കുടുംബത്തിനു താങ്ങാൻ കഴിയാത്ത വേദനയാണ് ഉണ്ടായത്.എന്നാൽ അതിലും എത്രയോ വലിയ മാനസിക വേദനയും നിരാശയും ആണ് ഞങ്ങൾ സഹോദരങ്ങൾ പിന്നീട് അനുഭവിച്ചത്.സ്വന്തം സഹോദരന്റെ മയ്യം വീട്ടിൽ കിടത്തിയിട്ട്, മരണാനന്തര ചെലവുകൾക്ക് വേണ്ടി, എടിഎം കൗണ്ടറിനു മുന്നിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്ന ഞങ്ങൾ സഹോദരങ്ങളുടെ ഗതികേട് സഹിക്കാൻ കഴയില്ല.പൊറുക്കാൻ കഴയില്ല.

ഞങ്ങളെപ്പോലെ എത്രയോ സഹോദരങ്ങൾ, മക്കൾ,മാതാപിതാക്കൾ,ഭർത്താവ്, ഭാര്യ തുടങ്ങിയവർ ഈ സാഹചര്യം ഫേസ് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് ഇതിനു ഉത്തരവാദികൾ അറിയുന്നുണ്ടോ?

മരണം സത്യമാണ്, അപ്രതീക്ഷവും ആണ്. ആ വേദനയേക്കാൾ വലിയ വേദനയും അപമാനവും അനുഭവിക്കേണ്ടി വന്ന ഞങ്ങളെ പോലുള്ളവരുടെ ശാപം ശ്രീ.മോദി സർക്കാരിനെ പിന്തുടരും.ഒരു സംശയവും വേണ്ട.