- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വനിതാ കമ്മീഷനിൽ വരുന്ന വ്യാജ പരാതികളുടെ എണ്ണം വർധിച്ചു; കൊല്ലത്തെ വിസ്മയയുടെ സംഭവത്തിന് ശേഷം പരാതിപ്രവാഹം; പലരും പുരുഷന്മാരോട് വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടി മാത്രം; പക്വത വരാൻ വിവാഹ പ്രായം ഉയർത്തണമെന്ന് ഷാഹിദ
കൊല്ലം: പുരുഷന്മാരോട് വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടി വനിതാ കമ്മീഷനിൽ വ്യാജ പരാതികൾ പ്രവഹിക്കുന്നതായി വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. കൊല്ലം വിസ്മയ സംഭവത്തിന് ശേഷം പരാതി പ്രവാഹം തന്നെ ഉണ്ടാകുന്നതായി ഷാഹിദ വ്യക്തമാക്കുന്നു. വനിതാ കമ്മീഷനിൽ വരുന്ന വ്യാജ പരാതികളുടെ എണ്ണം വർധിച്ചു. കൊല്ലത്തെ വിസ്മയയുടെ സംഭവത്തിന് ശേഷമാണിതെന്നും ഷാഹിദാ കമാൽ പറഞ്ഞു. സത്യസന്ധമായ പല പരാതികളും ലഭിക്കുന്നുണ്ട്. എന്നാൽ അതോടൊപ്പം വ്യാജ പരാതികളും വരുന്നുണ്ട്. ഇത്തരം വ്യാജ പരാതികൾ നമ്മുടെ നിയമത്തെ ദുർബലപ്പെടുത്താൻ മാത്രമേ സഹായിക്കൂവെന്നും അവർ കൂട്ടിച്ചേർത്തു.
വ്യാജ പരാതികളെ കുറിച്ച് അന്വേഷിച്ചപ്പോൾ വ്യക്തമായ ഒരു കാര്യമുണ്ട്. പല വ്യാജ പരാതികളുടെയും ഉറവിടം നിയമത്തെ പറ്റി അവബോധമുള്ള സ്ത്രീകളാണ്. ജോലി സ്ഥലങ്ങൾ കേന്ദ്രീകരിച്ചും വ്യാജ പരാതികൾ എത്തുന്നു. പെൺകുട്ടികൾ ഭാരമാണെന്ന് കരുതുന്ന മനോഭാവമാണ് മാറേണ്ടത്. പെൺകുട്ടികൾ വീട്ടിൽ നിന്നാൽ എന്തോ അപകടമെന്ന് മട്ടിലാണ് രക്ഷിതാക്കൾ പ്രവർത്തിക്കുന്നതെന്നും ഷാഹിദ പറഞ്ഞു.
പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് വേണ്ടത്. പെൺകുട്ടികൾക്ക് 21 വയസ്സും ആൺകുട്ടികൾക്ക് 25 വയസ്സും വിവാഹപ്രായമാകണം. ഈ പ്രായത്തിലെ ഇവർക്ക് പക്വതയുണ്ടാകൂ. സ്വയം പ്രാപ്തരാകുന്ന ഘട്ടത്തിൽ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലതെന്നും അവർ അഭിപ്രായപ്പെട്ടു.
'ഞാൻ എന്റെ ജീവിതം നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും അല്ലെങ്കിൽ ഞാൻ ജീവിതത്തിൽ തോറ്റാലും കുഴപ്പമില്ല മറ്റുള്ളവരെ പാഠംപഠിപ്പിക്കണം എന്ന ഒരു ചിന്ത പല പെൺകുട്ടികളുടെയും മനസ്സിൽ ഉടലെടുക്കുന്നതായാണ് എനിക്ക് തോന്നുന്നത്. മാനസികപ്രശ്നമായി നമ്മൾ ഇത് കാണണം. സ്വന്തം ജീവൻബലിയർപ്പിച്ചുകൊണ്ടാകരുത് നിയമത്തിന് വേണ്ടി അല്ലെങ്കിൽ നീതിക്ക് വേണ്ടിയുള്ള പോരാട്ടം നടത്തേണ്ടതെന്നും' അവർ പറഞ്ഞു.