തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വരൻ താലി ചാർത്തിയതിന് ശേഷം ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ കൊല്ലാക്കൊല ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. ആ പെൺകുട്ടി കാമുകന്റെ കൂടെ പോയി സുഖിക്കുകയല്ല,വീട്ടിൽ തന്നെയുണ്ടെന്ന വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തക ഷാഹിന നഫീസ. സോഷ്യൽ മീഡിയയിലെ ഖാപ് പഞ്ചായത്ത് പിരിച്ചുവിടണമെന്ന അഭ്യർത്ഥനയോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. പെൺകുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തിനോടും, വരനോടും, സഹോദരിയോടും സംസാരിച്ച ശേഷമാണ് വിവരങ്ങൾ പങ്ക് വയ്ക്കുന്നതെന്ന് ഷാഹിന പറയുന്നു.

പെൺകുട്ടി പ്രണയത്തെ കുറിച്ച് വരനോട് നേരത്തെ പറഞ്ഞിരുന്നു. പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെൺകുട്ടിക്ക് . കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ .വരൻ എന്ന് പറയുന്ന ആ ആൺകുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂ. പ്രായത്തിന്റേതായ അപക്വതകൾ ഉണ്ടാകാമെന്ന് സൂചിപ്പിക്കുന്ന ഷാഹിന കുടുംബം വലിയ പ്രതിസസന്ധിയിലാണെന്നും മുന്നറിയിപ്പ് നൽകുന്നു.

പെൺകുട്ടിയും അവളുടെ അച്ഛനുമമ്മയും ഇത് വരെ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല .അറിഞ്ഞത് ശരിയാണെങ്കിൽ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കേണ്ട ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കുന്നില്ല . നാട്ടിൽ അവർ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ കാമുകൻ ഇപ്പോൾ എവിടെയാണ് എന്നറിയില്ല. ഭയന്ന് കാണും .ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരിൽ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്താൽ എല്ലാവർക്കും സന്തോഷമാകുമോ ? ക്ഷമയും സഹാനുഭൂതിയും കാണിക്കാൻ കഴിയില്ല എന്നറിയാം. ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണമെന്ന അഭ്യർത്ഥനയോടെയാണ് ഷാഹിന പോസ്റ്റ് അവസാനിപ്പിക്കുന്നത്.