തിരുവനന്തപുരം: സ്വവർഗരതി നിയമവിധേയമാക്കിയ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന വിധിയെ മുസ്ലിം സംഘടനകൾ ഒന്നിച്ച് എതിർക്കുന്നതിനെ ചോദ്യം ചെയ്യുകയാണ് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഷാഹിന നഫീസ. ഹാദിയക്ക് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ സുപ്രീം കോടതി വിധിച്ചത് ഇസ്ലാമിന്റെ മഹത്വത്തിൽ ആകൃഷ്ടരായിട്ടില്ല. അത് വ്യകതിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും സ്വകാര്യതയും അടിസ്ഥാനപരമായ പൗരാവകാശമായതുകൊണ്ടാണ്. ഹാദിയക്ക് കിട്ടിയതും ഇപ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിനായ ഹോമോസെക്ഷ്വൽ മനുഷ്യർക്ക് കിട്ടിയതും ഭരണഘടനയുടെ ഒരേ അവകാശങ്ങൾ തന്നെയാന്നെന്ന് ഷാഹിന ഫേസ്‌ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്...

ജമാഅത്തെ ഇസ്ലാമി , എപി -ഇ കെ സുന്നികൾ, പോപ്പുലർ ഫ്രണ്ട് സുടാപ്പി ടീംസ്, എങ്ങാനും വിട്ടു പോയിട്ടുള്ള മറ്റെല്ലാ സലഫികളോടും കൂടെ ഒരു കാര്യം പറയാം. ഇക്കാര്യം ഇപ്പോഴേ പറയാൻ പറ്റൂ. നിങ്ങളിങ്ങനെ കിളി പോയി നിൽക്കുന്ന സമയത്ത്. ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്ന സമയത്തൊക്കെ പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ്. അന്ന് പക്ഷേ എസ്ഡിപിഐ യെ വിമർശിക്കുന്നവരെയൊക്ക പിടിച്ചു ചാപ്പയടിക്കുന്ന തിരക്കിലായതോണ്ട് ഉത്തമൻസിന് ഒന്നും ശ്രദ്ധിക്കാൻ പറ്റിക്കാണില്ല .

സംഗതി ഇത്രയേ ഉള്ളൂ. ഇതാണ് നുമ്മ പറഞ്ഞ ഭരണഘടന. ഹാദിയക്ക് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനും മുസ്ലിമായി തന്നെ ജീവിക്കാനും മുസ്ലീമായ ഒരാളെ അവളുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും ഒക്കെ അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധിച്ചത് ഇസ്ലാമിന്റെ മഹത്വത്തിൽ ആകൃഷ്ടരായിട്ടല്ല . വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും അടിസ്ഥാനപരമായ പൗരാവകാശമാണ് എന്ന് അംഗീകരിക്കുന്ന ലിബറൽ ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായാണ് ഈ ഭരണഘടന പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണ് അത് . അതേ കാരണം കൊണ്ടാണ് സെക്ഷൻ 377 എടുത്തു കളഞ്ഞ് ,സ്വവർഗ പ്രണയം ക്രിമിനൽ കുറ്റമല്ലാതാക്കിയതും. അതായത് ഹാദിയക്ക് കിട്ടിയതും ഇപ്പോൾ ഇന്ത്യയിലെ ലക്ഷക്കണക്കിനായ ഹോമോസെക്ഷ്വൽ മനുഷ്യർക്ക് കിട്ടിയതും ഭരണഘടനയുടെ ഒരേ അവകാശങ്ങൾ തന്നെയാണ് എന്നർത്ഥം . പിന്നെ , നിങ്ങളീ പൊക്കിപ്പിടിച്ചു നടക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 25 ഉണ്ടല്ലോ, മതസ്വാതന്ത്ര്യം. അത് ഒരു മതസങ്കൽപ്പമല്ല, മറിച്ച്, ഒരു മതേതര ലിബറൽ ജനാധിപത്യമൂല്യമാണ്. ഒരു മതരാഷ്ട്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത ഒന്ന്. ഇപ്പോൾ സുപ്രീം കോടതി ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് നൽകിയ ഈ സംരക്ഷണം ഉണ്ടല്ലോ, അത് ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിൽ കാലങ്ങളായി നിങ്ങൾ അനുഭവിച്ചു പോരുന്നതാണ്. ആർട്ടിക്കിൾ 30 അടക്കം .(ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അവകാശം ).

നിങ്ങൾ അനുശാസിക്കുന്ന മൊറാലിറ്റിയല്ല,അത്ക്കു മേലെയാണ് കോൺസ്റ്റിറ്റുഷനൽ മൊറാലിറ്റി എന്നാണ് സുപ്രീം കോടതി ഇപ്പോൾ പറഞ്ഞത് . ഹാദിയയുടെ കേസിലും സുപ്രീം കോടതി അത് തന്നെയാണ് പറഞ്ഞത് . ബീഫ് തിന്നുന്നതുകൊണ്ട് പശുസംരക്ഷണക്കാരാൽ തല്ലിക്കൊല്ലപ്പെടാതിരിക്കാൻ നിങ്ങൾക്കുള്ള അതേ അവകാശമാണ്,സ്വന്തം ലൈംഗികസ്വത്വത്തിനനുസരിച്ച് ജീവിക്കുന്നതിന്റെ പേരിൽ നിങ്ങളാൽ ആക്രമിക്കപ്പെടാതിരിക്കാൻ ലിംഗലൈംഗിക ന്യൂനപക്ഷങ്ങൾക്കും ഉള്ളത് . നിങ്ങളുടെ മതം ഇതിനൊക്ക എതിരാണ് എന്നല്ലേ ,ഓ ,ആയ്ക്കോട്ടെ നിങ്ങൾ പോയി സമരം ചെയ്തോളൂ. പക്ഷേ സ്വവർഗലൈംഗികത ക്രിമിനൽ കുറ്റമായി നിലനിർത്തണം എന്ന ആ ആവശ്യമുണ്ടല്ലോ .അതങ്ങു കയ്യിൽ തന്നെ വച്ചാൽ മതി . ഞങ്ങക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നവരെയൊക്ക കുറ്റവാളികളായി കണക്കാക്കണം എന്നല്ലേ, ഇസ്ലാമിക രാജ്യം വരട്ടെ.അപ്പൊ നോക്കാം .

എല്ലാവർക്കും പടച്ചോന്റെ ഹിദായത്ത് ലഭിക്കുമാറാകട്ടെ. ഭരണഘടനയുടേയും .