മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് രണ്ട് കളിക്കാരെ കൂടി സ്റ്റാൻഡ് ബൈ താരങ്ങളായി ഉൾപ്പെടുത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തമിഴ്‌നാടിനായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ഷാരൂഖ് ഖാൻ, ഇടം കൈയൻ സ്പിന്നർ സായ് കിഷോർ എന്നിവരെയാണ് സ്റ്റാൻഡ് ബൈ താരങ്ങളായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്.

ഫെബ്രുവരി ആറ് മുതലാണ് വിൻഡീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ചാണ് രണ്ട് കളിക്കാരെ കൂടി സ്റ്റാൻഡ് ബൈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്. ഇന്ത്യൻ താരങ്ങൾക്കൊപ്പം ബയോ ബബ്ബിളിൽ പ്രവേശിക്കുന്ന ഷാരൂഖ് ഖാനും സായ് കിഷോറും പരമ്പര കഴിയുന്നതുവരെ ടീമിനൊപ്പം തുടരും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് പരമ്പരയുടെ വേദികൾ ചുരുക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടീമിൽ കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തിയത്. ഇടംകയ്യൻ സ്പിന്നറായ സായ് കിഷോറിന്റെ സേവനം നെറ്റ്‌സിൽക്കൂടി ഉപയോഗിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

കളിക്കാരിൽ ആർക്കെങ്കിലും കോവിഡ് പിടിപെട്ടാൽ അടിയന്തിര സാഹചര്യത്തിൽ ഇവരെ ടീമിലുൾപ്പെടുത്തുമെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞു. സായ് കിഷോർ ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ സ്റ്റാൻഡ് ബൈ താരമായി ടീമിലെത്തുന്നത്. ഈ വർഷം ശ്രീലങ്കയിൽ ഏകദിന, ടി20 പരമ്പര കളിച്ച ഇന്ത്യയുടെ രണ്ടാം നിര ടീമിനൊപ്പം റിസർവ് താരമായി സായ് കിഷോർ പങ്കെടുത്തിരുന്നു.

മുഷ്താഖ് അലി ട്വന്റി 20 ഫൈനലിൽ കർണാടകക്കെതിരെ അവസാന പന്തിൽ സിക്‌സ് അടിച്ച് തമിഴ്‌നാടിന് കിരീടം സമ്മാനിച്ച ബാറ്ററാണ് ഷാരൂഖ് ഖാൻ. ഫൈനലിൽ സായ് കിഷോർ മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റ് ക്വാർട്ടറിൽ കർണാടകക്കെതിരെ 39 പന്തിൽ 79 റൺസടിച്ചും ഷാരൂഖ് തിളങ്ങിയിരുന്നു. വിജയ് ഹസാരെ ഫൈനലിൽ ഷാരൂഖ് ഖാൻ 21 പന്തിൽ 41 റൺസടിച്ചിരുന്നു.

നേരത്തെ, വിൻഡീസിനെതിരായ പരമ്പരയ്ക്കായി രോഹിത് ശർമയുടെ നേതൃത്വത്തിൽ 18 അംഗ ഏകദിന ടീമിനെയും 18 അംഗ ട്വന്റി20 ടീമിനെയും പ്രഖ്യാപിച്ചിരുന്നു. കെ.എൽ. രാഹുലാണ് ഇരു ടീമുകളുടെയും ഉപനായകൻ. ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയെ ഇരു ടീമുകളിലും ഉൾപ്പെടുത്തിയ സിലക്ടർമാർ ദീപക് ഹൂഡയെയും തിരിച്ചുവിളിച്ചിട്ടുണ്ട്.