- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓട്ടോ ഓടിച്ചും ലോറി ക്ലീനറുമായ മകന് വിസ ശരിയാക്കിയത് ഗൾഫിൽ എല്ലുമുറിയെ പണിയെടുത്ത സമ്പാദ്യം സ്വരുക്കൂട്ടി; സീസിങ് ജോസുമായി ചേർന്ന് പുത്തൻപണക്കാരൻ മാഫിയാ തലവനായി; സ്റ്റാർ വൺ ഗ്രൂപ്പ് ക്വട്ടേഷൻ സംഘവും; താങ്ങും തണലുമായി ഭാര്യയും; എല്ലാം കണ്ടും കേട്ടും വേദനയിൽ ഷൈബിന്റെ ഉമ്മ; നിലമ്പൂരിലെ ക്രൂരത വളർന്നത് കുശാഗ്ര ബുദ്ധിയിൽ
മലപ്പുറം: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ശെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്‌റഫ്(35) എന്ന തന്റെ മകൻ 350കോടിയുടെ സാമ്രാജ്യം പണിതപ്പോൾ സന്തോഷിച്ച മാതാവിപ്പോൾ മകനെയോർത്ത് വിഷമത്തിൽ. മകനെ ആദ്യമായി ജോലിക്കു ഗൾഫിലേക്കു കൊണ്ടുപോയത് മാതാവാണ്. മകൻ ലോറി ഡ്രൈവറായും, അതോടൊപ്പം ഓട്ടോ ഓടിച്ചും ലഭിക്കുന്ന പണം ഒന്നിനും തികയാതെ വന്നതോടെയാണു മാതാവ് വർഷങ്ങൾക്കു മുമ്പു ഗൾഫിലേക്കു തൊഴിൽതേടിപോയത്. തുടർന്നു മകനുംഒരു വിസ ശരിയാക്കി നൽകി കൊണ്ടുപോയി. ഗൾഫിലായിരുന്നെങ്കിലും മാതാവിന് തുച്ഛമായ വരുമാനം മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഒരുവർഷത്തെ സമ്പാദ്യം സ്വരുക്കൂട്ടിവച്ചാണ് ഇവർ ഷൈബിനു വിസ ശരിയാക്കി നൽകിയത്.
നാട്ടിൽ ലഭിച്ചിരുന്ന തുച്ഛമായ വരുമാനംകൊണ്ടു കഷ്ടപ്പെട്ടു ജീവിച്ചിരുന്ന ഷൈബിനു ചെറുപ്പം മുതലെ പണക്കാരനാകണമെന്നുള്ള വലിയ ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ആദ്യകാല സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിൽ പലപ്പോഴും പറഞ്ഞിരുന്നു. തുടർന്നു സാധാരണ ജോലിക്കായി ഗൾഫിലെത്തി അവസാനം 350കോടി രൂപയുടെ സാമ്രാജ്യം രതന്നെ ഷൈബിൻ കെട്ടിപ്പടുത്തു. മകൻ വലിയ രീതിയിൽ സമ്പാദിക്കാൻ തുടങ്ങിയതോടെ മാതാവ് നാട്ടിലേക്കുപോന്നു. കോഴിക്കോടു താമസിക്കുന്ന മകളുടെ വീട്ടിലാണു നിലവിലുള്ളത്. ഷൈബിനും ഭാര്യ ഫസ്നയുമെല്ലാം കേസിൽ അറസ്റ്റിലായ വിവരങ്ങൾ ഇവർ അറിയുന്നുണ്ട്. എന്നാൽ കേസുമായി മതാവിന് ബന്ധമില്ലെന്നും ഇവർ വാർധക്യം വന്നു ഇവിടെ വിശ്രമത്തിലാണെന്നുമാണു പൊലീസിന്റെ നിലപാട്. മകൻ 350കോടിയുടെ സാമ്രാജ്യം പണിതപ്പോൾ സന്തോഷിച്ച മാതാവിപ്പോൾ മകനെയോർത്ത് വിഷമത്തിലാണ്. ഭാര്യ ഫസ്‌ന എല്ലാത്തിനും ഷൈബിനൊപ്പം നിന്നു.
നിലമ്പൂരിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച ഷൈബിനെ പിതാവ് ചെറുപ്പത്തിൽ നിലമ്പൂരിൽനിന്ന് മാതാവിന്റെ നാടായ വയനാട്ടിലേക്കു കൊണ്ടുപോയി. തിരികെയെത്തിയ ഷൈബിൻ 2005-ൽ വിദേശത്തു ജോലിക്കുപോകുമ്പോഴും സാമ്പത്തികനില മെച്ചമായിരുന്നില്ല. ആറേഴുവർഷം കഴിഞ്ഞപ്പോഴാണ് സ്ഥിതിയാകെ മാറിയത്. 2013-ൽ മടങ്ങിയെത്തി നിലമ്പൂർ മുക്കട്ടയിൽ വീട് വാങ്ങി. നാട്ടുകാരുമായി വലിയ ചങ്ങാത്തത്തിന് ഷൈബിൻ പോയിരുന്നില്ല. ഏതാനും സുഹൃത്തുക്കൾ മാത്രമേ നിലമ്പൂരിലുണ്ടായിരുന്നുള്ളൂ. അടുത്തകാലത്ത് വിദേശത്തെ ബിസിനസ് തകർന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഷൈബിനെന്ന് അടുപ്പക്കാർ പറയുന്നു. നിലമ്പൂരിലുണ്ടായിരുന്ന സ്ഥലത്തിന്റെ പകുതിയോളം വിറ്റു. കബഡികളി തർക്കത്തെത്തുടർന്ന് വയനാട്ടിലുള്ള ഒരാളെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നിലമ്പൂരിൽ ഏറെനാൾ ഒളിവിൽ കഴിയുകയും ചെയ്തിരുന്നു.
ഷൈബിനും പ്രവാസ ജീവിതത്തിന് തുടക്കമിട്ടതോടെ പിന്നീടുള്ള വളർച്ച അതിവേഗമായിരുന്നു. മൈതാനിക്കുന്നിലെ കുടിലിൽനിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലേയും മാന്തുണ്ടിക്കുന്നിലേയും വലിയ വാടക വീടുകളിലേക്ക് കുടുംബം ആദ്യം താമസം മാറി. ഗൾഫിൽനിന്നും പണമൊഴുകിത്തുടങ്ങിയതോടെ ഏഴ് വർഷം മുമ്പ് ബത്തേരി പുത്തൻകുന്നിൽ ഊട്ടി റോഡിൽ ആഡംബര വസതിയുടെ നിർമ്മാണം ആരംഭിച്ചു. 20,000 ചതുരശ്രയടിക്കടുത്ത് വിസ്തീർണമുള്ള ഈ വീടിന്റെ നിർമ്മാണം പത്തുവർഷമാകാറായിട്ടും പൂർത്തിയായിട്ടില്ല. 20 കോടിയിലേറെ രൂപയാണ് വീടിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇടക്കാലത്ത് കെട്ടിടത്തിന്റെ പണികൾ നിലച്ചുപോയിരുന്നെങ്കിലും അടുത്തിടെ പുനരാരംഭിച്ചിരുന്നു. എണ്ണവ്യാപാരമടക്കമുള്ള ഒട്ടേറെ സംരംഭങ്ങൾ ഗൾഫിലുണ്ടെന്നാണ് ഷൈബിൻ നാട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നത്.
പണക്കൊഴുപ്പിൽ നാട്ടിലെ യുവാക്കളെ ഒപ്പംകൂട്ടി ഒരുസംഘം തന്നെ ഷൈബിൻ രൂപീകരിച്ചിരുന്നു. ഇതിൽ ചിലരെ ഷൈബിൻ ഗൾഫിലേക്ക് കൊണ്ടുപോയിരുന്നു. ഗൾഫിൽനിന്നും ഇടയ്ക്കിടെ നാട്ടിലെത്തുന്ന ഷൈബിൻ, ആഡംബരവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ അകമ്പടിവാഹനങ്ങളിൽ ഈ ചെറുപ്പക്കാർ അംഗരക്ഷകരെന്നപോലെ കൂടെയുണ്ടാകുമായിരുന്നു. 2014-15 കാലങ്ങളിൽ ബത്തേരി മേഖലയിൽനിന്ന് ഒട്ടേറെ ചെറുപ്പക്കാരെ ഷൈബിൻ ഗൾഫിലേക്ക് ജോലിക്കായി കൊണ്ടുപോയിരുന്നു. കൈപ്പഞ്ചേരി, റഹ്‌മത്ത് നഗർ എന്നിവിടങ്ങളിലുള്ള ചെറുപ്പക്കാരായിരുന്നു ഇതിലധികവും. 2018-19 വർഷത്തോടെ ഇതിൽ പലരും നാട്ടിലേക്ക് തിരിച്ചെത്തി.
ബത്തേരി പൊലീസിന്റെ ഗുണ്ടാപട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായി അടിപിടികളിലൂടെ ഷൈബിൻ ക്വട്ടേഷൻ ബന്ധങ്ങളും തുടങ്ങി. സംഘത്തിലുള്ളവരെ പല ബിസിനസുകളും ഏൽപ്പിച്ചു. അക്കാലത്തുതന്നെ സംഘാഗങ്ങളിൽ പലരും ഷൈബിനെതിരേ തിരിഞ്ഞുതുടങ്ങി. എതിർ ശബ്ദങ്ങളെ അനായാസം അടിച്ചമർത്താൻ ഷൈബിനിലെ കുശാഗ്രബുദ്ധിക്കാരന് കഴിഞ്ഞു. അതിനിടെ ഷൈബിന് വൃക്കരോഗം അലട്ടിതുടങ്ങി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രികയയ്ക്ക് ശേഷം ബിസിനസിൽ സജീവമായപ്പോഴാണ് അബുദാബിയിൽ കേസിൽപ്പെടുന്നത്. രണ്ടു വർഷത്തോളം അവിടെ ജയിലിൽ കഴിഞ്ഞു. കേസിൽ കുടുങ്ങിയതോടെയാണ് വയനാട്ടിലെ വീടുപണി നിലച്ചത്. പിന്നീട് ജയിൽവിട്ട് കേരളത്തിലെത്തിയ ഷൈബിൻ ഏഴുവഷം മുമ്പ് നിലമ്പൂരിൽ രണ്ട് കോടിയുടെ വീട് വാങ്ങി താമസം തുടങ്ങി. ഇക്കാലയളവിൽ ഷൈബിന് വേണ്ടി നടത്തിയ കുറ്റകൃത്യങ്ങളെല്ലാം സംഘാംഗങ്ങൾ വെളിപ്പെടുത്തിയതോടെയാണ് ഒടുവിൽ കുടുങ്ങിയത്.
ഷൈബിന്റെ സ്റ്റാർ വൺ ഗ്രൂപ്പ് എന്ന പേരിലുള്ള വ്യാപാരശൃംഖല ഒരു ക്വട്ടേഷൻ സംഘത്തെപ്പോലെയാണ് പ്രവർത്തിച്ചിരുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. എതിർക്കുന്നവരെയും ശത്രുതയുള്ളവരെയും ഷൈബിന്റെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോകുകയും മർദിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ആക്രമണത്തിനിരയായവർ പൊലീസിൽ പരാതിനൽകുകയും മാധ്യമങ്ങൾക്കുമുമ്പിൽ വെളിപ്പെടുത്തൽ നടത്തുകയും ചെയ്‌തെങ്കിലും ഫലമൊന്നുമുണ്ടായില്ല. അതെല്ലാം സ്വാധീനവും പണവുമുപയോഗിച്ച് തേച്ചുമാച്ചുകളയുകയാണുണ്ടായത്. ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി പണം നൽകുന്നതിനാൽ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരുമെല്ലാമായി ഷൈബിന് അടുത്തബന്ധമുണ്ട്. ഇതെല്ലാം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുണ്ട്. ഏതാനും വർഷംമുമ്പാണ് നിലമ്പൂർ മുക്കട്ടയിൽ ഷൈബിൻ വീടുവാങ്ങി താമസം മാറിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്