തിരുവനന്തപുരം: ദേശീയ സിദ്ധ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവ്വഹിച്ചു. കോവിഡ് രോഗപ്രതിരോധത്തിന് സിദ്ധവൈദ്യത്തെ സംസ്ഥാനം പ്രയോജനപ്പെടുത്തിയെന്നും അതുവഴി ജനങ്ങളുടെ രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. സിദ്ധയുടെ വികസനത്തിന് നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് സർക്കാർഔഷധ നിർമ്മാണ സ്ഥാപനമായ ഔഷധി സിദ്ധ ഔഷധ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും അത് കൂടുതൽ വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് ഡയറക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ അധ്യക്ഷതവഹിച്ചു. അത്മാർത്ഥതയോടും കൃത്യതയോടും ആർദ്രതയോടുംകൂടി
ജനങ്ങളുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ ഇടപെടാൻ മുഴുവൻ ഡോക്ടർമാരും തയ്യാറാകണമെന്ന് ഡോക്ടർ ദിവ്യ എസ് അയ്യർ അഭ്യർത്ഥിച്ചു. സിദ്ധ ദിനാചരണത്തിൽ ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോക്ടർ പ്രിയ കെ എസ്, ഔഷധി മാനേജിങ് ഡയറക്ടർ ഉത്തമൻ ഐഎഫ്എസ്, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോക്ടർഎം. എൻ വിജയാംബിക, പി. സി ഒ ഡോക്ടർ സുനിൽ രാജ്,സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോക്ടർ ഹൃദീക് , നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഹോമിയോ) ഡോക്ടർ ജയനാരായണൻ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ( ഐ. എസ്. എം ) ഡോക്ടർ സുഭാഷ്, ഡോക്ടർ വിജയകുമാർ എന്നിവർ സംസാരിച്ചു.ചെന്നൈ സവിത മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം പ്രൊഫസർ ഡോക്ടർ ബാലരാമ കൈമൾ സിദ്ധ ദിന പ്രഭാഷണം നടത്തി.