തിരുവനന്തപുരം: ഡിസംബർ 14 മുതൽ 17 വരെ അഹമ്മദാബാദിൽ വച്ച് നടക്കുന്ന എട്ടാമത് വേൾഡ് ആയുർവേദ കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടിയിൽ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പങ്കെടുത്തത് കേന്ദ്ര സർക്കാറിന്റെ ആഭിമുഖ്യത്തിലുള്ള പരിപാടിയായതിനാലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് പറഞ്ഞത് പച്ചക്കള്ളം. ശൈലജ ടീച്ചർ പങ്കെടുത്തത് സംഘപരിവാർ പരിപാടിയിലാണെന്ന് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. ആർഎസ്എസ് സംഘടന നടത്തിയ പരിപാടിയെ കേന്ദ്ര സർക്കാർ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. വിജ്ഞാൻ ഭാരതിയുടെ ഈ ആയുർവേദ കോൺഗ്രസിനെതിരെ നിരന്തരം നിലപാട് എടുത്തിരുന്നത് സിപിഎം മുഖപത്രമായ ദേശാഭിമാനിയാണ്. മാനവരാശിക്ക് ലഭിച്ച വരദാനമായ ആയുർവേദത്തെ മതവേഷം അണിയിച്ച് അന്താരാഷ്ട്ര കുത്തകയ്ക്ക് അടിയറവ് വയ്ക്കാനുള്ള നീക്കമെന്നാണ് ദേശാഭിമാനി ഈ പരിപാടിയെ വിലയിരുത്തിയിരുന്നത്. 2002ൽ തന്നെ ഇതിനെതിരെ ദേശാഭിമാനി മുഖപ്രസംഗവും എഴുതി. ഇതോടെ ശൈലജ ടീച്ചർ സംഘപരിവാർ പരിപാടിയിലാണ് പങ്കെടുത്തതെന്ന് സ്ഥിരീകരണവും എത്തുകയാണ്.

ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ആർഎസ്എസ് പരിവാർ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തത് വിവാദമായിരുന്നു.. ആർ.എസ്.എസിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാൻ ഭാരതി നടത്തുന്ന വേൾഡ് ആയുർവേദ കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി കെ.കെ. ശൈലജ മുഖ്യാതിഥിയായി പങ്കെടുത്തത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരെ വിജ്ഞാൻ ഭാരതി ക്ഷണിച്ചിരുന്നെങ്കിലും അവരാരും ചടങ്ങിനെത്തിയിരുന്നില്ല. മന്ത്രി ഷൈലജ പങ്കെടുക്കുന്ന ഈ പരിപാടിക്കായി വരുന്ന ചെലവുകൾ സംസ്ഥാന സർക്കാരാണ് വഹിച്ചതും. 

മുമ്പ് തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങിനായി ഗുജറാത്തിൽ പോയ മന്ത്രി ഷിബു ബേബിജോൺ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ സന്ദർശിച്ചതിനെ എൽ.ഡി.എഫ് വിമർശിച്ചിരുന്നു. ഇതെല്ലാം ഉയർത്തിയാണ് കേരളത്തിലും ശൈലജ ടീച്ചർക്കെതിരെ വിമർശനമുയർന്നത്. ഇതോടെയാണ് തൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തില്ലെന്ന വിശദീകരണം മന്ത്രി ഇറക്കിപ്പിച്ചത്. ഇതു വെറും പുകമറ മാത്രമായിരുന്നു. കേന്ദ്ര ആയുഷ് വകുപ്പിന്റേയും സി.സി.ആർ.എ.എസിന്റേയും നേതൃത്വത്തിൽ നടന്നുവരുന്ന പരിപാടിയാണ് വേൾഡ് ആയുർവേദ കോൺഗ്രസ് എന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ദേശാഭിമാനിയുടെ മുൻകാല വാർത്തകൾ പോലും ഇത് തള്ളിക്കളയുന്നതാണ്.

എന്നാൽ അഹമ്മദാബാദിൽ നടന്ന വിജ്ഞാൻ ഭാരതിയുടെ വേൾഡ് ആയുർവേദ കോൺഗ്രസിൽ പങ്കെടുത്തതിനെ ന്യായീകരിക്കാൻ ആരോഗ്യമന്ത്രി ഉയർത്തുന്ന വാദങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്. തികച്ചും കേന്ദ്രസർക്കാരിന്റെ പരിപാടിയായിരുന്നെങ്കിൽ സിംഹപ്പുറത്ത് ഭാരതമാതാവ് ഇരിക്കുന്ന ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തത് നടക്കുമായിരുന്നോ എന്ന് മന്ത്രി വ്യക്തമാക്കണമെന്നാണ് ഉയരുന്ന ചോദ്യം. അവർ ഒട്ടനവധി കേന്ദ്രസർക്കാർ പരിപാടികളിൽ പങ്കെടുത്തതാണല്ലേ. ആരോഗ്യ - ശാസ്ത്ര സാങ്കേതിക രംഗത്ത് ആർ.എസ്. എസ് സ്വാധീനം വർദ്ധിപ്പിക്കാൻ രൂപീകരിച്ച വിജ്ഞാൻ ഭാരതിയാണ് 2002 മുതൽ വേൾഡ് ആയുർവേദ കോൺഗ്രസ് നടത്തുന്നത്.

വിശ്വഹിന്ദുപരിഷത്, എ.ബി.വി.പി, ബി.എം.എസ് , സേവാഭാരതി, വിദ്യാഭാരതി , പ്രജ്ഞാ ഭാരതി തുടങ്ങിയ സംഘടനകൾ പോലെ ആർ.എസ്. എസ് പരിവാർ സംഘടനയാണ് വിജ്ഞാൻ ഭാരതിയും. രണ്ട് വർഷം കൂടുമ്പോഴാണ് വേൾഡ് ആയുർവേദ കോൺഗ്രസ് നടത്തുന്നത് . തങ്ങളുടെ പരിപാടി വിജയിപ്പിക്കാനായി അവർ കേന്ദ്രസർക്കാരിനെയും സംസ്ഥാന സർക്കാരിനെയും പേരിന് പങ്കാളികളാക്കുകയായിരുന്ന പതിവ്. പരിപാടിയുടെ കമ്മിറ്റിയുടെ ഭാരവാഹികളായി സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്താറുണ്ടെന്നത് ശരിയാണ്.

2002ൽ കൊച്ചിയിൽ ആദ്യമായി പരിപാടി നടത്തിയപ്പോൾ ഇത് ഹിന്ദുവർഗീയ വാദികളുടെ പരിപാടിയാണെന്ന കാരണത്താൽ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടത് സി.പി എം അദ്ധ്യാപക - വിദ്യാർത്ഥിസംഘടനകളാണ്. 2016ൽ കൊൽക്കത്തയിൽ നടത്തിയപ്പോഴും സംഘാടകരുടെ പട്ടികയിൽ കേന്ദ്രസർക്കാർ മാത്രമേ ഉണ്ടായിരുന്നു. പശ്ചിമ ബംഗാൾ സർക്കാർ ഉണ്ടായിരുന്നില്ല. ഇത്തവണ അഹമ്മദാബാദിലെ പരിപാടിയിലേക്കുള്ള പ്രബന്ധങ്ങളും മറ്റ് കത്തിടപാടുകളും ബാംഗ്ലൂരിലുള്ള വേൾഡ് ആയുർവേദ ഫൗണ്ടേഷന്റെ ഓഫീസിലേക്കയക്കാനാണ് പരിപാടിയുടെ വെബ് സൈറ്റ്‌നിർദ്ദേശിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഏതെങ്കിലും ഓഫീസിലേക്കയാക്കാനല്ല നിർദ്ദേശിച്ചത്.

വിജ്ഞാൻ ഭാരതി ആർ.എസ്. എസ് സംഘടനയാണ് എന്നതിനുള്ള ഏറ്റവും വലിയ തെളിവ് പൂണെയിൽ നിന്നുള്ള ആർ.എസ്. എസ് പ്രചാരകനായ ജയന്ത് സഹസ്രബുദ്ധേയാണ് ഇതിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എന്നതാണ്. വേൾഡ് ആയുർവേദ കോൺഗ്രസ് നടത്തുന്നത് വേൾഡ് ആയുർവേദ ഫൗണ്ടേഷനാണെന്നും കേന്ദ്രസർക്കാർ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും വ്യക്തമാക്കുന്ന സംസ്ഥാന ആയുഷ് വകുപ്പിന്റെ ഉത്തരവും ഉണ്ട്. ഫൗണ്ടേഷൻ ട്രഷററും ട്രസ്റ്രിയുമായ ഡോ. സുനിൽകുമാറിന്റെ കത്ത് പ്രകാരമാണ് സർക്കാർ പ്രതിനിധികളെ അയക്കുന്നതെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു സംഘടനയുടെ പരിപാടിയിലാണ് ശൈലജ പങ്കെടുക്കാനെത്തിയത്. അതുകൊണ്ട് തന്നെ പിണറായി മന്ത്രിസഭയിലെ പ്രമുഖ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തുവെന്നത് വസ്തുതയുമാണ്.

ബിജെപി കേന്ദ്രത്തിൽ അധികാരത്തിലുള്ളപ്പോഴാണ് ആദ്യ കോൺഗ്രസ് കൊച്ചിയിൽ നടത്തിയത്. 2012 മുതൽ അവർ വേൾഡ് ആയുർവേദ ഫൗണ്ടേഷന്റെ പേരിലാണ് ഇത് നടത്തുന്നത്. ഈ ഫൗണ്ടേഷൻ വിജ്ഞാൻ ഭാരതി തന്നെ രൂപീകരിച്ചതാണ്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും പരിപാടിയുടെ ചെലവിലേക്കായി നിശ്ചിത തുക ഇവർക്ക് നൽകും. മറ്റ് സംഘടനകൾക്കും സ്‌പോൺഷർ ഷിപ്പിലൂടെ സർക്കാർ ഇങ്ങനെ തുക നൽകാറുണ്ട്. ബാക്കി തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നതും സംഘാടകരാണ്. അതിന് അവർ കേന്ദ്ര സർക്കാരിനോട് കണക്കുപറയേണ്ടതില്ല.

2012 ൽ മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ വേൾഡ് ആയുർവേദ കോൺഗ്രസ് നടത്തിയപ്പോൾ അന്ന് യു.പി എ സർക്കാർ ഇതിന്റെ സംഘാടകരിലുണ്ടായിന്നില്ല എന്ന് ഇവരുടെ വെബ് സൈറ്റ് പറയുന്നു. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മദ്ധ്യപ്രദേശ് സർക്കാർ മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. ഇത്തരമൊരു പരിപാടിയിലാണ് ഇടതു പക്ഷ മന്ത്രിയായ ശൈലജ എത്തിയത്. 2002ൽ കൊച്ചിയിൽ ഇത് നടക്കുമ്പോൾ കടന്നാക്രമണമാണ് ദേശാഭിമാനി നടത്തിയത്. എഡിറ്റോറിയൽ പോലും എഴുതി. ആയുർവേദ കോൺഗ്രസ് ഒരു അപകട മുന്നറിയിപ്പ് എന്നായിരുന്നു 2002ലെ ദേശാഭിമാനം ലേഖനം.

ആയുർവേദം ഹിന്ദുവിനും ഹൈന്ദവ സംസ്‌കാരത്തിനും സ്വന്തം എന്ന് വരുത്തി തീർക്കാനുള്ള സങ്കുചിതമായ ചിന്തയാണ് ആയുർവേദ കോൺഗ്രസ് എന്നായിരുന്നു 2002ലെ ദേശാഭിമാനി എഡിറ്റോറിയൽ. അന്ന് വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തു. അത്തരത്തിലൊരു പരിപാടിക്കാണ് ശൈലജ ടീച്ചർ പങ്കെടുത്തത്. അതുകൊണ്ട് തന്നെ ടീച്ചർ പരിവാർ പരിപാടിയിൽ പങ്കെടുത്തുവെന്ന് ഉറപ്പിക്കാം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയുഷ് വകുപ്പ് പ്രതിനിധികളേയും സ്ഥാപനങ്ങളേയും ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള വിദഗ്ധരേയും പങ്കെടുപ്പിച്ചുകൊണ്ടാണ് ആയുർവേദ കോൺഗ്രസ് സംഘടിപ്പിച്ചു വരുന്നത്.

2002ലാണ് ഇത്തരത്തിലൊരു ആയുർവേദ കോൺഗ്രസ് ആദ്യമായി സംഘടിപ്പിക്കുന്നതിന് സർക്കാർ തീരുമാനിച്ചത്. കേരളത്തിൽ വച്ചാണ് ആദ്യത്തെ വേൾഡ് ആയുർവേദ കോൺഗ്രസ് നടന്നത്. അന്നത്തെ കേന്ദ്രമന്ത്രി ശത്രുഹ്നൻ സിൻഹ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയും അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുകയും ചെയ്തു. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ദേശാഭിമാനി ഉയർത്തിയത്. ആയുർവേദത്തിന്റെ സ്വന്തം നാട് എന്ന നിലയിലാണ് കേരളത്തിൽ ആദ്യ പതിപ്പ് നടന്നത്.

കേന്ദ്ര ആയുഷ് ഡിപ്പാർട്ടുമെന്റും ഏത് സംസ്ഥാനത്താണോ വേൾഡ് ആയുർവേദ കോൺഗ്രസ് നടക്കുന്നത് ആ സംസ്ഥാനത്തിലെ ആയുഷ് ഡിപ്പാർട്ടുമെന്റും ചേർന്നാണ് പരിപാടി നടത്തുന്നതെന്ന മന്ത്രിയുടെ വാദവും തെറ്റാണ്. സി.സി.ആർ.എ.എസിന്റെ നേതൃത്വത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നതുന്നതും പച്ചക്കളമാണ്. ഉദ്ഘാടന പരിപാടിയിൽ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായികും ആയുഷ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. ആർഎസ്എസ് പരിപാടിയാതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്.