- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങൾ സിപിഎമ്മുകാർ..ഷാജഹാന്റെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യം': രണ്ടാം പ്രതി അനീഷിന്റെ പ്രതികരണം വന്നതോടെ വെട്ടിലായത് സിപിഎം; പ്രതികൾ പാർട്ടി കുടുംബത്തിൽ പെട്ടവരെന്ന് സമ്മതിച്ച് എൻ എൻ കൃഷ്ണദാസ്
പാലക്കാട്: പാലക്കാട് മരുതറോഡിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും, ബ്രാഞ്ച് സെക്രട്ടറിയുമായ എസ്.ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ സിപിഎമ്മുകാരെന്ന് വെളിപ്പെടുത്തൽ. തങ്ങൾ സിപിഎമ്മുകാരാണെന്ന് കേസിലെ രണ്ടാം പ്രതി അനീഷ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി പറഞ്ഞു. പാലക്കാട് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു അനീഷിന്റെ പ്രതികരണം.
കേസിൽ പ്രതികളായ നാല് പേരെ റിമാൻഡ് ചെയ്തു. നവീൻ (28), ശബരീഷ് (30), അനീഷ് (29), സുജീഷ് (27)എന്നിവരെയാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം, കേസിൽ കൊട്ടേക്കാട് സ്വദേശികളായ നാലുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് ആയുധം എത്തിച്ച നാലുപേർ കസ്റ്റഡിയിലായി. ബിജെപി അനുഭാവികളായ 8 പേർ രാഷ്ട്രീയ വിരോധത്താൽ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയതെങ്കിലും പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലമാണെന്ന പൊലീസിന്റെ കണ്ടെത്തലിൽ കടുത്ത അതൃപ്തിയിലാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയത് എന്ന പൊലീസ് ഭാഷ്യവും സിപിഎം തള്ളുന്നു.
പ്രതികളുമായി ബന്ധപ്പെട്ട്, 'ശ്രീകൃഷ്ണ ജയന്തി ബോർഡ് വയ്ക്കൽ, രക്ഷബന്ധൻ പരിപാടി കഴിഞ്ഞു വന്നു. രാഖി ഉണ്ടായിരുന്നു' എന്നെല്ലാമാണ് പൊലീസ് വിശദീകരിച്ചത്. ഇതൊക്കെ ആർഎസ്എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ചോദിക്കുന്നു. 'കൊലപാതകത്തിന് ആർഎസ്എസിന്റെ സഹായം പ്രതികൾക്ക് കിട്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയത്. പ്രതികൾക്ക് ആർഎസ്എസ് ബന്ധമാണുള്ളതെന്നും വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സിപിഎം ചോദിക്കുന്നു.
കൊലപാതകത്തിനുശേഷം എന്താണ് പറയേണ്ടതെന്നു വരെ അക്രമികളെ ആർഎസ്എസ് പറഞ്ഞു പഠിപ്പിച്ചിരിക്കുകയാണെന്ന് എൻ എൻ കൃഷ്ണദാസ് ആരോപിച്ചു. കൊലക്കത്തിക്കു മൂർച്ച കൂട്ടുമ്പോൾത്തന്നെ കൊലപാതകം പൊതുജനമധ്യത്തിൽ എങ്ങനെ അവതരിപ്പിക്കണമെന്ന വിശദീകരണവും ആർഎസ്എസ് തയാറാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികൾ സിപിഎമ്മുകാരല്ലെന്നു വ്യക്തമാക്കിയ കൃഷ്ണദാസ്, അവർ പാർട്ടി കുടുംബത്തിൽപ്പെട്ടവരാണെന്നു സമ്മതിച്ചു. ഇങ്ങനെയൊരു അസുരവിത്ത് പാർട്ടി കുടുംബത്തിൽ വന്നു പിറന്നതു തങ്ങളുടെ നിർഭാഗ്യമാണെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
''പ്രതികളാരാണെന്നു നമുക്കെങ്ങനെ പറയാനാകും? അത് പൊലീസല്ലേ കണ്ടെത്തേണ്ടത്? പ്രതികളാരാണെന്നു പൊലീസ് കണ്ടെത്തിയ ശേഷമല്ലേ അവരെക്കുറിച്ചു പറയാനാകൂ? അവരുടെ രാഷ്ട്രീയത്തെക്കുറിച്ചു പറയാനാകൂ. അതുകൊണ്ട് ഞങ്ങൾ കാത്തിരുന്നു. അല്ലാതെ ഒന്നുമില്ല.'' കൃഷ്ണദാസ് പറഞ്ഞു.
'ഈ വിദ്വാൻ അവിടെ ഗണേശോത്സവത്തിന്റെ ബോർഡ് വയ്ക്കാൻ പോയി. അവിടെനിന്നാണു തർക്കം. അതിന്റെ തലേന്നു ശ്രീകൃഷ്ണ ജയന്തിയുടെ ബോർഡ് വയ്ക്കാൻ പോയി. അതും അനുവദിച്ചില്ല. ഇതിനിടെ രാഖി കെട്ടിവന്നതു ബ്രാഞ്ച് സെക്രട്ടറി ചോദ്യം ചെയ്തു. ചോദ്യം ചെയ്തു എന്നു പറഞ്ഞാൽ, നീയെന്താ രാഖിയൊക്കെ കെട്ടി വന്നത് എന്നു ചോദിച്ചു. ഗണേശോത്സവത്തിനു ബോർഡ് വയ്ക്കാൻ പോകുക, ശ്രീകൃഷ്ണ ജയന്തിക്കു ബോർഡ് വയ്ക്കാൻ പോകുക, രാഖി കെട്ടി വരിക... നിങ്ങൾക്ക് സിപിഎമ്മിനെക്കുറിച്ചുള്ള പൊതുബോധം ഇതാണെങ്കിൽ എനിക്കൊന്നും പറയാനില്ല.
കൊലപാതകം ആസൂത്രണം ചെയ്ത ആർഎസ്എസ്, അതിനുശേഷം മാധ്യമങ്ങൾ ചോദിക്കുമ്പോൾ എന്തൊക്കെയാണു പറയേണ്ടത് എന്നുപോലും കൃത്യമായി പഠിപ്പിച്ചു വിട്ടിരിക്കുകയാണ്. ഇതിൽക്കൂടുതൽ എന്തു പറയാൻ? ഈ കൊലയാളികൾക്കു സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല. സിപിഎം ബന്ധമുള്ളവർ ബ്രാഞ്ച് സെക്രട്ടറിയെ കൊല്ലുമോ? സിപിഎമ്മുമായി ബന്ധമുള്ളയാൾ ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും ബോർഡ് വയ്ക്കാൻ പോകുമോ? സിപിഎമ്മുമായി ബന്ധമുള്ളയാൾ രാഖി കെട്ടി നടക്കുമോ?
എല്ലാ കൊലപാതകങ്ങൾക്കും ശേഷം ആ സംഭവം എങ്ങനെയാണ് മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിനു മുൻപിൽ അവതരിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് അവർ കൃത്യമായ പദ്ധതി തയാറാക്കും. അതായത് ആയുധങ്ങൾക്കു മൂർച്ച കൂട്ടുമ്പോൾത്തന്നെ അതിന്റെ വിശദീകരണം കൂടി തയാറാക്കും. അതുകൊലയാളികളെ പഠിപ്പിച്ചു വിടും.
അവർ സിപിഎമ്മുകാരല്ല. പക്ഷേ, പാർട്ടി കുടുംബത്തിൽപ്പെട്ടവരാണ് എന്ന വാദം ഞാൻ അംഗീകരിക്കുന്നു. അവരുടെ രക്ഷിതാക്കൾ ഉൾപ്പെടെ ആ പ്രദേശത്ത് സിപിഎമ്മുകാരല്ലാതെ മറ്റാരുമില്ല. ഇങ്ങനെയൊരു അസുരവിത്ത് ഞങ്ങളുടെ പാർട്ടി കുടുംബത്തിൽ വന്നു പിറന്നു എന്നത് ഞങ്ങളുടെ നിർഭാഗ്യമായി കാണുന്നു. പാർട്ടിയോടൊപ്പം നിൽക്കുന്ന ഒരു കുടുംബത്തിൽ ഇങ്ങനെയൊരു സാമൂഹ്യദ്രോഹി, അസുരവിത്ത് പിറന്നത് ഞങ്ങളുടെ നിർഭാഗ്യമാണ്,' കൃഷ്ണദാസ് പറഞ്ഞു.
ബുധനാഴ്ചയാണ് കൊലപാതകത്തിന്റെ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), വെട്ടിവീഴ്‌ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ രാഖി കെട്ടിയതുമായും ഗണേശോത്സവത്തിന്റെ ഫ്‌ളെക്‌സ് ബോർഡ് വച്ചതുമായും ബന്ധപ്പെട്ട് ഈയിടെ തർക്കമുണ്ടായിരുന്നു.
14നു പകലും ഒന്നാം പ്രതി നവീനുമായി തർക്കമുണ്ടായെന്നും അന്നു രാത്രിയാണു കൊലപ്പെടുത്തിയതെന്നും ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞിരുന്നു. ഷാജഹാൻ 2019ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവർത്തനങ്ങളിൽ പ്രതികൾക്ക് അതൃപ്തിയും വ്യക്തിവിരോധവുമുണ്ടായിരുന്നു. ആദ്യം അകൽച്ചയായിരുന്നെങ്കിലും പിന്നീടത് ശത്രുതയായി. ഇവർ പാർട്ടി പ്രവർത്തനത്തിൽ നിന്നുൾപ്പെടെ മാറി നിന്നതായും പൊലീസ് പറഞ്ഞു.
ഒന്നാം പ്രതി നവീനെ പൊള്ളാച്ചിയിൽ നിന്നും മറ്റു 3 പ്രതികളെ മലമ്പുഴ കവ വനമേഖലയോടു ചേർന്നുള്ള കോഴിമലയിലെ കുന്നിനു മുകളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച 3 വാളുകൾ കോരയാർപ്പുഴയുടെ തീരത്ത് പാടത്തോടു ചേർന്ന് ഒളിപ്പിച്ച നിലയിൽ തെളിവെടുപ്പിനിടെ കണ്ടെത്തി. രാഖിയും കണ്ടെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ