തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്‌തോ? ഇന്നലെ മലയാളികളുടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നായിരുന്നു ഇത്. മറുനാടൻ വാർത്തകൾക്കിടയിൽ ലിങ്ക് ഷെയർ ചെയ്തും ഫേസ്‌ബുക്ക് മെസേജുകൾ ഒരുക്കി പങ്കുവച്ചും ഒക്കെ ഇന്നലെ അനേകം പേരാണ് ആഘോഷിച്ചത്.

കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ നേതാവായ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ അനുയായികളാണ് ഈ ആഘോഷത്തിന് നേതൃത്വം നൽകിയത്. മറുനാടനെ പതിയിരുന്ന് ആഘോഷിക്കാൻ കാത്തിരുന്ന ഇസ്ലാമിക മൗലിക വാദികളും ക്രിസ്തീയ വർഗീയ വാദികൾക്കുമൊപ്പം ചേർന്ന് ഇന്നലെ ആഘോഷം അടിപൊളിയാക്കി.

ക്രിസ്ത്യൻ വർഗീയ വാദികളുടെ മുൻകൈയിൽ ഇന്നലെ അനേകം വാട്‌സ് ആപ്, ഫേസ് ബുക്ക് മെസേജുകളാണ് മറുനാടൻ എഡിറ്ററെ അറസ്റ്റ് ചെയ്തു എന്ന പേരിൽ പ്രചരിപ്പിച്ചത്. മറുനാടൻ ഒരു മഞ്ഞ പത്രം ആണെന്നും അതിനു സ്വഭാവികമായ തിരിച്ചടിയാണ് കിട്ടിയത് എന്നുമൊക്കെയാണ് വികാരം പങ്കുവച്ചവരുടെ അഭിപ്രായങ്ങൾ. വൈകുന്നേരം ആയപ്പോഴേയ്ക്കും മറുനാടൻ റിപ്പോർട്ടുകൾ വഴി തലവേദന ഉണ്ടായ സർവ്വനേതാക്കളും രംഗത്തെത്തി. ബോബി ചെമ്മണ്ണൂർ ജൂവലറി ഗ്രൂപ്പിന്റെ ജീവനക്കാരാണ് കൂട്ടത്തോടെ മറുനാടൻ എഡിറ്റർ അറസ്റ്റ് ചെയ്ത വാർത്ത ആഘോഷിക്കാൻ രംഗത്തിറങ്ങിയ മറ്റൊരു കൂട്ടർ. ബോബി ചെമ്മണ്ണൂരിന്റെ പ്രത്യേക നിർദ്ദേശം ഇതിനുണ്ടായിരുന്നു എന്നാണ് സൂചന.

അയർലണ്ടിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു മലയാളം ബ്ലോഗിൽ മറുനാടൻ എഡിറ്റർ അറസ്റ്റിൽ എന്ന പേരിൽ വാർത്ത വന്നതോടെയാണ് ആഘോഷം ആരംഭിച്ചത്. 50 ലക്ഷം രൂപയുമായി ഐ എ എസ് ദമ്പതികൾ പിടിയിലായി എന്ന പേരിൽ മറുനാടനിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് അവർ നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തിതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാർത്ത. കെപി ആക്ട് 120 (ഓ) വകുപ്പു അനുസരിച്ചു ചേർക്കപ്പെട്ട സാധാരണ കേസായിരുന്നു ഇതെങ്കിലും പെട്ടെന്നു തന്നെ ഇതൊരു വാർത്ത ആയി മാറുകയായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പോലും എഡിറ്റർക്ക് പോകേണ്ടി വന്നില്ലെന്നിരിക്കെ ഒരു ഔപചാരിക നടപടിയുടെ പേരിൽ അറസ്റ്റ് എന്ന രീതിയിൽ വാർത്ത വരുകയായിരുന്നു.

ഐഎഎസ് ദമ്പതികളെ പൊലീസ് പിടികൂടി എന്ന മംഗളം വാർത്ത അടിസ്ഥാനമാക്കി മറുനാടൻ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ വിവാദങ്ങൾക്ക് ആദരം. ഈ വാർത്തയെ തുടർന്ന് ഏലിയാസ് ജോർജ് ഐ എ എസ് പരാതി നൽകുകയായിരുന്നു. മംഗളം റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് വാർത്ത പ്രസിദ്ധീകരിച്ചതെങ്കിലും ആരോപണം തെളിയിക്കാൻ പറ്റിയ രേഖകൾ ഇല്ലാത്തതിനാൽ വാർത്ത നീക്കം ചെയ്യുകയും തിരുത്തലോടെ പുതിയ വാർത്ത പ്രസിദ്ധീകരിക്കുകയും പിന്നീട് ക്ഷമാപണം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ പരാതിക്കാരനായ ഏലിയാസ് ജോർജ് ഏതാണ്ട് പിൻവാങ്ങിയതാണ്. എന്നാൽ മറുനാടനെ അടിക്കാൻ കാത്തിരുന്ന ദുഷ്ടശക്തികൾ ഒരുമിച്ച് ചേർന്ന് അക്രമണം ആരംഭിക്കുകയുമായിരുന്നു. മറുനാടൻ നിർഭയം സത്യം പ്രസിദ്ധീകരിക്കുന്നതുകൊണ്ട് മുറിവേറ്റ രാഷ്ട്രീയ നേതാക്കളും ബിസിനസ് പ്രമുഖരും മാദ്ധ്യമ പ്രമുഖരും ഒരുമിച്ച് ചേർന്നതോടെ ഒരു പെറ്റികേസിന്റെ വില മാത്രമുള്ള കേസിനു വലിയ പ്രാധാന്യം കൈവരികയായിരുന്നു.

പത്രസ്ഥാപനങ്ങൾ നടത്തുന്നവർക്കെതിരെ കേസുകൾ പതിവായിരിക്കവെ മറ്റൊരു കേസിനുമില്ലാത്ത പ്രാധാന്യമാണ് മറുനാടൻ എഡിറ്റർക്കെതിരെയുള്ള കേസിന് ലഭിച്ചത്. മറുനാടനെതിരെ എന്തെങ്കിലും കിട്ടാൻ കാത്തിരുന്ന മുഖ്യധാരാ മാദ്ധ്യമങ്ങളും അവസരം നന്നായി വിനിയോഗിച്ചു. മനോരമയും മാതൃഭൂമിയും കേരള കൗമുദിയും അടക്കം എല്ലാ പത്രങ്ങളും അറസ്റ്റ് വാർത്ത സ്റ്റേറ്റ്‌  പേജിൽ തന്നെ പ്രസിദ്ധീകരിച്ചു. മറുനാടൻ എഡിറ്റർ ജയിലിൽ ആയിരിക്കും എന്നു കരുതി ബന്ധുക്കളും ശത്രുക്കളും അടക്കം അനേകം പേർ നിലയ്ക്കാതെ ഫോൺ വിളിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. കുറ്റം തെളിയിക്കപ്പെട്ടാൽ പോലും പരമാവധി 5000 രൂപ പിഴ ഈടാക്കുന്ന ഒരു വകുപ്പ് ചുമത്തിയതിന്റെ പേരിൽ ആണ് ഈ ആഘോഷം ഒക്കെ എന്നതാണ് ശ്രദ്ധേയം.

റോഡരികിൽ കുത്തിയിരിക്കുക, അസഭ്യം വിളിക്കുക, ശല്യം ഉണ്ടാക്കുക തുടങ്ങിയ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ ചുമത്തുന്നതിന് വേണ്ടിയുള്ള വകുപ്പാണ് കെപി ആക്ടിലെ 120. ഈ വകുപ്പ് അനുസരിച്ചു കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കെല്ലാം കുറ്റം തെളിഞ്ഞാൽ പരമാവധി 2000 രൂപ വരെ പിഴ നൽകുകയാണ് ഇന്നേവരെ സംഭവിച്ചിട്ടുള്ളത്. എന്നിട്ടും പ്രധാന പത്രങ്ങളിൽ ഇത് വാർത്ത ആയതിന്റെ പിറകിൽ അവരുടെ താല്പര്യങ്ങൾ മറുനാടൻ ഹനിക്കുന്നു എന്നതു തന്നെയെന്ന് വ്യക്തമാണ്. മലയാളത്തിലെ മനോരമയും മാതൃഭൂമിയും അടങ്ങുന്ന പ്രമുഖ പത്രങ്ങൾക്കെതിരെയെല്ലാം ഒട്ടേറെ കേസുകൾ വരിക പതിവായിരിക്കെ എന്തുകൊണ്ട് മറുനാടനെതിരെ ഒരു സാധാരണ കേസ് വന്നപ്പോൾ ഇത്രയേറെ ഒച്ചപ്പാടുണ്ടായി എന്നത് ഇതിന്റെ പിന്നിലെ ചാലകശക്തി ഏതെന്ന് വ്യക്തമാക്കുന്നു.

ബോബി ചെമ്മണ്ണൂരിന്റെ ജീവനക്കാരും വട്ടായിൽ അച്ചന്റെ അനുയായികളും ഒരു പറ്റം മാദ്ധ്യമ പ്രവർത്തകരുമാണ് ഇന്നലെ ഈ പ്രചാരണം ഏറ്റെടുത്തത് എന്നത് ശ്രദ്ധേയമാണ്. വട്ടായിൽ അച്ചനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മറുനാടൻ നല്കിയ വാർത്തയെ തുടർന്ന് ഇവർ വലിയ തോതിൽ ഒച്ചപ്പാടുമായി രംഗത്തുണ്ട്. മനുഷ്യ സ്‌നേഹി എന്നു പറഞ്ഞ് നടക്കുന്ന ബോബി ചെമ്മണ്ണൂരിന്റെ തനി നിറം പുറത്തുകൊണ്ടു വന്നത് മറുനാടൻ ആയിരുന്നു. വലിയ തുക നൽകി വശീകരിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതിരുന്നതിന്റെ പ്രതിഫലമാണ് ഇപ്പോഴത്തെ മുതലെടുപ്പ്. പ്രസ് ക്ലബിന്റെ അനധികൃത ബാറിനെതിരെ എടുത്ത നിലപാടാണ് പത്രക്കാരുടെ ശത്രുതയ്ക്ക് കാരണം.

ഏലിയാസ് ജോർജിന്റെ പരാതിയിൽ മംഗളം ലേഖകനെതിരെയും കേസ് ഉണ്ടെങ്കിലും അതെക്കുറിച്ച് പത്രങ്ങൾ ആരും മിണ്ടുന്നില്ല എന്നതും ശ്രദ്ധേയമാണ്. മാനനഷ്ടക്കേസിൽ ആറു മാസം ഒരു പത്രാധിപനെ ശിക്ഷിച്ചിട്ട് ഒരു പത്രത്തിലും വാർത്ത വന്നിരുന്നില്ല. നിരന്തരമായി വരുന്ന കേസുകൾ തീർക്കാൻ എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളും ഒന്നിലധികം വക്കീലന്മാർ സ്ഥിരം ജീവനക്കാരായുണ്ട്. ഒട്ടേറെ പത്ര ലേഖകർക്കും പത്ര ഉടമകൾക്കുമെതിരെ കേരളത്തിൽ വിവിധ കോടതികളിൽ കേസുകൾ നിലവിൽ ഉണ്ട്. അവയൊന്നും വാർത്ത ആവാതിരിക്കെ മറുനാടനെതിരെ രജിസ്റ്റർ ചെയ്ത ഒരു പെറ്റി കേസിന്റെ പേരിൽ ഇത്ര ആഘോഷം നടത്തുന്നവർ മറുനാടന്റെ മനോവീര്യം തകർക്കാമെന്ന് വ്യാമോഹിക്കുകയാണ്.

തെറ്റുകൾ പറ്റിയാൽ കൂടുതൽ നാറ്റിച്ചും മാനം കെടുത്തിയും അതിൽ കിടന്ന് ഉരുളുന്ന പത്രമുത്തശ്ശിമാരുടെ രീതിയല്ല മറുനാടന്റേത്. തെറ്റ് സമ്മതിച്ച് ക്ഷമ ചോദിക്കുകയും ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക ഞങ്ങളുടെ രീതിയാണ്. തെറ്റു പറ്റിയെന്ന് ഉറപ്പില്ലാതിരുന്നിട്ടു കൂടി തെളിയിക്കാൻ രേഖകൾ ഇല്ലാതായതിനാൽ കുറ്റം സമ്മതിച്ച് മാപ്പു
പറഞ്ഞ മാന്യതയാണ് തെറ്റിൽ കിടന്ന് ഉരുളുന്ന പത്ര മുത്തശ്ശിമാരുടെ നിലപാടുകളെക്കാൾ ഉചിതം എന്നാണ് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത്. പത്രസ്ഥാപനങ്ങൾക്കെതിരെയും വൻകിട സ്ഥാപനങ്ങൾക്കെതിരെയും എന്ത് സംഭവിച്ചാലും അതെല്ലാം രഹസ്യമാക്കി വയ്ക്കുന്ന മാദ്ധ്യമ സംസ്‌കാരം കേരളത്തിൽ നിന്നും തുടച്ചു നീക്കിയത് മറുനാടൻ ആയിരുന്നു.

മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെയുള്ള വാർത്തകൾ ഞങ്ങൾ മറ്റു വാർത്തകൾ പോലെ തന്നെ പ്രസിദ്ധീകരിച്ചു. അതിനു പ്രതികാരം വീട്ടാൻ കാത്തിരുന്നവരാണ് ഒരു പെറ്റി കേസിനെ ആഘോഷമാക്കുന്നത്. ഇത്തരം കേസുകൾ മുമ്പും ഉണ്ടായിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ആവേശം മുഖ്യധാരാ പത്രങ്ങൾക്ക് ഉണ്ടായതിന്റെ പിന്നിലെ രഹസ്യം ആർക്കാണ് മനസ്സിലാകാത്തത്. എന്തായാലും ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയിൽ സോഷ്യൽ മീഡിയയിലെ സകല മൗലിക ദ്രോഹികളും ഇന്നലെ ഒരുമിച്ച് ചേരുകയായിരുന്നു. ക്രിസ്തീയ മൗലിക വാദികൾക്ക് പിന്തുണയുമായി ഇസ്ലാമിക മൗലിക വാദികൾ കൂടി ചേർന്നതോടെ മറുനാടൻ വർഗീയ പത്രം ആണ് മഞ്ഞ പത്രം ആണ് തുടങ്ങിയ ചർച്ചകളായിരുന്നു കൂടുതലും.

മനസിലെ വർഗീയ ചിന്ത മാറ്റി വെയ്ക്കാതെ സത്യം പറയുന്നവരെ വർഗീയ വാദികൾ ആക്കുന്ന സമീപനമാണ് ഇവരുടേത്. വാസ്തവത്തിൽ മറുനാടനെതിരെ വർഗീയത ആരോപിക്കുന്നവർ മറന്നു പോകുന്നത് അവരുടെ വർഗീയ മനസ്സിനെ കുറിച്ചാണ്. മതങ്ങളെ വിമർശിക്കുമ്പോൾ നിയന്ത്രണം വിടുന്നവർ സ്വയം വിലയിരുത്തിയാവട്ടെ മറുനാടനെ നന്നാക്കാൻ ഇറങ്ങാൻ.