ന്റെ വിട്ടു വീഴ്ചയില്ലാത്ത നിലപാടിന് ഇരയാകുന്നത് നിർഭാഗ്യവശാൽ എന്റെ ഭാര്യയാണ് എന്ന് ഞാൻ മുൻപും എഴുതിയിരുന്നു. അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു എന്നത് മാത്രമല്ല അനർഹമായി അപമാനിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങൾ തെല്ലൊന്നുമല്ല ബോബിയെ ബാധിച്ചത്. സത്യം അന്വേഷിക്കാൻ പോയിട്ട് വാർത്ത മുഴുവൻ വായിക്കാനും കേൾക്കാനും പോലും സാധാരണക്കാർക്ക് താല്പര്യം ഇല്ല. ബോബി എന്തോ തിരിമറി നടത്തി എന്നു മാത്രം മനസിലാക്കി അവർ രംഗം വിടുകയാണ്. ഈ സാഹചര്യത്തിൽ ഗൂഢാലോചനയുടെ പൊരുൾ തേടാനും മറ്റുമുള്ള ശ്രമം ഉപേക്ഷിച്ച് ആരോപണത്തിന്റെ നിജസ്ഥിതി മാത്രം വ്യക്തമാക്കി അവസാനിപ്പിക്കുകയാണ്. അനാവശ്യമായ വിവാദങ്ങളിൽ പെടാനോ ആളുകളെ വെല്ലുവിളിക്കാനോ ഒന്നും എന്നെപ്പോലെ ബോബിക്ക് താല്പര്യം ഇല്ലാത്തതിനാൽ എനിക്ക് വേറെ വാശികൾ ഇല്ല.

ബോബിക്കെതിരെ ഉയർന്ന രണ്ടാമത്തെ ആരോപണത്തിൽ പറയുന്നത് കേന്ദ്രത്തിൽ നിന്നും ഫണ്ടു വാങ്ങിയ സമയത്ത് തന്നെ അത് മറച്ചു വച്ചു കേരളത്തിൽ നിന്നും ഫണ്ട് വാങ്ങി എന്നാണ്. എന്നു വച്ചാൽ കേന്ദ്ര സർക്കാരിന്റെ ഫണ്ട് വാങ്ങി പരിശീലിക്കാൻ പോയ ബോബി ആ വിവരം മറച്ചു വച്ചുകൊണ്ടു സ്പോർട്സ് കൗൺസിലിൽ നിന്നും 15 ലക്ഷം രൂപ അടിച്ചു മാറ്റിയെന്നർത്ഥം. ഈ ആരോപണം കേട്ടാൽ ആരെങ്കിലും ബോബി ചില്ലറക്കാരിയല്ലല്ലോ എന്നു കരുതും. ഇതിന് ഉബോൽബലമായി ഇവർ കാണിച്ചത് കേന്ദ്ര - കേരള സർക്കാരുകളുടെ ഫണ്ട് സംബന്ധിച്ച രേഖകൾ കാണിക്കുക ആയിരുന്നു. അതേ സമയം മറച്ചു വച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ ആണ് എന്ന് വ്യക്തമാക്കുന്നില്ല. എങ്കിലും രണ്ട് ഫണ്ടുകളുടെ വിവരങ്ങൾ കാണിച്ച ശേഷം മറച്ചു വച്ചു എന്നു പറയുമ്പോൾ ഉണ്ടാകുന്ന പുകമറയാണ് ലക്ഷ്യം എന്ന് വ്യക്തം. ഈ വാർത്ത അവസാനിച്ച് കഴിയുമ്പോൾ ആളുകളുടെ മനസിൽ നിൽക്കുന്നത് ഇതുമാത്രമാണ്.

സത്യവുമായി പുലബന്ധം പോലും ഇല്ലാത്ത ഒരു ആരോപണം ആണിത്.. യോഗ്യത നേടിയ പല അത്ലറ്റുകൾക്കും ലഭിച്ചതു പോലെ ബോബിക്കും വിദേശ പരിശീനത്തിന് പണം ലഭിച്ചു. ഫിൻലാന്റ്, റഷ്യ, യുകെ എന്നീ രാജ്യങ്ങളിൽ ആണ് കേന്ദ്ര സർക്കാർ സഹായത്തോടെ ബോബി പരിശീലനം നടത്തിയത്. ഒട്ടേറെ അത്ലറ്റുകൾ ഇങ്ങനെ വിദേശ പരിശീലനം നടത്തിയിട്ടുണ്ട്. ബാല്യം മുതൽ കഷ്ടപ്പെട്ടു പരിശീലനം നടത്തി മെഡൽ സാധ്യത ഉള്ളവർക്ക് മാത്രം ആണ് ഇങ്ങനെ സർക്കാർ പണം നൽകുന്നത്. ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാംപ്യൻഷിപ്പ് എന്നിങ്ങനെ ഉള്ള മത്സരങ്ങളിൽ മെഡലും ഹൈ ജംപിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ അത്ലറ്റ് എന്ന സ്ഥാനവും ബോബി നേടിയത് ഈ പരിശീലനം മൂലമാണ്.

2000 മുതൽ പല ഘട്ടങ്ങളായി മൂന്ന് രാജ്യങ്ങളിൽ പരിശീലിക്കാൻ പോയ പണമാണ് ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. അല്ലാതെ യുകെയിലെ പരിശീലനത്തിന്റെ മാത്രം ഫണ്ടല്ല. കേന്ദ്ര - കേരള സർക്കാരുകളിൽ നിന്നും ഇതിനേക്കാൾ പതിന്മടങ്ങ് പണം പലരും വാങ്ങാറുണ്ട്. അവരൊക്കെ പരിശീലിക്കാൻ വിദേശത്ത് പോവാറുണ്ടോ എന്ന് പോലും വ്യക്തമല്ല. ബോബി ഒരു പദ്ധതിയിൽ നിന്നും മാത്രമാണ് പണം കൈപ്പറ്റിയിട്ടുള്ളതെങ്കിൽ മറ്റ് പല അത്ലറ്റുക്കളും ഒട്ടേറെ പദ്ധതികളിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. ഇപ്പോൾ ഇതു വിവാദം ആക്കുന്നവർ ബോബി വാങ്ങിയ മുഴുവൻ തുകയും യുകെ പരിശീലനത്തിനാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. വാസ്തവത്തിൽ അത് നുണയാണ്. മറ്റുള്ള അത്ലറ്റുകൾക്കെല്ലാം ഇന്ത്യയിൽ മികച്ച പരിശീലകരുള്ളപ്പോൾ ഏഷ്യൻ ഗെയിംസിലെ ബോബിക്ക് മുൻപ് ഒരു മെഡൽ പോലും വാങ്ങിയ അത്ലറ്റുകൾ ഇല്ലാത്തതിനാൽ ഹൈംജംപിന് നല്ല പരിശീലകർ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ബോബിക്ക് വിദേശത്ത് പോയി പരിശീലിക്കേണ്ടി വന്നത്.

ഇതിൽ ഏതിലാണ് പരാതിയുടെ പ്രസക്തി എന്നെനിക്കറിയില്ല. രാജ്യത്തെ കായിക വികസന ഫണ്ട് ഉപയോഗിക്കേണ്ടത് ഇത്തരം കാര്യങ്ങൾക്ക് തന്നെയാണ്. ഇങ്ങനെ വാങ്ങിയ ഫണ്ട് ദുരുപയോഗിച്ചോ എന്നത് മാത്രമാണ് അഴിമതിയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ പരിശോധിക്കേണ്ടത്. ബോബി വാങ്ങിയ ഫണ്ടുകൾക്കെല്ലാം കൃത്യമായി ബില്ലുകൾ നൽകുകയും കേന്ദ്ര സർക്കാർ യാതൊരു വിധ അതൃപ്തിയും പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല. അതേക്കുറിച്ച് ആരും പരാതിയും ഉന്നയിച്ചിട്ടില്ല. എന്നാൽ ഇതേ സമയം കേന്ദ്രത്തിൽ നിന്നും 15 ലക്ഷം രൂപ വാങ്ങിയതാണ് അഴിമതി എന്ന വിഭാഗത്തിൽ പെടുത്തി ഇപ്പോൾ ചർച്ച ചെയ്യാൻ ചിലർ ശ്രമിക്കുന്നത്.

പരിശീലനം എന്നത് രാവിലെയും വൈകുന്നേരവും മാത്രമുള്ള ഒരു ഏർപ്പാടാണ്. അതിനിടയിൽ ലഭ്യമായ സമയം വെറുതെ കളയരുത് എന്ന് ബോബിക്ക് നിർബന്ധം ഉള്ളതുകൊണ്ട് ഇംഗ്ലണ്ടിലേക്ക് പോകുമ്പോൾ അവിടെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരം ലഭിക്കുമോ എന്നു കൂടി ബോബി തിരക്കി. ഡിഗ്രിക്ക് സാമാന്യം നല്ല മാർക്കുള്ളതുകൊണ്ടും തെറ്റില്ലാതെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതു കൊണ്ടും പരിശീലനം നടത്തുന്ന സ്ഥാനത്തിന് അടുത്തുള്ള ഒരു യൂണിവേഴ്സിറ്റിയിൽ ബിഎസ്സി സ്പോർട്സ് സയൻസിൽ അഡ്‌മിഷൻ ലഭിച്ചു. ഐഇഎൽറ്റിഎസ് ഒക്കെ എഴുതി യുകെയിലെ യൂണിവേഴ്സിറ്റിയിൽ അഡ്‌മിഷൻ നേടാൻ അധികം ആളുകൾക്ക് സാധിക്കില്ല എന്ന സാഹചര്യത്തിൽ ബോബിയെ സംബന്ധിച്ചടുത്തോളം അതൊരു അംഗീകാരം ആയിരുന്നു.

എന്നാൽ മൂന്ന് കൊല്ലത്തേക്ക് 15 ലക്ഷം രൂപ ആയിരുന്നു ഫീസ് അടക്കേണ്ടത്. കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പ് തന്നിരിക്കുന്നത് പരിശീലനത്തിനും ജീവിത ചെലവിനും മാത്രമാണ്. കേന്ദ്ര സർക്കാർ ഫണ്ടോടെ യുകെയിൽ പരിശീലനത്തിന് പോവുക ആണ് എന്നും ആ സമയത്ത് പഠിക്കാനുള്ള ട്യൂഷൻ ഫീസായി 15 ലക്ഷം രൂപ അനുവദിക്കണം എന്നു പറഞ്ഞ് ഒരു അപേകേഷ നൽകി. യശശരീരനായ അഡ്വ. മോഹനചന്ദ്രൻ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. അദ്ദേഹം വളരെയേറെ താൽപ്പര്യം എടുത്ത് ഈ ഫണ്ട് അനുവദിച്ചു തന്നു. യുകെയിൽ നിന്നും പഠനം കഴിഞ്ഞു എത്തുമ്പോൾ കേരളത്തിലെ കുട്ടികൾക്ക് ഗുണം ഉണ്ടാക്കുന്ന എന്തെങ്കിലും ചെയ്യാൻ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ എത്താം എന്നതായിരുന്നു ഫണ്ട് അനുവദിക്കുമ്പോൾ ഉണ്ടായ കരാർ.

യുകെയിൽ ചെന്ന് രണ്ട് വർഷം കഴിയുമ്പോഴേക്കും ഞാൻ വർക്ക് പെർമിറ്റിലേക്ക് മാറിയിരുന്നു. 2007 ൽ ആയിരുന്നു പഠനം കഴിയേണ്ടതെങ്കിലും ബോബി എന്നോടൊപ്പം 2009 വരെ യുകെയിൽ തന്നെ തുടർന്നു. കുഞ്ഞുണ്ടായതു കൊണ്ടായിരുന്നു പഠനവും മറ്റും നീണ്ടത്. ഇതോടെ ഞങ്ങൾ യുകെയിൽ സെറ്റിൽ ആയി എന്നു കരുതി എങ്ങനെയും ബോബിയെ തിരിച്ചു നാട്ടിൽ കൊണ്ടു വരാനായി സ്പോർട്സ് കൗൺസിലിലെ ചിലർ നീക്കം തുടങ്ങി.

അങ്ങനെ ഒരു ദിവസം സ്പോർട്സ് കൗൺസിലിൽ നിന്നും ബോബിക്ക് ഒരു നോട്ടീസ് ഇംഗ്ലണ്ടിലെ വീട്ടിൽ എത്തി. എത്രയും വേഗം ഡെപ്യുട്ടേഷൻ എടുത്ത് സ്പോർട്സ് കൗൺസിലിൽ ജോയിൻ ചെയിതില്ലെങ്കിൽ 15 ലക്ഷം പലിശ സഹിതം 25 ലക്ഷമായി അടക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അത്. ഉടന് തന്നെ ബോബി ഡെപ്യുട്ടേഷൻ എടുത്ത് സ്പോർട്സ് കൗൺസിലിൽ ജോലി ചെയ്തു. വാസ്തവത്തിൽ 15 ലക്ഷത്തിന് പകരം 18 ലക്ഷം രൂപയാണ് ബോബി അന്ന് ഫീസ് അടച്ചത്. കാരണം രണ്ട് കൊല്ലം ഡിഗ്രി പഠനം പൂർത്തിയായപ്പോൾ ബോബിയുടെ നാട്ടിലെ ഡിഗ്രിയുടെ പുറത്തും ഒളിംപിക്സ് പരിചയത്തിന്റെ പുറത്തും വെയിൽസ് യൂണിവേഴ്സിറ്റി ബോബിക്ക് നേരിട്ടു സ്പോർട്സ് സയൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി നൽകി. രണ്ട് ഫീസുമായി 18 ലക്ഷം രൂപ അടക്കുകയും അതിന്റെ രസീത് സ്പോർട്സ് കൗൺസിലിൽ ഏൽപ്പിക്കുകയും ചെയ്തു. പണം വിനിയോഗിച്ചതിന്റെ ബില്ലും കരാറിൽ പറഞ്ഞത് പോലെ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ ജോലിയും ചെയ്തു കഴിഞ്ഞതോടെ ബോബി കരാർ പൂർത്തിയാക്കുകയും നിയമപരമായി ബാധ്യതകൾ അവസാനിക്കുകയും ചെയ്യേണ്ടതാണ്.

ബോബി ഇംഗ്ലണ്ടിൽ നിന്നും വരില്ലായിരിക്കും എന്ന് കരുതി പാര വയ്ക്കാൻ ഇറങ്ങിയ ലോബിക്ക് ബോബിയുടെ വരവ് ഞെട്ടലായി മാറി. കാരണം കസ്റ്റംസിലെ ബോബിയുടെ ശമ്പളത്തിന് തതുല്ല്യമായ ശമ്പളവും പദവിയും നൽകേണ്ട ബാധ്യത അവർക്കുണ്ടായി. സ്പോർട്സ് കൗൺസിൽ കോച്ച് എന്ന പേരിൽ ഏതെങ്കിലും ഒരു ഗ്രാമത്തിലേക്ക് ബോബിയെ മാറ്റണം എന്നായിരുന്നു അവരുടെ കണക്കു കൂട്ടൽ. എന്നാൽ അന്നത്തെ സെക്രട്ടറിയായ ഡോ. മുഹമ്മദ് അഷ്റഫ് അതിന് സമ്മതിച്ചില്ല. ടെക്നിക്കൽ ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയായി ബോബിയെ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചു.

ഈ കാലയളവിൽ ഒട്ടേറെ പരീക്ഷണങ്ങൾക്ക് ബോബി മുൻകൈ എടുത്തു. പക്ഷേ നമ്മുടെ സംവിധാനത്തിന്റെ വികലത മൂലം പലതും നടന്നില്ല. ബോബിയെ ആ സ്ഥാനത്ത് നിന്നും മാറ്റി കോച്ചാക്കാൻ വീണ്ടും അവർ ശ്രമം നടത്തി. എന്തായാലും ഡെപ്യുട്ടേഷൻ പൂർത്തിയാക്കി ബോബി മടങ്ങിയതോടെ ആ എപ്പിസോഡ് തീർന്നു എന്നു കരുതിയതാണ്. എന്നാൽ ഇടക്കിടെ ബോബി ഡെപ്യുട്ടേഷൻ സർട്ടിഫിക്കറ്റ് നൽകിയില്ല എന്ന് പറഞ്ഞു പലതവണ കത്തുകൾ വന്നു തുടങ്ങി. കത്തുകൾ വരുമ്പോൾ ഒക്കെ വീണ്ടും വീണ്ടും ബോബി ബില്ലുകളുടെ കോപ്പികൾ നൽകി തുടങ്ങി. ഇതു തുടർന്നപ്പോൾ ബില്ലുകൾ എല്ലാം നൽകിയെന്ന് സ്പോർട്സ് കൗൺസിൽ സെക്രട്ടറിയെ കൊണ്ടു എഴുതി ഒപ്പിട്ടു വാങ്ങിയാണ് ബോബി പ്രശ്നം പരിഹരിച്ചത്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പരിശീലനം നടത്തുമ്പോൾ പഠനത്തിനായി ടൂഷന് ഫീസ് നൽകുന്നു എന്ന് വ്യക്തമായി തന്നെ കരാറിലുണ്ടായിട്ടും മറച്ച് വച്ചു എന്ന് പറയുന്നതിന്റെ രഹസ്യം എനിക്കറിയില്ല.

ബോബിയും സ്പോർട്സ് കൗൺസിലും തമ്മിലുള്ള കരാറിന്റെ ഇതോടൊപ്പം കൊടുക്കുന്ന രണ്ടാം പാരഗ്രാഫിൽ ഇതു പറയുന്നത് കാണാതെയാണ് മറച്ചു വച്ചു പണം തട്ടി എന്നു പറയുന്നത് എന്നു ഞാൻ കരുതുന്നില്ല. ടൂഷൻ ഫീസ് മാത്രം ആണ് കേരളം അനുവദിച്ചത് എന്നു കരാറിൽ ഉണ്ട്. കരാറിൽ പറഞ്ഞതുപോലെ സ്പോർട്സ് കൗൺസിൽ വന്ന് മൂന്ന് കൊല്ലം ജോലിയും ചെയ്തു. ഫണ്ട് ദുർ വിനോനിയോഗം ചെയ്യുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ തിരിച്ചടക്കണം എന്നാണ് കരാറിൽ പറയുന്നത് എന്നു അടുത്ത പേജുകളിൽ നിന്നും വ്യക്തമാണ്. സൗജന്യമായി ജോലി ചെയ്യുമെന്ന് ബോബി പറഞ്ഞിട്ടുമില്ല, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയായ ബോബിക്ക് അത് സാധ്യമാവുമല്ല. അതുകൊണ്ട് തന്നെ എങ്ങനെ ഈ സൗജന്യം വന്നു എന്ന് എനിക്കറിയില്ല.

ഏഷ്യനെറ്റ് ന്യൂസ് ബുള്ളറ്റിൻ തുടങ്ങുന്നത് അത്ലറ്റുകൾ പണം ചോദിക്കുമ്പോൾ ഇല്ലെന്ന് പറയുന്ന സ്പോർട്സ് കൗൺസിൽ ധൂർത്തടിക്കുന്നു എന്ന് പറഞ്ഞാണ്. കേരളത്തിലെ ഒരു അത്ലറ്റ് വിദേശത്ത പോയി ഉന്നത വിദ്യാഭ്യാസം നടത്തിയാൽ അതിന്റെ ഗുണം ഇവിടുത്തെ കായിക മേഖലക്ക് തന്നെയാണ്. എന്നാൽ അങ്ങനെ വന്നവരെ ഇവിടെ ഉപയോഗപ്പെടുത്താൻ സർക്കാരിന് സാധിക്കണം. മൂന്ന് കൊല്ലം ബോബിയെ പോലെ ഒരാൾ സ്പോർട്സ് കൗൺസിൽ ജോലി ചെയ്തപ്പോൾ ഒരൊറ്റ നയപരമായ കാര്യങ്ങളിലും സഹകരിപ്പിച്ചില്ല. ഒട്ടേറെ പദ്ധതികൾക്ക് ബോബി രൂപം നൽകിയെങ്കിലും അതൊന്നും ആരും ഗൗനിച്ചില്ല. ഇവിടുത്തെ രാഷ്ട്രീയം മൂലം ഇത്തരം ശ്രമങ്ങൾ അവഗണിച്ച ശേഷം വിദേശത്തുള്ള പഠനം ധൂർത്താണ് എന്ന് പറയുന്നത് യുക്തിസഹമല്ല. വിദേശത്ത് നിന്നും വിദ്യാഭ്യാസം നേടി അത് കുട്ടികൾക്ക് സഹായകരമായ രീതിയിൽ പകർന്ന കൊടുക്കാനുള്ള സംവിധാനമാണ് സർക്കാർ ഒരുക്കേണ്ടത്.

ഇതൊക്കെയാണ് സത്യം. ഇതു മാത്രമാണ് സത്യം. പക്ഷേ ഇന്നലെ കളക്ടർ ബ്രോ പറഞ്ഞതു മാത്രമെ എനിക്കും പറയാനുള്ളു സത്യം യാത്രക്ക് സഞ്ചിയെടുക്കുമ്പൊഴേക്കും അസത്യം രണ്ട് റൗണ്ട് ഉലകം ചുറ്റിയിരിക്കും. വളഞ്ഞിട്ട് ഒരായിരം അസത്യങ്ങൾ കൊണ്ട് അക്രമിച്ചാലും നട്ടെല്ലുള്ളവന് ജീവിക്കാൻ ഒരു സത്യം മതി.