- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉടുമുണ്ടഴിച്ച് കൈകൾ ബന്ധിച്ച് ക്രൂരമായി മർദ്ദിക്കുമ്പോഴും മന്ദഹസിച്ചു കൊണ്ടുള്ള ആ നിൽപ്പുണ്ടല്ലോ... അത് ആരുടെ ഹൃദയമാണ് തകർക്കാത്തത്... ആ സെൽഫിക്കരുകിൽ നിശ്ചലമായി കാണുന്ന പ്ലാസ്റ്റിക് ചാക്കിലെ വേവാൻ കൊതിച്ചു കിടക്കുന്ന അരിയുണ്ടല്ലോ അതാരുടെ ചങ്കാണ് തകർക്കാത്തത്... ഉറക്കം വരാത്ത ദിനരാത്രങ്ങളിൽ ഭീകര സ്വപ്നങ്ങളിൽ നിന്നും നീയെന്നിറങ്ങി പോകും മധു? ഷാജൻ സ്കറിയ എഴുതുന്നു...
പ്രിയപ്പെട്ട മധു, സത്യത്തിന് വേണ്ടി ഉറച്ച നിലപാടെടുത്തതിന് വേണ്ടി എന്റെ ഏറ്റവും വലിയ സമ്പാദ്യമായ വീടുവിറ്റു ഒരുത്തന്റെ അണ്ണാക്കിലേക്ക് തിരുകി കൊടുക്കാൻ വേണ്ടി ഞാൻ നാടുവിട്ടു എത്തിയിട്ട് മൂന്നാലു ദിവസമായി. അതിനിടയിലാണ് സഹോദരാ നിന്റെ ദാരുണമായ മരണത്തിന്റെ നേർ ചിത്രങ്ങൾ കൂടി എന്നെ കടിച്ചു കീറാൻ എത്തിയത്. രണ്ടു ദിവസമായി ഒന്നു നേരേ ചൊവ്വേ ഉറങ്ങിയിട്ട്. സത്യത്തിലുള്ള വിശ്വാസം ഇല്ലാതായി പോയതിന്റെ പേരിൽ അല്ല എന്റെ ഉറക്കം പോയത്. നിന്റെ ദാരുണമായ ആ കണ്ണുകളിലെ നിസ്സഹായമായ നിലവിളി കണ്ടിട്ടാണ്. ആ സെൽഫി ചിത്രത്തിന് പിന്നിലെ നിന്റെ മന്ദഹസിക്കുന്ന നിസ്സഹായവസ്ഥ എന്നെ പേടിപ്പിക്കുന്നു. നടുറോഡിൽ നിർത്തി അവർ നിന്നെ ക്രൂരമായി മർദ്ദിച്ചപ്പോൾ നീയെന്തുകൊണ്ട് ഒന്നു ഉറക്കെ നിലവിളിച്ചു പോലുമില്ല. നീ എന്തുകൊണ്ടാണ് ആരോടും ദേഷ്യപ്പെടാതെ മന്ദഹസിച്ചുകൊണ്ട് നിന്നത്? നിയതി നിനക്കായി ഒരുക്കിയ ദുർവിധി ഏറ്റുവാങ്ങുമ്പോഴും നിസ്സഹായവസ്ഥയെ നിശബ്ദമായി ഏറ്റുവാങ്ങാൻ നിനക്കെങ്ങനെ ധൈര്യമുണ്ടായി? നിന്റെ കണ്ണിൽ പരിഭ്രമത്തിന്റെ നിഴൽ പോലു
പ്രിയപ്പെട്ട മധു,
സത്യത്തിന് വേണ്ടി ഉറച്ച നിലപാടെടുത്തതിന് വേണ്ടി എന്റെ ഏറ്റവും വലിയ സമ്പാദ്യമായ വീടുവിറ്റു ഒരുത്തന്റെ അണ്ണാക്കിലേക്ക് തിരുകി കൊടുക്കാൻ വേണ്ടി ഞാൻ നാടുവിട്ടു എത്തിയിട്ട് മൂന്നാലു ദിവസമായി. അതിനിടയിലാണ് സഹോദരാ നിന്റെ ദാരുണമായ മരണത്തിന്റെ നേർ ചിത്രങ്ങൾ കൂടി എന്നെ കടിച്ചു കീറാൻ എത്തിയത്. രണ്ടു ദിവസമായി ഒന്നു നേരേ ചൊവ്വേ ഉറങ്ങിയിട്ട്. സത്യത്തിലുള്ള വിശ്വാസം ഇല്ലാതായി പോയതിന്റെ പേരിൽ അല്ല എന്റെ ഉറക്കം പോയത്. നിന്റെ ദാരുണമായ ആ കണ്ണുകളിലെ നിസ്സഹായമായ നിലവിളി കണ്ടിട്ടാണ്.
ആ സെൽഫി ചിത്രത്തിന് പിന്നിലെ നിന്റെ മന്ദഹസിക്കുന്ന നിസ്സഹായവസ്ഥ എന്നെ പേടിപ്പിക്കുന്നു. നടുറോഡിൽ നിർത്തി അവർ നിന്നെ ക്രൂരമായി മർദ്ദിച്ചപ്പോൾ നീയെന്തുകൊണ്ട് ഒന്നു ഉറക്കെ നിലവിളിച്ചു പോലുമില്ല. നീ എന്തുകൊണ്ടാണ് ആരോടും ദേഷ്യപ്പെടാതെ മന്ദഹസിച്ചുകൊണ്ട് നിന്നത്? നിയതി നിനക്കായി ഒരുക്കിയ ദുർവിധി ഏറ്റുവാങ്ങുമ്പോഴും നിസ്സഹായവസ്ഥയെ നിശബ്ദമായി ഏറ്റുവാങ്ങാൻ നിനക്കെങ്ങനെ ധൈര്യമുണ്ടായി? നിന്റെ കണ്ണിൽ പരിഭ്രമത്തിന്റെ നിഴൽ പോലും ഇല്ലാതെ പോയല്ലോ.
മനുഷ്യൻ എന്നു വിളിക്കുന്ന ഒരു നാൽക്കാലി നിന്നെ തല്ലുമ്പോൾ നീ അവനെ നിസ്സഹായനായി തിരിഞ്ഞു നോക്കുന്നതിൽ പോലും കലിയും വിദ്വേഷവും ഇല്ലല്ലോ മോനേ. മുൾകിരീടം അണിയച്ചു ഉടുവസ്ത്രം നീക്കി മരക്കുരിശും ചുമന്ന് കൊണ്ട് ആരോടും പരിഭവം ഇല്ലാതെ ഗാഗുൽത്താ മല കയറി പോയ ക്രിസ്തുവിനെയാണ് എനിക്ക് ഓർമ്മ വരുന്നത്. മരണത്തിലൂടെ നീ യഥാർത്ഥത്തിൽ ക്രിസ്തുവായി മാറിയിരിക്കുന്നു മധു. നിന്റെ ചുറ്റിനും കൂടി ആർത്തട്ടഹസിച്ചു സെൽഫിയെടുത്ത് ആഹ്ലാദിച്ചവർ യഹൂദ പടയാളികളെ പോലെയാണ്. തോളിൽ കയറ്റി കുരിശോലയുമായി നഗരത്തിലൂടെ പ്രദക്ഷിണം നടത്തിയ ജറുശലേമിലെ ജനക്കൂട്ടം യേശുവിന്റെ ദുരന്തത്തിൽ കയ്യടിച്ചു നിന്നു ആഹ്ലാദിച്ചത് കണ്ടില്ലേ? അതേ ആൾക്കൂട്ടത്തിന്റെ നേർചിത്രമായി ഞങ്ങളും മാറുകയാണ്.
ഒന്നു കണ്ണടക്കുമ്പോൾ മുൻപിൽ തെളിയുന്നത് നിന്റെ ദയനീയ മുഖം ആണെങ്കിൽ വല്ലതും കഴിക്കാനായി ഭക്ഷണം മുൻപിൽ എടുക്കുമ്പോൾ മനസ്സിൽ എത്തുന്നത് ആ സെൽഫി ചിത്രത്തിനരികിലൂടെ കാണുന്ന പാതിനിറച്ച പ്ലാസ്റ്റിക് ചാക്കിലെ വേവാൻ വെമ്പി നിൽക്കുന്ന അരിമണികളുടെ അട്ടഹസിക്കുന്ന രൂപമാണ്. നീ മോഷ്ടിച്ചത് നിനക്ക് തിന്നാൻ ഒന്നും തരാത്ത ക്രൂരമായ സമൂഹത്തിന്റെ ഉച്ഛിഷ്ടം ആയിരുന്നു. നിന്റെ ഭൂമി മുഴുവൻ പിടിച്ചെടുത്ത് സ്വന്തമാക്കിയ ശേഷം നിന്നെ പട്ടിണിക്കിട്ടവരോട് പിടിച്ചു മേടിക്കാൻ ശ്രമിച്ചത് നിന്റെ മുതുമുത്തശ്ശന്മാരുടെ വിയർപ്പിന്റെ കണികൾ വീണ ഭക്ഷണത്തിന്റെ ബാക്കിയായിരുന്നു.
നിന്റെ വിശപ്പ് മാറ്റാനായി നിന്നോടൊപ്പം ഇറങ്ങി പോന്ന ആ പ്ലാസ്റ്റിക് ചാക്ക് പാതി വഴിയിൽ അതിന്റെ യാത്ര നിർത്തിയത് ചങ്കുപൊട്ടിയായിരിക്കും. ആ ചാക്കു കെട്ടിനുള്ളിൽ ഇരുന്നു വിഷം കലർന്ന മണ്ണിൽ കുരുത്ത ആ നെൽമണികൾ വിങ്ങിപ്പൊട്ടുക ആയിരുന്നിരിക്കാം. നിന്റെ മുതുമുത്തശ്ശന്മാർക്ക് സ്വന്തമായിരുന്ന ഭൂമിയിൽ, അവർ ദൈവത്തെ പോലെ സ്നേഹിച്ചു പരിപാലിച്ച മണ്ണും അതിൽ വളർന്ന അരിമണികളും വിഷം കലർത്തി അവർ ലാഭം ഉണ്ടാക്കാൻ നോക്കുമ്പോഴും അൽപ്പമെങ്കിലും ആസ്വദിച്ചിരുന്നത് പാതിരാത്രിയിൽ ഗുഹാമുഖത്ത് നിന്നും പതുങ്ങി വന്നു നീ കൊണ്ടു പോയി കഴിച്ചു കൊണ്ടിരിക്കുന്നതിന്റെ ആത്മ സന്തോഷത്തിൽ ആയിരുന്നിരിക്കണം.[BLURB#1-H]
ആത്മാവിഷ്‌കാരത്തിന്റെ ആ നിർവൃതിയിൽ നിന്നെ അവർ പച്ചയ്ക്ക് തല്ലിക്കൊന്നു. നിന്റെ നെഞ്ചിൻകൂട്ടിൽ അവർ കിരാതന മർദന മുറകൾ അഴിച്ചു വിടുമ്പോൾ മനുഷ്യനായി പിറന്ന ഒരുത്തനും ഇല്ലായിരുന്നു അരുതെന്ന് പറയാൻ. നീ മോഷ്ടിച്ചത് തിന്നാൻ വേണ്ടിയാണ് എന്നു വിളിച്ചു പറഞ്ഞു നിനക്ക് പ്രതിരോധം സൃഷ്ടിക്കാൻ ഇന്നു സോഷ്യൽ മീഡിയയിൽ കിടന്നു ഉച്ചത്തിൽ നിലവിളക്കുന്ന ഞങ്ങൾ ആരും ഉണ്ടായിരുന്നില്ലല്ലോടാ. നിന്റെ വിശപ്പ് മാറ്റാൻ ഞങ്ങൾ ആദ്യം പരാജയപ്പെട്ടു. അതിന് നീ തന്നെ വഴി കണ്ടു പിടിച്ചപ്പോൾ നിന്റെമേൽ ആഞ്ഞു പതിച്ച ക്രൂരമായ കരങ്ങളോട് അരുതേ എന്നു പോലും പറയാൻ വയ്യാതെ വൃത്തികെട്ട ജനങ്ങളായി ഞങ്ങൾ മാറി.[BLURB#2-VL]
ക്ഷമ ചോദിക്കാൻ പോലും ഞങ്ങൾക്ക് അർഹതയില്ല മധു. ആരെങ്കിലും ഒരു അഭിപ്രായം തുറന്ന് പറഞ്ഞാൽ പൊട്ടിയൊലിക്കുന്ന മതവികാരം ഉള്ളവരാണ് ഞങ്ങൾ. പ്രവാചകന്റെ പേര് ഒരു നോവൽ കഥാപാത്രത്തിന് ഇട്ടതിന്റെ പേരിൽ ഇട്ട അദ്ധ്യാപകന്റെ കൈവട്ടി മാറ്റിയവരാണ് ഞങ്ങൾ. ഹിന്ദു ദൈവത്തിന്റെ ചിത്രം വരച്ചതിന്റെ പേരിൽ മഹാനായ ഒരു കലാകാരനെ നാടു കടത്തിയവരാണ് ഞങ്ങൾ. യേശുക്രിസ്തുവിന്റെ അന്ത്യ പ്രലോഭനത്തെ കുറിച്ച് എഴുതിയതിന് ഒരു നാടകക്കാരനെ ജീവിത കാലം മുഴുവൻ വേട്ടയാടിയവരാണ് ഞങ്ങൾ.
ഒരു നേതാവിനെ തെളിവെടുപ്പിന് വിളിക്കുമ്പോഴൊക്കെ ഒഴിവാക്കാൻ വേണ്ടി ഹർത്താൽ നടത്തുന്നവരുടെ നാടാണ് ഇത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ബഹളം വെയ്ക്കുകയും അസത്യം പറയുന്നവനെ ന്യായീകരിക്കുകയും ചെയ്യുന്നവനെ നാടാണിത്. എന്നാൽ ഞങ്ങൾക്കാർക്കും നിന്റെ പേരിൽ ഒരു ഹർത്താൽ നടത്താൻ തോന്നുന്നില്ല. നിനക്ക് നീതി വേണം എന്നു പറഞ്ഞ് ഒരു ജാഥ നടത്താൻ തോന്നുന്നില്ല. നിന്റെ കണ്ണുനീരിന്റെ കയ്പ് ഇനി ഒരു ആദിവാസിയുടെയും വേദനയാകരുത് എന്നു ശപഥം ചെയ്തു രംഗത്തിറങ്ങാൻ പറ്റുന്നില്ല. ബീഹാറിലും ഗുജറാത്തിലും ഉത്തർപ്രദേശിലും എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഞങ്ങളുടെ ഹൃദയം പൊട്ടൂ. അട്ടപ്പാടിയിലെ ആർക്കും വേണ്ടാത്ത അട്ടപ്പാടികളുടെ കണ്ണുനീർ ആര് ഗൗനിക്കാൻ?
പച്ചവെയിലത്ത് നിന്നു കത്തിയ ലോകത്തെ ആദ്യത്തെ ആദിവാസിയല്ല നീ. ലോകം എങ്ങും നിന്റെ കൂട്ടരുടെ ജന്മ ലക്ഷ്യം ഇപ്പോൾ ഇതു തന്നെയാണ് എന്നു ഞങ്ങൾ കരുതുന്നു. ഞങ്ങൾ ഉണ്ടാക്കുന്ന നിയമത്തിന്റെ ഉള്ളിൽ നിന്നെ പിടിച്ചിട്ട് ഞങ്ങൾ പരിഷ്‌കൃതരാക്കും. ഞങ്ങളുടെ വിദ്യാഭ്യാസവും ഞങ്ങളുടെ വികസനവും ഞങ്ങളുടെ ടാറിട്ട റോഡുകളും ഞങ്ങൾ നിന്നെ പരിശീലിപ്പിക്കും. കോൺക്രീറ്റ് മുൾക്കാടുകൾക്കിടയിൽ കിടന്നു നീ ശ്വാസം മുട്ടാതെ മരിക്കുമ്പോൾ ഞങ്ങൾ നിനക്ക് സ്മാരകങ്ങൾ ഉണ്ടാക്കും. കാരണം നിങ്ങൾക്ക് വേണ്ടത്തത് നിന്റെ ഓർമ്മ മാത്രമാണ്. ബാക്കിയെല്ലാം ഞങ്ങൾ സ്വന്തമാക്കിക്കൊള്ളാം.
[BLURB#3-VR]ഞങ്ങൾക്ക് ചില രീതികളുണ്ട്. വലിയ വീതിയുള്ള റോഡുകൾ. കോൺക്രീറ്റ് വീടുകൾ. പെയിന്റടിച്ച പള്ളിക്കൂടങ്ങൾ. ടൈയും ഷൂസും കെട്ടിയ യൂണിഫോമുകൾ. ചപ്പാത്തിയും ചിക്കൻ കറിയും കൂട്ടിയുള്ള ഊണ്. അതൊക്കെയാണ് ശരിയെന്നു ഞങ്ങൾ എത്രകാലമായി നിന്നോടു പറയുന്നു. കാട്ടിൽ പോയി തേനെടുത്തും കായ് ഫലങ്ങൾ ഭക്ഷിച്ചും നിന്നെ ജീവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. കാടു ഞങ്ങളുടെ സർക്കാരിന് സംരക്ഷിക്കാനുള്ളതാണ്. അതിൽ കയറിയാൽ നിന്നെ ഞങ്ങൾ പിടിച്ചു അകത്തിടും. അതുകൊണ്ട് നീ കെട്ടി വച്ചിരിക്കുന്ന ജണ്ടകൾക്ക് ഇപ്പുറം നിൽക്കുക.
നീ നല്ല ചാരായം വാറ്റി കഴിച്ചു സുഖിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. അതു ഞങ്ങൾ നിയമം മൂലം നിരോധിച്ചതാണ്. ഞങ്ങൾ തരുന്ന വിദേശ മദ്യ കുപ്പി വേണമെങ്കിൽ ബിവറേജസിൽ പോയി ക്യൂ നിന്നു വാങ്ങി കഴിച്ചോണം. അത് തെറ്റിച്ചാൽ വ്യാജ വാറ്റിന് നിന്നെ ഞങ്ങൾ പിടിച്ചു അകത്തിടും. നീ നിന്റെ ആചാരം അനുസരിച്ച് 18 കഴിയാത്ത പെൺകുട്ടികളെ കല്ല്യാണം കഴിച്ചാൽ ഞങ്ങൾ നിന്നെ പോക്സോ നിയമം അനുസരിച്ച് ജാമ്യം ഇല്ലാതെ അകത്തിടും. നിന്റെ അവകാശങ്ങൾ നേടാൻ വേണ്ടി നീ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യരുതെന്ന് പറഞ്ഞാൽ യുപിഎ ചുമത്തി ഞങ്ങൾ നിന്നെ രാജ്യദ്രോഹത്തിന് അകത്താക്കാം.
സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി ഗ്രാമ പഞ്ചായത്ത് ഉണ്ടാക്കി ഞങ്ങൾ റെക്കോർഡ് ബുക്കിൽ ഇടം പിടിക്കും. എന്നാൽ നിന്റെ പഞ്ചായത്തിൽ ഒരു ആശുപത്രിയോ പള്ളിക്കൂടമോ നീ പങ്കെടുക്കേണ്ട പഞ്ചായത്ത് ഓഫീസോ ഞങ്ങൾ ഉണ്ടാക്കില്ല. കാടുതെണ്ടി അവിടെത്തി നിന്നെ ഭരിക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല. നീ ഭരിക്കപ്പെടേണ്ടവനാണ്. നിന്റെ ആവാസ സ്ഥലത്തിന് പുറത്ത് ഞങ്ങൾ കെട്ടിപ്പൊക്കുന്ന കോൺക്രീറ്റ് സൗദത്തിനകത്തേക്ക് കടന്നു വന്നു നീ ഞങ്ങളുടെ പണി സുഗമമാക്കണം. നിന്നെ പോലെ ഒറ്റ ഒരുത്തനെയും ഞങ്ങൾ നിന്റെ ജോലികൾ ചെയ്യാൻ ഏൽപ്പിക്കില്ല. പിഎസ്‌സി എഴുതിയ നല്ല ഗമണ്ടൻ ടീമുകൾ ഞങ്ങൾക്കുണ്ട് നിന്നെ ഉദ്ധരിക്കാൻ.
നീ രോഗം വന്നു ചാകുമ്പോൾ ഞങ്ങൾ കുഴിച്ചിടാൻ അല്പം മണ്ണ് തരും. അവിടെ മര്യാദക്ക് കിടന്നുറങ്ങിക്കോണം. നിന്റെ പേരിൽ കോടികളാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. ആദിവാസിയെ സംരക്ഷിക്കാൻ ആഗോള നിയമങ്ങൾ ഉണ്ട്. അതുകൊണ്ട് ഓരോ വർഷവും ഞങ്ങൾക്ക് ശതകോടികൾ കണക്കിൽ കാണിക്കണം. ഞങ്ങൾ നിനക്ക് അരക്കിലോ അരിയും ഒരു കിലോ ഉരുളക്കിഴങ്ങും തരും. നീ ചുമ്മാ ഒപ്പിട്ടിട്ടുപോകണം. അത് വച്ച് വേണം ഞങ്ങൾക്ക് അത് ശതകോടികളുടെ കണക്കാക്കി മാറ്റാൻ. നീ ഒരിക്കലും ഇതൊന്നും കുത്തിപ്പൊക്കി കൊണ്ടു വരില്ലെന്നു ഞങ്ങൾക്കറിയാം. ഈ അടിച്ചുമാറ്റൽ ഇല്ലെങ്കിൽ പിന്നെ നിന്നെപ്പോലെയുള്ളവരുടെ അടുത്തുവന്നു ഞങ്ങൾ എന്തിന് പണിയെടുക്കണം.[BLURB#4-H]
അഥവാ ഒരുത്തൻ കേറി അങ്ങു ചോദ്യം ചെയ്താൽ ഞങ്ങൾ അവനെ അപ്പോൾ തന്നെ മാവോയിസ്റ്റാക്കും. ആദ്യം നാടുകാണി ദളം, അട്ടപ്പാടി ദളം എന്നൊക്കെ പറഞ്ഞു ഒന്നു വിരട്ടി നോക്കും. എന്നിട്ടും മനസിലാവുന്നില്ലെങ്കിൽ അങ്ങു കാച്ചിക്കളയും. നീ എന്നാ ചെയ്യാനാ. നിനക്ക് വേണ്ടിയായിരുന്നെടാ കൂവേ ശബ്ദം ഉയരാനുള്ളത്. അട്ടപ്പാടി എന്നത് ഞങ്ങൾ പട്ടിണിക്കോലങ്ങളും വിവരം ഇല്ലാത്തവരെയും സൂചിപ്പിക്കുന്ന ഒരു വാക്ക് മാത്രമാണ്.
(ഗ്രാഫിക്‌സുകൾക്കും ചിത്രങ്ങൾക്കും ഫേസ്‌ബുക്ക് ഗ്രൂപ്പുകളോട് കടപ്പാട്)