തിരുവനന്തപുരം; മീടു ആരോപണത്തിൽ കുടുങ്ങിയ നടൻ അലൻസിയർ ലോപ്പസിന് വീണ്ടും തിരിച്ചടി. നടനുമായി ചെയ്യാനുദ്ദ്യേശിച്ചിരുന്ന സിനിമ വേണ്ടെന്നു വെക്കുന്നുവെന്ന് ക്യാമറാമാൻ ഷാജി പട്ടണം. പ്രഖ്യാപനം വന്നത് നടി ദിവ്യാ ഗോപിനാഥിന്റെ വെളിപ്പെടുത്തലിന് പിന്നാലെ. ഷാജിയുടെ പ്രഖ്യാപനം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു.

അലൻസിയർചെയ്തത് തെമ്മാടിത്തരം. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതും. അലൻസിയർ മായി സിനിമാ മേഖലയിൽ മാത്രമല്ല ഒരുതരത്തിലും സഹകരിക്കില്ലെന്നും ദിവാഗോപിനാഥിന്റെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഷാജി പ്രതികരണം അറിയിച്ചിട്ടുണ്ട്.

അലൻസിയർ മറ്റു സെറ്റുകളിലും സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളാണെന്ന് പല സ്ത്രീകളും വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം അയാൾ മാനസികമായുള്ള പ്രശ്‌നം കൊണ്ടാണ് പറ്റിപ്പോയതെന്ന് പറഞ്ഞ് തന്നോട് മാപ്പു പറഞ്ഞിരുന്നു. എന്നാൽ അയാൾ അങ്ങനെയല്ലെന്ന് വ്യക്തമാക്കുന്ന രീതിയിൽ സ്ത്രീകൾ പറയുന്നതിന്റെ ഓഡിയോ ക്ലിപ്പുകൾ തന്റെ പക്കലുണ്ടെന്നും ദിവ്യ ഫേസ്‌ബുക്കിൽ ലൈവിൽ വെളിപ്പെടുത്തിയിരുന്നു.

ഷൂട്ടിംഗിനിടെ അലൻസിയർ ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന വിവരം സാമൂഹ്യമാധ്യമത്തിലൂടെ പേരു വെളിപ്പെടുത്താതെയായിരുന്നു നടി പുറത്തു വിട്ടത്.തന്റെ നാലാമത്തെ ചിത്രത്തിൽ വർക്ക് ചെയ്യുന്ന സമയത്താണ് അലൻസിയറിൽ നിന്നും മോശം അനുഭവം ഉണ്ടായത്. നേരിട്ട് പരിചയപ്പെടുന്നത് വരെ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അലൻസിയർ.ഒരിക്കൽ ഭക്ഷണം കഴിക്കാൻ ഒരുമിച്ചിരിക്കുമ്പോഴായിരുന്നു ആദ്യ അനുഭവമുണ്ടായത്. അന്ന് ഒരു മനുഷ്യനേക്കാൾ വലുതാണ് ഒരു നടനെന്നൊക്കെയുള്ള ഡയലോഗുകൾ അലൻസിയർ പറയുമ്പോഴൊക്കെ അയാളുടെ കണ്ണുകൾ എന്റെ ശരീരത്തായിരുന്നു .

അതോടെ അദ്ദേഹത്തിന് അടുത്ത് നിൽക്കുന്നത് സേഫ് അല്ലായെന്ന് ബോധ്യമായി. അയാളുടെ കണ്ണുകൾ പലപ്പോഴും എന്റെ പിന്നാലെ ഉണ്ടായിരുന്നു. സ്ത്രീകളുടെ ശരീരത്തെ വളരെ വൾഗറായി ചിത്രീകരിക്കുന്നതിൽ അയാൾക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല.ആർത്തവ ദിവസം ക്ഷീണം കാരണം കുറച്ച് നേരത്തെ ബ്രേക്ക് എടുത്ത് റൂമിൽ പോയി. റൂമിലെത്തി വിശ്രമിക്കുന്നതിനിടെ ഡോറിൽ ആരോ മുട്ടി. കീ ഹോളിലൂടെ നോക്കിയപ്പോൾ അലൻസിയർ ആണെന്ന് കണ്ടതും ഷോക്കായി. ഉടൻ തന്നെ സംവിധായകനെ വിളിച്ച് കാര്യം പറഞ്ഞു. പേടിക്കണ്ടെന്നും ഒരാളെ പറഞ്ഞ് വിടാമെന്നും അദ്ദേഹം പറഞ്ഞു.

അലൻസിയർ ഡോറിൽ മുട്ടിക്കൊണ്ടേയിരുന്നു. ഒടുവിൽ ഡോർ തുറന്നു. ഉടൻ അകത്തേക്ക് ചാടിക്കയറി ഡോറ് ലോക്ക് ചെയ്തു. അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്റെ അടുത്തേക്ക് വരുന്നതിനിടെ അസിസ്റ്റന്റ് ഡയറക്ടർ വന്നു. അടുത്ത ഷോട്ട് അലൻസിയറുടെ ആണെന്ന് പറഞ്ഞ് അയാൾ അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോയി.

അടുത്ത ദിവസം രാവിലെ എന്റെ റൂമിന്റെ വാതിലിൽ വീണ്ടും അയാൾ മുട്ടി. അന്ന് എന്റെ കൂടി എന്റെ ഒരു പെൺസഹപ്രവർത്തക കൂടി ഉണ്ടായിരുന്നു. ഡോറ് ബെൽ കേട്ടപ്പോൾ അവൾ പോയി തുറന്നു. അലൻസിയർ ആയിരുന്നു പുറത്ത്. അവർ തമ്മിൽ കുറച്ച് നേരം സംസാരിച്ചു. പക്ഷേ, തിരിച്ച് ഡോർ ലോക്ക് ചെയ്യാൻ അവൾ മറന്നു. കുളിക്കാനെന്ന് പറഞ്ഞ് അവൾ ബാത്ത്റൂമിൽ കയറി.

എന്നെ ഞെട്ടിച്ച് കൊണ്ട് അയാൾ അകത്തേക്ക് കയറി വന്നു. ഞാൻ ചാടി എഴുന്നേൽക്കാൻ നോക്കി. 'കുറച്ച് നേരം കൂടി കിടക്കൂ' എന്ന് പറഞ്ഞ് അയാളെന്റെ കൈയിൽ പിടിച്ച് വലിച്ചു. എന്റെ ബഹളം കേട്ട് കൂട്ടുകാരി എന്താ പ്രശ്‌നം എന്ന് വിളിച്ച് ചോദിച്ചു. അതോടെ അയാൾപുറത്തേക്കിറങ്ങിപ്പോയി.  പിന്നീട് അവളോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അവളും ഞെട്ടി. ഇതുപോലെ ഒരുപാട് പേർക്ക് അലൻസിയറുടെ ശരിക്കുള്ള മുഖം അറിയാം. അയാളെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും അറിയാം. പതുക്കെ അവർ അത് പറയുമായിരിക്കുമെന്നും ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന സൈറ്റിൽ എഴുതിയ ലേഖനത്തിൽ നടി പറഞ്ഞിരുന്നു.