തിരുവനന്തപുരം: പി ടി തോമസിന്റെ ജീവിതത്തെക്കുറിച്ച് ഹൃദയം തൊടുന്ന ഓർമ്മക്കുറിപ്പുമായി ഡോ. ഷാജി ജേക്കബ്.എംഎൽഎയുടെ ജീവിതത്തെയും രാഷ്ട്രീയ നിലപാടുകളെയും വളരെ കുറഞ്ഞവാക്കിൽ ഹൃദയസ്പർശിയായാണ് കുറിപ്പിലുടെ പങ്കുവെച്ചിരിക്കുന്നത്.പി ടി യു ടെ ജീവിതം കുടിയേറ്റ കർഷകർക്ക് മുന്നിൽ ഒരു വിസ്മയമാണ്. കാരണം, 'ഹൈറേഞ്ചിൽ കൃഷിപ്പണി ചെയ്തു തീരാവുന്ന ഒരു സാധാരണ ജീവിതമാണ് പി.ടി അസാധാരണമായ ആത്മബലത്തോടെ ഇന്ത്യൻ പാർലമെന്ററി രാഷ്ട്രീയത്തിന്റെ സുവർണ ഭൂപടത്തിലേക്ക് മാറ്റി വരച്ചതെന്ന് അദ്ദേഹം പറയുന്നു.പി.ടി തോമസിന്റെ വിരൽ ചൂണ്ടൽ ഒരു മുന്നറിയിപ്പാണ്. ആ രാഷ്ട്രീയം ഭാവിയുടേതാണ്. കാലം അതു തിരിച്ചറിയുക തന്നെ ചെയ്യുമെന്നും ഷാജി ജേക്കബ് ഫേസ്‌ബുക്കിൽ കുറിക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

1960 കളിൽ, കടുത്ത ദാരിദ്യം മൂലം സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങിയ സമയത്ത് ഒരു വർഷക്കാലം മധുരബസ്സ്റ്റാൻഡിലും പരിസരത്തും പേന വിറ്റ് ജീവിച്ച ശേഷമാണ് നാട്ടിലെത്തി കൂലിപ്പണിക്കു പോയിത്തുടങ്ങിയത് പി.ടി. തോമസ്. ഏറെ വൈകി പ്രി- ഡിഗ്രിക്ക് ചേർന്ന പി ടി യു ടെ ജീവിതം കുടിയേറ്റ കർഷകർക്ക് മുന്നിൽ ഒരു വിസ്മയമാണ്. കാരണം, 'ഹൈറേഞ്ചിൽ കൃഷിപ്പണി ചെയ്തു തീരാവുന്ന ഒരു സാധാരണ ജീവിതമാണ് പി.ടി അസാധാരണമായ ആത്മബലത്തോടെ ഇന്ത്യൻ പാർലമെന്ററി രാഷ്ട്രീയത്തിന്റെ സുവർണ ഭൂപടത്തിലേക്ക് മാറ്റി വരച്ചത്.

2009 - 14 ലോകസഭയിൽ 96.81 ശതമാനം ഹാജരും 466 ചോദ്യങ്ങളുമായി പി ടി സൃഷ്ടിച്ചത് ചരിത്രമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ എംപി യായി ഇന്ത്യാ ടുഡെ പി ടി യെ തെരഞ്ഞെടുത്തു. തുടർന്ന് ഗാഡ്ഗിൽ കാലത്തെ കൊടുങ്കാറ്റിൽ തന്റെ പാർലമെന്ററി ഭാവി തുലാസിലാടിയപ്പോൾ പി. ടി പരസ്യമായി പ്രഖ്യാപിച്ചത് എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചാലും ഞാൻ ഈ നിലപാട് മാറ്റില്ല എന്നായിരുന്നു.

പി.ടി നിലപാട് മാറ്റിയില്ല . അതായിരുന്നു പി.ടി. തോമസ്. കുടുംബം പോറ്റാൻ കല്ലും മണ്ണും ചുമന്നവന്റെ കാർക്കശ്യം ഒത്തുതീർപ്പുകളില്ലാത്ത സമൂഹ്യനിലപാടുകളിലേക്ക് വിവർത്തനം ചെയ്ത പി.ടി. യഥാർഥ ഇടതു രാഷ്ട്രീയത്തെയും മതേതര ജീവിതത്തെയും ജനാധിപത്യ ബോധ്യങ്ങളെയുമാണ് മരണാനന്തരവും സ്ഥാനപ്പെടുത്തുന്നത്. ഏലത്തോട്ടങ്ങളിൽ കൂലിപ്പണിയെടുത്ത് രാഷ്ട്രീയത്തിലും കുറ്റകൃത്യങ്ങളിലും മാത്രമല്ലാ പള്ളിമതത്തിന്റെ പോലും പിന്തുണയോടെ ഭൂമി, ടൂറിസം തുടങ്ങിയവയിലും വൻ മാഫിയയായി മാറിയവരുടെ നാട്ടിൽ നിന്നാണ് പരന്ന വായനയിലൂടെ ആർജ്ജിച്ച അറിവിന്റെയും പരിസ്ഥിതി വാദത്തിന്റെയും ജനായത്ത ബോധത്തിന്റെയും പാർലമെന്ററി മികവിന്റെ യും സെക്കുലർ സമീപനങ്ങളുടെയും കടുകിട തെറ്റാത്ത കണിശതകളുമായി പി.ടി. തോമസ് വന്നത് എന്ന് മറക്കരുത്.

അപവാദ പ്രചാരകർക്കും വിശുദ്ധപശുക്കൾക്കും ശവംതീനി ഗുണ്ടകൾക്കും ആ മനുഷ്യനെ ഒരു തരത്തിലും പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. ഭൂതകാലത്തിന്റെ കല്ലറ കാവൽക്കാർക്ക് ഒരു സംശയവും വേണ്ട, പി.ടി തോമസിന്റെ വിരൽ ചൂണ്ടൽ ഒരു മുന്നറിയിപ്പാണ്. ആ രാഷ്ട്രീയം ഭാവിയുടേതാണ്. കാലം അതു തിരിച്ചറിയുക തന്നെ ചെയ്യും.