ധുനികതയുടെ പ്രത്യയശാസ്ത്രബന്ധങ്ങൾക്കുള്ളിൽ നിലനിന്ന അടിസ്ഥാനപരമായ വിള്ളലുകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് നോവൽ തുടക്കം തൊട്ടുതന്നെ അതിന്റെ ആഖ്യാനകലയ്ക്കു രൂപം കൊടുത്തിട്ടുള്ളത്-ഏതു നാട്ടിലും. ഭാഷ (വാമൊഴി-വരമൊഴി), സ്ഥലം (നാട്-രാഷ്ട്രം), കാലം (ഐതിഹ്യം- വാസ്തവികം), സമൂഹം (ജാതി/വംശ ബദ്ധം-സ്വതന്ത്രം), ലോകം (മതാത്മകം - മതേതരം), ജീവിതം (ഭാവിതം-യഥാതഥം), കഥനം (പറച്ചിൽ-എഴുത്ത്), മാധ്യമം (ഭാഷണം-അച്ചടി), രൂപം (കഥ-പുസ്തകം), സംസ്‌കൃതി (മിത്ത്- ചരിത്രം) എന്നിങ്ങനെ എത്രയെങ്കിലും അനുഭൂതിതലങ്ങളെ യുക്തിബദ്ധമായ അവയുടെ സംഘർഷങ്ങളോടെ സ്വാംശീകരിക്കുകയായിരുന്നു, നോവലിന്റെ കലാപദ്ധതി, അതുകൊണ്ടുകൂടിയാണ് അച്ചടിക്കുശേഷമുണ്ടായ ഒരേയൊരു സാഹിത്യരൂപം എന്ന് മിഖായേൽ ബക്തിൻ വിളിക്കുന്ന നോവൽ ആധുനികതയുടെ ഭാവരാഷ്ട്രീയം സാക്ഷാത്കരിക്കുന്നതിൽ ഏറ്റവും കൂടുതൽ വിജയിച്ച സാംസ്‌കാരികരൂപമായി മാറിയത്. ഡോൺ ക്വിക് സോട്ട് (1605) മുതലുള്ള ലോകക്രമത്തിന്റെയും ആധുനികതയുടെയും സാഹിത്യഭാവനയുടെയും നോവലിന്റെയും സ്വരൂപം മനുഷ്യചരിത്രത്തിലെ ഒരൂ നെടും പിളർപ്പാണ് എന്നു പറയുന്നതിനു കാരണവും അതുതന്നെയാണ് ആധുനികതയുടെ വിധാതാക്കളിൽ ദക്കാർത്തെ മാത്രമല്ല സെർവാന്റിസുമുണ്ട് എന്ന കുന്ദേരയുടെ നിരീക്ഷണം ഓർക്കുക.

മലയാളത്തിന്റെ കഥയെടുക്കൂ: 'ഘാതകവധം' ഇംഗ്ലീഷിലെഴുതപ്പെട്ട 1850കളുടെ രാഷ്ട്രീയഭൂപടം, കേരളീയാധുനികതയുടെയും നവോത്ഥാനത്തിന്റെയും കൊടുങ്കാറ്റുകൾ കൂടുവിട്ടു പുറത്തുവന്ന കാലമായിരുന്നു. അടിമവിളംബരം മുതൽ പന്തിഭോജനങ്ങൾ വരെ; വാക്‌സിനേഷൻ മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം വരെ; ബ്യൂറോക്രസി മുതൽ റിയലിസത്തിന്റെ ഭാവുകത്വവിനിമയങ്ങൾ വരെ; ശാസ്ത്രമാസികകൾ മുതൽ വിവർത്തനപ്രക്രിയ വരെ; തൊഴിലാളി സ്വത്വബോധം മുതൽ സ്ത്രീസ്വാതന്ത്ര്യം വരെ-പ്രൊട്ടസ്റ്റന്റ് മാനവികതക്കും അച്ചുകൂടങ്ങൾക്കുംമേൽ പ്രതിഷ്ഠിതമായ നവോത്ഥാനാധുനികതയുടെ പ്രത്യയശാസ്ത്ര ഉപകരണങ്ങൾ നിർമ്മിച്ച, പിളർന്ന ലോകക്രമത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയമായിരുന്നു 'ഘാതകവധ'ത്തിന്റെ കലയും സൗന്ദര്യശാസ്ത്രവുമായി വികാസം പ്രാപിച്ചത്.

ഇക്കഴിഞ്ഞ 160 വർഷവും മലയാളനോവൽ ചെയ്തുകൊണ്ടിരിക്കുന്നത് അതിന്റെ പാഠരൂപത്തിൽ ഭിന്നമാനങ്ങളിൽ മേല്പറഞ്ഞ കാലപ്പിളർപ്പുകളെ ഖനീഭവിപ്പിക്കുകയാണ്. ഉത്തരമലബാറിന്റെ ഭൂതബന്ധങ്ങളെയും കാലഖണ്ഡങ്ങളെയും മിത്തും ചരിത്രവും ഇടകലരുന്ന തെയ്യങ്ങളുടെ ഭാവപ്രരൂപങ്ങളായി പുനഃസൃഷ്ടിക്കുന്ന നിരവധി കഥകളിലും മൂന്നു നോവലുകളിലും കൂടി അംബികാസുതൻ മാങ്ങാട് പങ്കുചേരുന്നതും ഈയൊരു ഭാവനാസംസ്‌കൃതിയിലാണ്.

മറ്റെന്തിലുമുപരി തെയ്യങ്ങളുടെ കഥാകാരനാണ് അംബികാസുതൻ. ദേശസംസ്‌കാരങ്ങളുടെ, കാലഭൂതങ്ങളുടെ, ജാതിസ്വത്വങ്ങളുടെ, പെണ്ണിനും കീഴാളനുമെതിരായ ആണധികാരക്കോയ്മകളുടെ അതീതലോകങ്ങളുടെ - പഞ്ചലോഹക്കൂട്ടാണ് ഏറിയും കുറഞ്ഞും ഓരോ തെയ്യവും. ദൈവമായി മാറുന്ന മനുഷ്യന്റെ സാധ്യതകളുടെ ഉത്സവം. ശരീരങ്ങളിലേക്കു പടർന്നുകയറുന്ന ആത്മാക്കളുടെ കളിയാട്ടം. പരകായപ്രവേശത്തിന്റെ പരമാനന്ദലഹരി. ചരിത്രം മിത്തായി ഊറിക്കൂടുന്ന ജനജീവിതവൈഖരി... അനുഷ്ഠാനത്തിന്റെയും. ആവിഷ്‌ക്കാരത്തിന്റെയും സാംസ്‌കാരിക സമ്മിശ്രങ്ങളുടെ കാഴ്ചക്കെട്ടുകൾ. വടക്കേ മലബാറിന്റെ സാമൂഹ്യാബോധത്തിന്റെ നെടും തൂണുകളിലൊന്ന്. അംബികാസുതൻ തന്റെ എത്രയെങ്കിലും കഥകളിലും മുഴുവൻ നോവലുകളിലും ഈ തെയ്യങ്ങളെ മേൽസൂചിപ്പിച്ച അഞ്ചു ഭാവസന്ദർഭങ്ങളുടെയും ചരിത്രപാഠവും രാഷ്ട്രീയരൂപകവുമാക്കി മാറ്റുന്നു. ആഗോളവൽകൃത-അധിനിവേശകാലത്തിന്റെ ഹിംസാത്മക യുക്തികൾക്കെതിരെ തിടംവച്ചുണരുന്ന മാനവികതയുടെ പ്രാണസങ്കടങ്ങളിൽ നിന്ന് ഓർമ്മയുടെയും സമരങ്ങളുടെയും ആധുനികാനന്തര സൂചകങ്ങളിലേക്ക് തെയ്യത്തിന്റെ പകർന്നാട്ടം നടത്തുകയാണ് അംബികാസുതന്റെ ലാവണ്യരാഷ്ട്രീയം എന്നു പറയാം. 'മരക്കാപ്പിലെ തെയ്യങ്ങൾ', 'എന്മകജെ' എന്നീ രണ്ടു നോവലുകളിലും തെയ്യം നിർവഹിക്കുന്ന സാഹിത്യധർമ്മമതാണ്.

കടാങ്കോട്ട് മാക്കം എന്ന പെൺതെയ്യത്തിന്റെ കഥപറയുന്ന പുതിയ നോവൽ സൃഷ്ടിക്കുന്ന കലാനുഭൂതിയാകട്ടെ, മുൻനോവലുകളിലേതുപോലുള്ള സമകാലികവും പ്രത്യക്ഷവുമായ രാഷ്ട്രീയസന്ദർഭങ്ങളുടെ വിമർശനവും പ്രതിരോധവുമല്ല. മറിച്ച് നൂറ്റാണ്ടുകൾക്കു മുൻപുള്ള ഉത്തരമലബാറിന്റെ നാടുവാഴി-ഭൂപ്രഭു-മാടമ്പിസംസ്‌കാരത്തിൽ ഫണം നീർത്തിയാടിയ ആണധികാരത്തിന്റെയും ലൈംഗികസദാചാരബോധത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും ചോരകിനിയുന്ന ഒരേടിന്റെ ഗദ്യാഖ്യാനമാണ്. പല തെയ്യങ്ങളുടെയും മിത്തുകൾ അവയുടെ ആഖ്യാനത്തിന്റെ ഘടനയ്ക്കുള്ളിൽ പേറുന്ന കൊടിയ ദുഃഖങ്ങളുടെയും മാനുഷികമായ വ്യഥകളുടെയും ദൈവികമായ നിരാധാരത്വങ്ങളുടെയും ചരിത്രഗാഥക്ക് നോവൽരൂപത്തിൽ ലഭിച്ച കാലാന്തരപാഠമാകുന്നു ഈ രചന. ചിറയ്ക്കൽ ടി. ബാലകൃഷ്ണൻനായർ തന്റെ കേരളഭാഷാഗാനങ്ങളിൽ സമാഹരിച്ചവതരിപ്പിച്ച മാക്കം തെയ്യത്തിന്റെ തോറ്റംപാട്ടിന് അംബികാസുതൻ നൽകുന്ന പുനരാഖ്യാനം. നോവലിനാധാരമായി താൻ സ്വീകരിച്ച മാക്കം തെയ്യത്തിന്റെ തോറ്റംപാട്ടിനുള്ള കലാത്മകതയും ജീവിതബദ്ധതയും എത്രയാണ് സാക്ഷാത്കരിക്കുന്നതെന്ന് അംബികാസുതൻ ഓർത്തെടുക്കുന്നുണ്ട്. വായിക്കുക:

'മാക്കംതെയ്യത്തിന്റെ തോറ്റം എന്നാണ് ആദ്യം വായിച്ചത് എന്നോർക്കാനാവുന്നില്ല. എത്രയോതവണ വായിച്ചനുഭവിച്ചു എന്നതു സത്യമാണ്. ആദ്യാകാലത്തൊക്കെ വായിക്കുമ്പോൾ മാക്കമെന്ന യുവതിയായ അമ്മയും രണ്ട് പിഞ്ചുമക്കളും അനുഭവിച്ച ഹൃദയഭേദിയായ മഹാസങ്കടത്തിന്റെ കഥയാണ് ഉള്ളിൽത്തട്ടിയത്. പിന്നെപ്പിന്നെയാണ് ദീർഘമായ ആ തോറ്റംപാട്ട് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ തിരിച്ചറിയാനുള്ള വലിയൊരു നിധിയാണെന്ന തിരിച്ചറിവുണ്ടായത്. രണ്ട്-രണ്ടര നൂറ്റാണ്ടിന് മുമ്പത്തെ വടക്കൻ കേരളത്തിന്റെ മരുമക്കത്തായമെന്ന ദായക്രമത്തിന്റെ അസാധാരണമായ സവിശേഷതകളും അക്കാലത്തെ നിരവധിയായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ആഘോഷങ്ങളും കലകളും കളികളും മറ്റും വിസ്മയത്തോടുകൂടി മാത്രമേ സഹൃദയനായൊരു വായനക്കാരന് വായിച്ചവസാനിപ്പിക്കാനാവൂ. അന്നത്തെ വേഷവിധാരണരീതി, ഊണിനുള്ള വിഭവങ്ങൾ, പലഹാരങ്ങൾ, പലവിധത്തിലുള്ള നെല്ലിനങ്ങൾ, മരങ്ങൾ, ചെടികൾ, പൂക്കൾ, ആയുധങ്ങൾ, പാത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയെല്ലാം അന്വേഷിച്ചുപോകുന്ന ചരിത്രവിദ്യാർത്ഥിയെ മാക്കത്തെയ്യത്തിന്റെ തോറ്റമ്പാട്ട് പിടിച്ചിരുത്തും. പൂരത്തെക്കുറിച്ചുള്ള വിശദമായ വർണ്ണനകളാണ് ഈ തോറ്റത്തിലെ ഏറ്റവും മനോഹരവും ഹൃദ്യവുമായ ഭാഗങ്ങളിലൊന്ന്. നമുക്കിന്നജ്ഞാതമായ പ്രസവശുശ്രൂഷകളും നായർ സമൂഹത്തിൽ നിലനിന്നിരുന്ന വിചിത്രമായ വിവാഹ സമ്പ്രദായങ്ങളും (അമ്പെയ്ത് മത്സരത്തിൽ വിജയിക്കുന്ന വീരന് വധുവിനെ ലഭിക്കുമെന്ന ഇവിടെ നിലനിന്നിരുന്ന സമ്പ്രദായത്തെ ശ്രീരാമന്റെയും അർജ്ജുനന്റെയും വിവാഹകഥകളോട് ചേർത്തുവെച്ചു വായിക്കുന്നത് കൗതുകകരമായിരിക്കും.) ജാതിവ്യവസ്ഥയും കണ്ണൂർ ജില്ലയിലെ നിരവധിയായ സ്ഥലപ്പേരുകളും ആരാധനാലയങ്ങളും പുഴകളും മലകളും വയലുകളുമെല്ലാം ഈ തോറ്റത്തിലൂടെ പുനർജനിക്കുന്നു.

ചേതോഹരമായ എത്രയെത്ര വാക്കുകളാണ് നമുക്കു നഷ്ടമായത് എന്നും മാക്കത്തോറ്റം നമ്മെ ഓർമ്മിപ്പിക്കുന്നു. വസുമന, മസ്താരണ, മിന്നം, ഏത്തം, വർജ്ജന, ഒലക്കോട്, കുമർച്ച, പോനാകം, പൂമന്തിരി, പാഞ്ഞൊളിക, ആടവാടം, അന്തോളം, അമണ്ടെല, കെരണ്ട്, പൊലീപാങ്ങ്, ചവറ്, തരവ്, ഏല്, ഉക്ക് തുടങ്ങിയ തേൻകിനിയുന്ന നാട്ടുഭാഷാപദങ്ങളുടെ ഖനികൂടിയാണ് ഈ തോറ്റമ്പാട്ട്. (തെക്കൻ കേരളത്തിൽ പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ 'ഉണ്ണുനീലിസന്ദേശ'ത്തിൽ, പനയനാർ കാവ് ഭഗവതിയെ വർണ്ണിക്കുന്ന ഘട്ടത്തിൽ, ചോര 'വെതുവെത' കോരിക്കുടിച്ചു എന്നു പറയുന്നുണ്ട്. വടക്കൻ കേരളത്തിൽ രണ്ടോ മൂന്നോ നൂറ്റാണ്ട് കഴിഞ്ഞിട്ടുണ്ടായ മാക്കത്തോറ്റത്തിലും ഈ വാക്ക് കാണാം എന്നത് ഭാഷാഗവേഷകർക്കു കൗതുകം ജനിപ്പിക്കുന്ന ഒന്നാണ്. 'ഉണ്ണുനീലിസന്ദേശ'ത്തിൽ പതിന്നാല് തരം പഴയ നെൽവിത്തിനങ്ങളെ പരാർശിക്കുന്നുണ്ട്. മാക്കത്തോറ്റത്തിൽ നാലഞ്ചു തരവും. രണ്ടു കൃതികളിലും സ്ഥലവർണ്ണനകൾ വിശദമായി വരുന്നുണ്ട് എന്ന സാദൃശ്യവും എടുത്തുപറയേണ്ടതാണ്.)

മേല്പറഞ്ഞ ചരിത്രപരവും സാംസ്‌കാരികവും ഭാഷാപരവുമായ സവിശേഷതകളെ വീണ്ടെടുക്കാനുള്ള, വായനക്കാർക്കു പരിചയപ്പെടുത്താനുള്ള ഒരു ഭാഷാസ്‌നേഹിയുടെ ഉദ്യമമാണ് ഈ പുസ്തകം. തോറ്റമ്പാട്ടുകൾ സാധാരണ ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിന് പല കടമ്പകൾ ഉണ്ട്്. എത്തിച്ചേർന്നാൽപോലും പഴയൊരു കാവ്യം വായിച്ചു മനസ്സിലാക്കാനും ബുദ്ധിമുട്ടുകളുണ്ടാവാം. മലയാളത്തിലെ ഉദാത്തമായൊരു പഴമ്പാട്ടിനെ പുതിയ വായനക്കാരെ പരിചയപ്പെടുത്താനുള്ള ശ്രമമാണിത്. അത് ഗദ്യത്തിൽ, വിശേഷിച്ചും നോവൽരൂപത്തിലായാൽ ഉദ്യമം എളുപ്പമായി എന്നും തോന്നി. നോവലെന്ന് ഈ ആഖ്യാനത്തെ ഞാൻ വിശേഷിപ്പിക്കുന്നില്ല. പുനരാഖ്യാനം എന്ന വിശേഷണം മതിയാകും'.

ഈ പുനരാഖ്യാനത്തിന്റെ കലയും രാഷ്ട്രീയവും ഇഴപിരിഞ്ഞുനിൽക്കുന്നത് തെയ്യങ്ങൾ പൊതുവിൽ പേറുന്നുവെന്ന് മുൻപുപറഞ്ഞ കടും കയ്പുകളുടെ പുരാതനത്വത്തിൽ തന്നെയാണ്. നോവലിസ്റ്റിന്റെ ഈ വാക്കുകൾ കേൾക്കൂ:

'അതിക്രൂരമാം വിധം അപമൃത്യുവിന്നിരയായ കീഴാളനോ ആൺകോയ്മയുടെ നിഷ്ഠൂരതയിൽ ജീവനറ്റുപോയ സ്ത്രീയോ ആണ് ഒട്ടുമിക്കപ്പോഴും തെയ്യങ്ങളായി പുനർജനിച്ച് ഉലകിനും നാട്ടുകൂട്ടത്തിനും പൈതങ്ങൾക്കും അനുഗ്രഹം ചൊരിയാൻ തിരുമുടിയണിഞ്ഞു വേഷം കെട്ടിയാടുന്നത്. മേലാളന്റെ അനീതിക്കിരയായ പുരുഷൻ എന്നും ദലിതനായിരുന്നു. പക്ഷേ, സ്ത്രീയെ സംബന്ധിച്ചേടത്തോളം കീഴാളയെന്നോ മേലാളയെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. മുച്ചിലോട്ടമ്മയെന്ന തെയ്യമായി മാറിയ കന്യക ബ്രാഹ്മണകുലജാതയായിരുന്നു. കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായിരുന്ന നായർ ജന്മി കുടുംബത്തിലെ യുവതിയായിരുന്നു മാക്കത്തെയ്യമായി മാറിയത്. പാതിവ്രത്യത്തെച്ചൊല്ലിയുണ്ടായ ദുരാരോപണങ്ങളാണ് രണ്ട് തെയ്യം മിത്തുകളിലും സമാനമാംവിധം മരണകാരണമായിത്തീരുന്നത്. തോറ്റം പാട്ടുകളിൽ ബാവനയുടെ പ്രസരമുണ്ടാകാമെങ്കിലും അതിന്റെ കാതലിൽ ശ്രദ്ധിച്ച് ചെവിചേർത്താൽ കണ്ണീരിൽ മുങ്ങിയ കരച്ചിലുകൾ അനുഭവിക്കാനാവും. നൂറ്റാണ്ടുകൾക്കു മുമ്പ്, ജന്മിത്തത്തിന്റെ കരാളയുക്തികൾ നാടുഭരിച്ച കാലത്തിന്റെ നൃശംസതകളും ഓരോ തോറ്റത്തിലും അവതീർണ്ണമാകുന്നുണ്ട്. ദ്രാവിഡമായ കൈക്കരുത്തുകൾക്കു കൈവിലങ്ങിടാൻ ശ്രമിച്ച ബ്രാഹ്മണാധിനിവേശത്തിന്റെ ചരിത്രവും തെയ്യത്തോറ്റങ്ങളിൽനിന്നും ഇഴപിരിച്ചെടുക്കാനാവും'.

മാക്കം തെയ്യത്തിന്റെ ചരിത്രസന്ദർഭമെന്താണ്? ചിറയ്ക്കൽ ടി. ബാലകൃഷ്ണൻനായർ എഴുതുന്നു: ഉത്തരകേരളത്തിൽ, വിശേഷിച്ചും കണ്ണൂർ ജില്ലയിൽ വർഷംതോറും കെട്ടിയാടിച്ചു വരുന്ന തെയ്യങ്ങളാണ് മാക്കവും മക്കളും. ഈ തെയ്യങ്ങൾക്കൊപ്പം, കൊലചെയ്യപ്പെട്ട കാട്ടടിയാനും മാവിന്റെ ഇലകൾ ചുറ്റിയ അപരിഷ്‌കൃത വേഷത്തിൽ തെയ്യമായി അരങ്ങിലെത്തും. കുഞ്ഞുങ്ങൾ പിറക്കാനുള്ള വഴിപാടുകളുമായി മാക്കം തെയ്യത്തെ പ്രത്യേകമായി കെട്ടിയാടിക്കാറുമുണ്ട്. ഗവേഷകനായ ചിറയ്ക്കൽ ടി. ബാലകൃഷ്ണൻ നായർ ഇങ്ങനെ എഴുതിയിട്ടുണ്ട്: 'പ്രാചീന മൂഷികവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയുടെ കിഴക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന വിശാലദേശമായ കുഞ്ഞിമങ്ങലം. അവിടെ പഴയ കടാങ്കോട് തറവാടിന്റെയും പരദേവതയായ വീരചാമുണ്ഡിയുടെയും സ്ഥാനങ്ങൾ ഇന്നും നിലനിൽക്കുന്നു. കണ്ണൂർ ജില്ലയിൽ പലേടങ്ങളിലും പഴയ കടാങ്കോട് ഭവനവുമായി ബന്ധമുള്ള ധാരാളം ഗൃഹങ്ങൾ ഇപ്പോഴുമുണ്ട്. അവിടങ്ങളിലെല്ലാം കടാങ്കോട്ട് മാക്കപ്പോതിയെ കുലപരദേവതയായി ആരാധിച്ചുവരുന്നു. തെക്ക് കോരപ്പുഴമുതൽ വടക്ക് ചന്ദ്രഗിരിപ്പുഴ വരെ വ്യാപിച്ചിരുന്ന കോലത്ത് നാട്ടിൽ പ്രബലരായ രണ്ട് ഇടപ്രഭുക്കന്മാരായിരുന്നു നേർവ്വെട്ട സ്വരൂപവും ചുഴലി സ്വരൂപവും. കോലത്ത് നാടിന്റെ വടക്കേ ഖണ്ഡത്തിലെ കാര്യനടപ്പ് 'ചേരിച്ചേരി'യെന്ന തറവാട്ടിന്റെ 'കാരിഷ'വും വളരെ പ്രധാനപ്പെട്ട സ്ഥാപനങ്ങളായിരുന്നു. ചേണിച്ചേരിക്കാരിഷവുമായി ബന്ധപ്പെട്ട തറവാടായിരുന്നു കടാങ്കോട്. ആ പഴയ 'കാരിഷ'ത്തിന്റെ അനന്തരാവകാശിയായ കുടുംബമാണ് ഇപ്പോഴും നിലനിന്നുവരുന്ന വാരിക്കത്തറവാട്'. എന്താണ് മാക്കം തെയ്യത്തിന്റെ തോറ്റം പാട്ടിലെ ഇതിവൃത്തം? ഏഴിമലയ്ക്കു കിഴക്കുള്ള കുഞ്ഞിമങ്ങലമെന്ന ദേശത്തെ കടാങ്കോട് തറവാട്ടിൽ ജീവിച്ചിരുന്ന രണ്ടു സ്ത്രീകളുടെയും അവരുടെ പന്ത്രണ്ടും രണ്ടും പതിന്നാലുമക്കളുടെയും പന്ത്രണ്ടു മരുമക്കളുടെയും അതിസമ്പന്നമായ ജീവിതത്തിന്റെയും അതിദാരുണമായ മരണത്തിന്റെയും കഥയാണ് ഇതിലുള്ളത്. ഈ കഥ ഇങ്ങനെ സംഗ്രഹിക്കാം.

മരുമക്കത്തായത്തറവാടാണ് കടാങ്കോട്. ഉണിച്ചെറിയ എന്ന തറവാട്ടമ്മക്ക് പന്ത്രണ്ടാൺമക്കളുണ്ടായിട്ടും തറവാട് വാഴാൻ ഒരു പെൺകുട്ടിയുണ്ടായില്ല. പന്ത്രണ്ടാൺമക്കളും കോലത്തിരിയുടെ പടത്തലവന്മാരാണ്. നാട്ടുപ്രമാണിമാരായ നമ്പ്യാന്മാർ. തറവാട് കുറ്റിയറ്റുപോകുമെന്ന സങ്കടത്തിൽ കഠിനവ്രതങ്ങനുഷ്ഠിച്ച ഉണിച്ചെറിയക്കുമുന്നിൽ നാല്പത്തൊന്നാം ദിവസം മന്ത്രമൂർത്തി ഭഗവാൻ കിനാവിൽ പ്രത്യക്ഷപ്പെട്ടു. അവൾക്കൊരു പെൺകുഞ്ഞിനെ അനുഗ്രഹിച്ചു. അങ്ങനെയുണ്ടായതാണ് മാക്കം.

'ഭഗവതിയുടെ തിരുനടയിൽ തൊഴുത് നിന്നപ്പോൾ കൽവിളക്കിന്റെ ചോപ്പ് വെളിച്ചത്തിൽ ഉണ്ണിച്ചെറയയുടെ കവിളുകൾ ജ്വലിച്ചു.

ചെറുപ്പം ഇനിയും മാഞ്ഞിട്ടില്ലാത്ത നീൾമിഴികൾ അല്പംകൂടി മിഴിച്ച് അവൾ ഭഗവതിയെ ഉറ്റ് നോക്കി. വെറ്റില മുറുക്കിച്ചുവന്ന, മലർന്ന കീഴ്‌ച്ചുണ്ടിൽ മെല്ലെമെല്ലെ സങ്കടവാക്കുകൾ വിറച്ചു.

'എന്താ, എന്റെ ഭഗോതീ, നീയെന്നോട് കനിയാത്തത്? ഞാനീ പടിയില് വന്ന് എത്രകാലം കുളിച്ചു തൊഴുത് നിന്നു. എത്രകാലം നോമ്പ് നോറ്റൂ. വേണുന്നോര് വരം നീയെനക്ക് തന്നീലല്ലോ. ന്റെ കുഞ്ഞിമങ്ങലം കടാങ്കോട് തറവാട് വാവാൻ ഒരു പെൺസന്തതീന നീ തന്നിലല്ലോ. എല്ലെല്ലാ തറവാട് വാഴാനും നീ പെണ്ണിനെ കൊട്ത്തില്ലേ? എനക്ക് തന്നതോ? എല്ലാം ആണ് മക്കള്. ഒന്നും രണ്ടുമല്ല പന്ത്രണ്ട് ആണ് മക്കള്. ഓരോ തവണ കരിപ്പക്കാരത്തിയായപ്പോഴും ഞാനീ നടേലേക്കു പാഞ്ഞ് വന്നില്ലേ. ഒര് പെണ്ണിനെത്താ എന്ന് കേണില്ലേ. തന്നീലല്ലോ നീയ്. ന്റെ തറവാട് കുറ്റിയറ്റ് പോകൂലോ ഭഗോതീ..'.

സങ്കടം തിളച്ച് ഉണിച്ചെറിയയ്ക്ക് കരച്ചിൽ വന്നു. തൊണ്ടയിടറി.

'ഒര് പെങ്കുഞ്ഞീന കിട്ടാൻ ഞാന്നി എടപ്പോയി വരമിരിക്കണം?' പകലുദിക്കും ആദിത്യനോടോ ഞാന്നി വരിമിരിക്കേണ്ടത്? രാവുദിക്കും ചന്ദ്രനോടോ ഞാന്നി വരിമിരിക്കണ്ടത്? മുമ്പ് എപ്പഴും വരമിരിക്ക്ന്ന വയത്തൂരെ ബലിക്കൽ മുരട്ട്‌നെ ഞാൻ വരമിരിക്കാം. ഇരുഷിവനത്തിൽ തപസ്സിയാരെ ഞാന് വരമിരിക്കാം'.

വ്യാഴാഴ്ച ഉണിച്ചെറിയ പട്ടിണി കിടന്നു. വെള്ളിയാഴ്ച പുലർച്ചെ എണീറ്റ് വെളുർക്കെ കുളിച്ച് കർക്കെ കണ്ണെഴുതി കല്പകപ്പൂമാല ചൂടി. നാനാഴി അരിയും നന്താർ പുതുക്കലവും തൊഴുതെടുത്ത് ഓലക്കുടയും ചൂടി അവൾ യാത്ര പുറപ്പെട്ട് ബലിക്കൽ മുരട്ടിലെത്തി. കായാമ്പിന്റെ ചില്ലയൊന്നൊടിച്ച് വീണു കിടന്ന ചപ്പുചവറുകളെല്ലാം അടിച്ചുതെളിച്ചു. നോമ്പ് തുടങ്ങി നാല്പത്തൊന്നാം ദിവസമായപ്പോൾ പുലർച്ചെ മന്ത്രമൂർത്തി ഭഗവാൻ കിനാവിൽ പ്രത്യക്ഷപ്പെട്ടു.

തന്റെ വസുമനയടിച്ച് തളിച്ചതു കണ്ട് സന്തുഷ്ടനായ ഭഗവാൻ ചോദിച്ചു:

'നീയാര് പെണ്ണാളേ?'

ഉണിച്ചെറിയ പറഞ്ഞു.

'ഞാന് കുഞ്ഞിമങ്ങലത്തെ കടാങ്കോട്ട് തറവാട്ടിലെ ഉണിച്ചെറിയ'

'നീയെന്തിനാ വരമിരിക്ക്‌ന്നേ?'

'ഒര് പെൺ സന്തതീന കൈയിക്കിട്ടാനാ ദൈവം'

'നീയല്ലേ ഉണിച്ചെറിയേ, മിന്നം പന്ത്രണ്ട് മക്കൾ വരം കൊണ്ടുപോയത്?'

'തന്നത് പന്ത്രണ്ടും ആൺവരമല്ലേ ദൈവേ. തറവാട് വാഴാൻ ഒരെയാര് പെൺവരം തരണേയെനക്ക്'.

'വേണുമ്പോലെയാട്ടെ'.

ഭഗവാൻ അനുഗ്രഹിച്ചു.

വെളിച്ചമായപ്പോൾ എമ്പ്രാന്തിരിയെത്തി തൃക്കോവിൽ തുറന്നു. പെരുമാൾ ദൈവത്തെ നീരാടിച്ചു. ഉണിച്ചെറിയ കൊണ്ടുവന്ന പാലുമരിയും പഞ്ചസാരയും അരയാൽത്തറമ്മേൽ തൊഴ്ത് വെച്ചത് എടുത്ത് എമ്പ്രാന്തിരി ഉരുളിയിൽ നിവേദ്യച്ചോറുണ്ടാക്കി. നേദിച്ചതിന്റെ ബാക്കി ഉണിച്ചെറിയയുടെ മുന്നിൽ കൊണ്ടുവെച്ച് ഉരുളി പിടിച്ച് പ്രാർത്ഥനാനിരതനായി. ശേഷം അരിയും പൂവും നുള്ളി ഉണിച്ചെരിയയുടെ മേലേക്ക് എറിഞ്ഞ് അനുഗ്രഹിച്ചു.

'നീ കെനാവ് കണ്ടത് നെനക്ക് കിട്ടും ഉണിച്ചെറിയേ. പെരുമാള് ന്ന്‌നെ കൈവിടീല. കൊണ്ട്‌പോയി പെറ്റോ നീ പെൺ സന്തതീന. വീട്ടിലേക്കു മടങ്ങിപ്പോക്ന്ന പോക്കില് വയത്തൂരെ കാലിയാറെ തൊഴ്തിട്ട് പോണം. പോന്ന വഴീല് നീ കലക്ക് വെള്ളം കണ്ടാല് ചവിട്ടാറേ. പോന്ന വഴീല് നീ കടച്ചിച്ചാണകം കണ്ടാല് ചവിട്ടറേ'.

വയത്തൂര് വസിക്കുന്ന പശുപതിയെ തൊഴുത്, വഴിയിൽ കണ്ട കലക്കവെള്ളം ചവിട്ടാതെ, പശുക്കിടാവിന്റെ ചാണകം ചവിട്ടാതെ ഉണിച്ചെറിയ കടാങ്കോട്ടേക്ക് നടന്നു'.

അമ്മയും പന്ത്രണ്ടാങ്ങളമാരും അവരുടെ ഭാര്യമാരും മാക്കത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു. സ്‌നേഹിച്ചുവളർത്തി. മാക്കം എഴുത്തുപഠിച്ചു. കാതുകുത്തി. കാമനെ പൂജിക്കുന്ന പൂരം നോമ്പ് നോറ്റു. പൂരത്തിൽ, കെട്ടിത്തൂക്കിയ പൂരാടകൾ അമ്പും വില്ലും കൊണ്ട് എയ്തുമുറിക്കുന്ന കോടിപ്പൂരം നടന്നു. അട എയ്തുമുറിക്കുന്നവർക്ക് മാക്കത്തെ വേളികഴിക്കാം. എല്ലാവരും തോറ്റു പിന്മടങ്ങിയപ്പോൾ അവളുടെ മുറച്ചെറുക്കനായ കുട്ടിനമ്പർ അട എയ്തുവീഴ്‌ത്തി. വൃത്തിയും വെടിപ്പുമില്ലാതിരുന്ന അവനെ മാക്കം അപമാനിച്ചെങ്കിലും പന്ത്രണ്ടുവയസ്സായപ്പോൾ അവൾ അവനെത്തന്നെ വേളികഴിച്ചു.

'നാടകശാല നടപ്പന്തലിൽ സഭ കൂടുകയാണ്. മാക്കത്തിന്റെ മൂത്താങ്ങളയായ പടവീരൻ കുഞ്ഞിക്കോമൻ എഴുന്നേറ്റപ്പോൾ പന്തലിൽ നിശബ്ദത പരന്നു.

'കാമനാറെ യാത്രയാക്കി കുഞ്ഞിമാക്കം മടങ്ങി വന്നല്ലോ. ഇത് കുഞ്ഞിമാക്കത്തിന്റെ കോടിപ്പൂരമാണ്. എനിയാണ് അട എയ്തു മുറിക്കേണ്ടത്.'

വാല്യക്കാർ പന്തലിൽ മണിനന്താർ വിളക്കുകൾ തൂക്കി. അതിനടുത്തായി ഏഴ് പൂരടകളും കെട്ടിത്തൂക്കി. ചുവട്ടിൽ അരിയിട്ട അലറ്കടമ്പൻ വെള്ളിത്തളിക വെച്ചു. സമീപമുള്ള ആവണിപ്പലക മേൽ വാല്യക്കാർ അമ്പും വില്ലും കൊണ്ടുവെച്ച് സഭയെ താണുവണങ്ങി.

മൂത്തനമ്പ്യാർ വീണ്ടും എഴുന്നേറ്റു.

'ഇനി അമ്പെയ്ത്ത് നടക്കട്ടെ. അമ്പെയ്ത് അട വീഴ്‌ത്തുന്ന വീരന് കുഞ്ഞിമാക്കത്തെ വേളി കഴിക്കാം'.

അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കാൻ ഓരോരുത്തരായി വേദിയിലെത്തി. പക്ഷേ ആർക്കും അട മുറിക്കാനായില്ല. എല്ലാവരും പരാജിതരായി പിൻവാങ്ങിയപ്പോൾ സഭയിൽ ചുളിക്കുപ്പായവും ചൊറിത്തൊപ്പിയും ധരിച്ച് വേഷപ്രച്ഛന്നനായി പതുങ്ങിയിരുന്ന മാക്കത്തിന്റെ മുറച്ചെറുക്കൻ കുട്ടി നമ്പർ എഴുന്നേറ്റ് പടവീരന്മാരുടെ മുമ്പാകെ ചെന്ന് താണുവണങ്ങി സമ്മതം വാങ്ങിച്ചശേഷം അമ്പും വില്ലും കൈയിലെടുത്തു.

മുട്ടുകുത്തിയിരുന്ന് ഒരു കണ്ണടച്ച് ഒരു കണ്ണ് തുറന്ന് ലക്ഷ്യം പിടിച്ചു. ആദ്യത്തെ അമ്പിന് ആദ്യത്തെ അട ഞെട്ടറ്റു വീണു. പിന്നെ ഓരോ അമ്പിനും ശേഷിച്ച ആറ് അടകളും നിലം പറ്റി. അടുത്ത അമ്പിന് അലർകടമ്പൻതളികയുടെ വക്കടർന്ന് തെറിച്ചു. ഒടുവിലത്തെ അമ്പിന് നന്താർ വിളക്ക് തുടരറ്റ് നിലംപതിച്ചു.

സഭയിൽ വന്നുകൂടിയവരെല്ലാം അത്ഭുതസ്തിമിതരായി. 'ഹാ', 'ഹൂ' ശബ്ദങ്ങൾ പന്തലിൽ അലയടിച്ചു. പന്ത്രണ്ടാങ്ങളമാരുടെ മുഖത്തും പ്രകാശം പരന്നു.

പക്ഷേ, തൊട്ടടുത്ത നിമിഷത്തിൽ ചില അനിഷ്ടസംഭവങ്ങൾ ഉണ്ടായി. അട എയ്യാൻ ചുക്കൻ ചൊറിയനായ കുട്ടിനമ്പർ വന്നതേ കുഞ്ഞിമാക്കത്തിന് ഇഷ്ടമായിരുന്നില്ല. മച്ചുനിയനാണെങ്കിലും അവന് അട മുറിക്കാൻ കഴിയുമെന്നും അവൾ പ്രതീക്ഷിച്ചില്ല.

തെറങ്കണ്ണാലേ നോക്കിനിന്ന മാക്കം ആദ്യ അട വീണപ്പോൾ തന്നെ ഒന്നു ഞെട്ടി. പിന്നെ ഓരോന്നായി വീഴുന്നത് അവൾക്കു വിശ്വസിക്കാനായില്ല. യാഥാർത്ഥ്യം ബോധ്യമായപ്പോൾ അരിശം അടക്കാനായില്ല. അവൾ അലറിപ്പറഞ്ഞു:

'ഇത്രയേറെ നായന്മാറും നമ്പ്യാന്മാറും ഈ പന്തലിൽ കൂടിയിരിക്കുമ്പോ, മുക്കൻ കൂറ്റിലെ ചുക്കൻ ചൊറിയനാണോ അട എയ്തിട്ടത്? ഛീ! ഇപ്പപ്പോണം ഇക്കയ്യന് ഈ പന്തലീന്ന്.'

സഭ നടുങ്ങി. ഉണിച്ചെറിയ പെട്ടെന്ന് കുഞ്ഞിമാക്കത്തിന്റെ വായ പൊത്തിപ്പിടിച്ചു. പക്ഷേ, അപ്പോഴേക്കും കുട്ടിനമ്പറും കൂടിനിന്നവരും മാക്കത്തിന്റെ വാക്കുകൾ കേട്ടിരുന്നു.

ആൾക്കൂട്ടത്തിനു നടുവിൽ താൻ അപമാനിക്കപ്പെട്ടതായി കുട്ടിനമ്പർക്കു തോന്നി. ദേഷ്യം താങ്ഹാനരുതാതെ അവൻ ചൊറിത്തൊപ്പിയും ചുളിക്കുപ്പായവും വെലിച്ച് ചാടി. വെറുപ്പോടെ പന്തലിൽ നിന്നും പുറത്തേക്ക് നടന്നു.

അത്യാഹിതം കണ്ടറിഞ്ഞ് പന്ത്രണ്ടാങ്ങളമാരും ഇരിപ്പിടങ്ങളിൽ നിന്നും ചടപടാ എഴുന്നേറ്റ് പാഞ്ഞുചെന്ന് കുട്ടിനമ്പറിന്റെ വഴി തടഞ്ഞു. അട പകുത്തിട്ട് പോ കുട്ടിനമ്പറേ എന്നപേക്ഷിച്ചു.

ദേഷ്യത്താൽ കുട്ടിനമ്പർ വിറച്ചു.

'മാക്കമെന്ന അപമാനിച്ചില്ലേ? എനി ഞാനില്ല പന്തലിലേക്ക്. അട പകുത്താൻ വേറേ ആളെ നോക്കിക്കോ'.

വട്ടംചുറ്റി നിന്ന് പടവീരന്മാർ കുട്ടിനമ്പറെ അനുനയിപ്പിച്ചു.

'മാക്കം ഒര് കുട്ടിയല്ലേ കുട്ടിനമ്പറേ. അറിവില്ലാക്കുട്ടിയല്ലേ? അറിവില്ലാക്കുട്ടികൾ എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ അറിവുള്ളോര് നിങ്ങള് അത് കൈകെട്ടര്ത്.'

കുട്ടിനമ്പറെ ഒരുവിധം സമാധാനിപ്പിച്ചു പന്തലിലേക്ക് തിരിച്ചുകൊണ്ടുവന്നു. ആങ്ങളമാർക്കും തായവീട്ടുകാർക്കും പുതിയ വീട്ടുകാർക്കും മറ്റുള്ളോർക്കും അട വീതംവെച്ചു. നാത്തൂന്മാർക്കും പാപ്പിനിമാർക്കും പേറ്റിച്ചിക്കും വണ്ണാത്തിക്കും മറ്റുള്ളോർക്കും ഒന്നിനൊന്നു കുറവ് വരുത്താതെ അട വീതംവെച്ചു.

രാത്രി ഏറെ വൈകിയിട്ടും മാക്കത്തിന് ഉറക്കം വന്നില്ല. കാമനാറെ യാത്രയയച്ചതും കുട്ടിനമ്പറിന്റെ അമ്പെയ്ത്തും അവളുടെ കുഞ്ഞ് മനസ്സിനെ ഉലച്ചിരുന്നു'.

മാക്കത്തിന് ഇരട്ടക്കുട്ടികളാണുണ്ടായത്. ചന്തുവും ചീരുവും. മാക്കം വളർന്നതുപോലെ അവരും കടാങ്കോട്ട് തറവാട്ടിൽ അമ്മാവന്മാരുടെ സ്‌നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി ജീവിച്ചു. പക്ഷെ മക്കളില്ലാതിരുന്ന പന്ത്രണ്ടമ്മാവന്മാരുടെയും ഭാര്യമാർക്ക് അവരെ കണ്ണിനു കണ്ടുകൂടായിരുന്നു. ഉണിച്ചെറിയ മരിച്ചതോടെ തറവാടിന്റെ ഉടമയായി മാറിയ മാക്കത്തോടും അവളുടെ മക്കളോടും നാത്തൂന്മാർക്കുള്ള പക ഇരട്ടിച്ചു.

ആയിടെ വളപട്ടണം രാജാവായിരുന്ന കോലത്തിരിത്തമ്പുരാനും നെരിയോട് സ്വരൂപത്തിലെ കയ്മൾമാരും തമ്മിലുണ്ടായ യുദ്ധത്തിൽ കോലത്തിരിയുടെ പടനയിക്കാൻ നമ്പ്യാന്മാർ പോയ സമയത്ത് അവരുടെ ഭാര്യമാർ മാക്കത്തിനും മക്കൾക്കുമെതിരെ ഗൂഢാലോചന നടത്തി. ആങ്ങളമാർക്ക് തന്നെയും മക്കളെയും വലിയ വാത്സല്യമാണെങ്കിലും ഭാര്യമാർക്ക് തങ്ങളെ വെറുപ്പാണ് എന്ന കാര്യം മാക്കത്തിനറിയാമായിരുന്നു. തങ്ങളെയും പടയ്ക്കുകൂട്ടാൻ അവൾ ആങ്ങളമാരോട് കരഞ്ഞുപറഞ്ഞു.

'മാക്കത്തിന്റെ മുഖം പെട്ടെന്ന് ഇരുണ്ടു. കണ്ണുകളിൽ ശോകം നിഴലിച്ചു. വാക്കുകളറ്റ് വല്യേട്ടന്റെ മുഖത്തേക്കു തുറിച്ചുനോക്കി.

'എന്താ മാക്കേ? നിനക്കെന്തു പറ്റീ?'

മാക്കം ഒന്നും മിണ്ടിയില്ല. ചോദ്യം വീണ്ടുമുയർന്നപ്പോൾ മാക്കത്തിന് നാവ് പൊന്തി.

'നിങ്ങള് പടയ്ക്ക് പോക്‌മ്പോ എന്നീം മക്കളീം കൂടെ കൂട്ട്വോ?'

വല്യേട്ടൻ ചിരിച്ചു.

'നീയെന്ത് പിഴവചനാ മാക്കേ പറയ്‌ന്നേ? യുദ്ധത്തിന് പോക്‌മ്പോ ആരെങ്കിലും പെണ്ണുങ്ങളേം കുഞ്ഞുങ്ങളേം കൂട്ട്വോ? നീയും മക്കളും ഈടത്തന്നെ നിന്നോ. പട ജയിപ്പിച്ച് ഞാങ്ങള് വേഗം വരാം'.

'ന്ങ്ങള് പടയ്ക്ക് പോയാല് എനക്കും എന്റെ രണ്ട് പിഞ്ച് മക്കൾക്കും തുണയാര് വല്യേട്ടാ? നാത്തൂന്മാർക്ക് എന്നേം മക്കളേം നീറ്റിലും നെഴലിലും കണ്ടുകൂടാല്ലോ. എന്റെ മുന്നീന്ന്‌ന്നെ എന്നേം മക്കളേം നാത്തൂന്മാര് പ്രാക്ന്നണ്ട്. ഒര് മുള്ന്ന് ഇരുമുളയെന്ന് കളിയാക്ക്ന്ന്. ഏട്ടന്മാരോട് ഇത്‌വരേക്കും ഞാനൊന്നും മിണ്ടാഞ്ഞിട്ടാന്ന്. നാത്തൂന്മാരേ കൂട്ട് വെച്ച് ഞാങ്ങളെ വിട്ട് പോകല്ലേ. പട കാമ്മാൻ ഞാങ്ങളും ഒപ്പരം വന്നോട്ടെ?'

മൂത്തനമ്പ്യാർ സമാധാനിപ്പിച്ചു:

'മാക്കേ, ഞാനല്ലേ പറയ്ന്നത്. നെനക്കും മക്കൾക്കും ഒര് ദോഷവും വരീല. മിന്നംമിന്നം പടജയിച്ച് തിരിച്ച് വന്നാല് കോട്ടയത്ത് വിളക്ക് മാടം കാമ്മാൻ പോകുന്ന പതിവ്ണ്ടല്ലോ. ഞാങ്ങളും പട ജയിച്ച് വര്‌ന്നേരം വിളക്ക് മാടം കാമ്മാൻ നീയും മക്കളും കൂടെ വന്നോ. ഇപ്പൊ ഞാങ്ങൾക്കു വേഗം പുറപ്പെടണം മാക്കേ. പൊന്ന് തമ്പ്രാന്റെ ഉത്തരവല്ലേ? ഞങ്ങള് വേഗം കുളിച്ച് വര്മ്പഴേക്ക് നീ ഊണ് വട്ടം ഒര്ക്കിയാട്ടേ'.

മാക്കത്തിന്റെ മുഖം അല്പം തെളിഞ്ഞു.

'ഓ! ഒര്ക്കാം വെല്യേട്ടാ'.

നമ്പ്യാന്മാരിലൊരാൾ പടിഞ്ഞാറ്റകത്തു കയറി ഉത്തരത്തിൽ കെട്ടിത്തൂക്കിയ എണ്ണപ്പാടം എടുത്ത് ഒരു കിണ്ണം നിറയെ എണ്ണ ചെരിച്ചെടുത്തു. പന്ത്രണ്ടാളും തലയും മേലയും കുളുർക്കെ എണ്ണ തേച്ചു. നോക്കിനിന്ന ചാത്തുവിനെയും ചീരുവിനെയും നന്നായി എണ്ണ തേപ്പിച്ചു. ശേഷം കുഞ്ഞുങ്ങളെക്കൂട്ടി മണിക്കുളത്തിലേക്കു കുളിക്കാനായി പുറപ്പെട്ടു.

അകമുറിയിൽ ഒളിച്ചുനിന്ന് നാത്തൂന്മാർ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാക്കം തങ്ങളെക്കുറിച്ച് ഭർത്താക്കന്മാരോട് പറഞ്ഞതുകേട്ട് അവർ അരിശംകൊണ്ടു. ഒരുവൾ പറഞ്ഞു:

'മാക്കത്തെ വെറ്‌തെ വിട്ടൂടാ'.

മറ്റുള്ളവർ കുശുകുശുത്തൂ.

ആ ഒര്‌മ്പെട്ടോളോട് പകരം വീട്ടണം'.

മഹാപരദേവത മാക്കത്തിനും മക്കൾക്കും തുണയാകും എന്നനുഗ്രഹിച്ചും വിശ്വസിച്ചും നമ്പ്യാന്മാർ പടയ്ക്കുപോയി. പരദേവതയുടെ നിഴൽ കൊട്ടിലിൽ അന്തിദീപം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നവർ മാക്കത്തെ ഓർമ്മിപ്പിച്ചു. എണ്ണ തീർന്നാൽ പറമ്പ്ങ്കര വാണിയനെമ്മൻ എന്ന എണ്ണയാട്ടുകാരനെ വിളിച്ചുവരുത്തി എള്ളുകൊടുത്തുവിട്ട് ആട്ടിച്ച് എണ്ണ വാങ്ങണമെന്നും. നമ്പ്യാന്മാർ കയ്മളെയും സൈന്യത്തെയും കൊന്ന് പടജയിച്ച് കോലത്തിരിയെ മുഖം കാണിച്ച് വിരുതും വീരചങ്ങലയും മാത്രമല്ല കടാങ്കോട്ടച്ചന്മാരെന്ന പദവിയും വാങ്ങി തിരിച്ചുവരുന്നതിനിടയിൽ തറവാട്ടിൽ കൊടുംചതി നടന്നുകഴിഞ്ഞിരുന്നു.

എണ്ണയാട്ടുകാരൻ എണ്ണയുമായി വന്ന സമയത്ത് മാക്കത്തെ തറവാട്ടിൽ ഒറ്റയ്ക്കാക്കി നാത്തൂന്മാർ മനഃപൂർവം താളിയൊടിക്കാനും വിറകുപെറുക്കാനും പോയി, തീണ്ടാരിയായിരുന്ന മാക്കം, വാണിയനെമ്മാനെ നേരിട്ടു കാണാതെ, കൊട്ടിൽ തുറന്ന് എണ്ണ അവിടെ വച്ചുപൊക്കോളാൻ അയാളോടു വിളിച്ചുപറഞ്ഞു. അയാളങ്ങനെ ചെയ്തുമടങ്ങി. പക്ഷെ നാത്തുന്മാർ മാക്കത്തെയും വാണിയനെമ്മനെയും ഉടുതുണിയില്ലാതെ ഒന്നിച്ചു കണ്ടുവെന്ന് ബഹളം കൂട്ടി.

'കാത്തിരുന്ന നാത്തൂന്മാർ ദൂരെനിന്ന് വാണിയനെമ്മൻ എണ്ണപ്പാടം ചുമന്നു വരുന്നത് കണ്ടു. അവരുടെനേ മാക്കത്തിനരികിലെത്തി.

'മാക്കേ, ഞാങ്ങള് താളിയൊടിക്കാനും വിറക് പൊട്ടിക്കാനും പോയിവരട്ടേ.'

മാക്കം സമ്മതം മൂളി.

കിഴക്കു ഭാഗത്ത് കൂടി പുറത്തേക്കുപോയ നാത്തൂന്മാർ പതുങ്ങിപ്പതുങ്ങി നടന്നു വടക്ക് പൊറത്തെ കന്മതിലിന്റെ പിന്നിൽ ഒളിച്ചുനിന്നു. ഇതൊന്നുമറിയാതെ വാണിയനെമ്മൻ കുറ്റിപ്പടി കയറിവന്ന് നടപ്പന്തലിലേക്ക് പ്രവേശിച്ചു. ചുറ്റും നോക്കി ആരേയും കാണാഞ്ഞ് ഉറക്കെ വിളിച്ചുരിയാടി.

'മാക്കമ്മേ, മാക്കമ്മേ...'

മാക്കം ആ വിളികേട്ടു. പക്ഷേ, മിണ്ടിയില്ല. അന്നേരം ഒന്നുകൂടി ഉറക്കെ വാണിയനെമ്മൻ കൂറ്റാക്കി.

'ഈടെ ആരും ഇല്ലേ മാക്കമ്മേ?'

അല്പം ലജ്ജയോടെ മാക്കം പറഞ്ഞു.

'വാണിയനെമ്മാ, വർജ്ജനയാണെനക്ക്. തീണ്ടിക്കൂടാത്തോണ്ട് എനക്ക് പൊറത്തിറങ്ങിക്കൂടാ'.

'മാക്കമ്മേടെ മക്കള് ഏടപ്പോയീന്?

'അവര് രണ്ടാളും വന്ന് എന്ന തൊട്ട് പോയിന്. രണ്ടാളും എന്റട്ത്ത്ണ്ട്'.

'മാക്കമ്മേടെ നാത്തൂന്മാര് ഏടപ്പോയിന്?'

'അവര് താളിക്കും വെറകിനും പോയിന്.'

'ഞാനെന്താക്കണം മാക്കമ്മേ? എണ്ണത്തുത്തിക തലയില് കനത്തിറ്റ് എനക്ക് ചങ്ക് കടയ്ന്ന്. ഞാനിത് പറമ്പ്ങ്കരക്ക്തന്നെ കൊണ്ട് പോട്ടേ?'

പെട്ടെന്ന് മാക്കം വിളിച്ചു പറഞ്ഞു:

'അയ്യോ, വാണിയനെമ്മാ, തിരിച്ച് കൊണ്ടുപോകല്ലേ. നീയൊര് കാരിയം ചെയ്യ്. പരദേവതേന്റെ കൊട്ടിലിനകത്തേക്ക് ഒര് കാല് വെച്ച് എണ്ണത്തുത്തിക ഏറ്റിവെച്ചോ. ന്നിട്ട് പൊയ്‌ക്കോ'.

ഓടാമ്പൽ നീക്കി ഭഗവതിയുടെ കൊട്ടിലിന്റെ വാതിൽ വാണിയനെമ്മൻ ഉന്തിത്തുറന്നു. ഒരു കാൽ ഉള്ളിലേക്കു വെച്ച് എണ്ണപ്പാടം ഏറ്റിവെച്ചു. തിരിഞ്ഞിറങ്ങാതെ ബയ്യോട്ട് കീയുന്നേരം നാത്തൂന്മാർ ഒന്നിച്ച് നടുപ്പന്തലിലേക്കു കയറി വന്ന് ബഹളം വെച്ചു.

'ഊയ്! ഇത് എന്തൊര് അതിശയമാണപ്പാ കാണ്‌ന്നേ. വാണിയനെമ്മനല്ലേ പടിഞ്ഞാറ്റേന്ന് കീഞ്ഞ് പായ്ന്ന്! മാക്കപ്പെണ്ണല്ലേ അടുക്കള ഭൂഗത്തൂടെ തുള്ളിപ്പായ്ന്ന്!'

തീണ്ടാരിപ്പുരയിലിരുന്ന മാക്കമതു കേട്ട് അമ്പരന്ന് വാപൊളിച്ചു. വാതിൽക്കൽ വന്ന് പുറത്തേക്കു നോക്കി.

നാത്തൂന്മാർ അലറി:

'എല്ലാരും കണ്ടോ, മാക്കത്തിന്റെ ഉടുപുടവ കുത്തഴിഞ്ഞു വീഴ്ന്ന്. മുടിക്കെട്ടഴിഞ്ഞ് കൈത്തണ്ടേല് കെടക്ക്ന്ന്. ആങ്ങളമാറ് പടയ്ക്കുപോയ തക്കത്തിന്, ഞാങ്ങള് പൊറത്ത് പോയ തക്കത്തിന് വാണിയനെമ്മനെ വരുത്തിച്ച് നീ ഉള്ളിക്കേറ്റിയല്ലേ? കുട്ടിനമ്പറ് ശരി പോരാഞ്ഞിറ്റോ? നീ വാണിയനെമ്മനെ കൊതിച്ചത് കള്ളി മാക്കേ?'

മാക്കത്തിന്റെ നെരിയാണി മുതൽ മൂർധാവ് വരെ ഉടൽ വിറച്ചു. അവൾ കരച്ചിലോടെ ചോദിച്ചു:

'അയ്യോ, ന്റെ നാത്തൂന്മാരെ, നിങ്ങളെന്തൊര് അറവിലയാണപ്പാ പറയ്‌ന്നേ? വാണിയനെമ്മനെ ഞാന് കണ്ടിറ്റും നോക്കീറ്റും ഇല്ലല്ലോ?. നിങ്ങളെന്തിനാ നട്ടാ മൊളയ്ക്കാത്ത നുണ പറയ്‌ന്നേ?'

'ഞാങ്ങള് കണ്ണോണ്ട് കണ്ടതല്ലേ മാക്കേ. കൈയോണ്ട് നിന്നെ പിടിച്ചതല്ലേ?'

മാക്കം ഉറച്ച സ്വരത്തിൽ പറഞ്ഞു:

'നിങ്ങളൊന്നും കണ്ടിറ്റില്ല നാത്തൂന്മാരെ. നിങ്ങളൊന്നും പിടിച്ചിറ്റൂല്ലാ. ആങ്ങളമാര് പോക്മ്പഴേ ഞാന് പറഞ്ഞതാ, നീറ്റിലും നെഴലിലും നിങ്ങക്ക് എന്നേ മക്കളേം കണ്ടൂടാന്ന്.'

നാത്തൂന്മാർ അരിശത്താൽ ഉറഞ്ഞുതുള്ളി.

'പെഴച്ചവളേ, നീയിനി വാക്ക് കൊണ്ട് വെളയാടണ്ട്.'

മാക്കത്തിന്റെ ശബ്ദം ദയനീയമായി.

'അയ്യോ തീണ്ടായിര്ന്ന നട്ടപ്പൊലയല്ലേ? എനക്ക്. ന്ങ്ങള് എന്നെപ്പോലെ പെണ്ണ്ങ്ങളല്ലേ.'

'എന്തൊര് മഹാപാപമാണപ്പാ. ന്ങ്ങള് പറയ്ന്ന്!'

നാത്തൂന്മാർ ഒന്നിച്ച് വിരൽ ചൂണ്ടി കൂവി.

'പെഴച്ച പെണ്ണേ, നാവടക്ക്'.

മാക്കം നാവടക്കിയില്ല.

'നിങ്ങളെന്തിനാ നാത്തൂന്മാറേ ഇങ്ങനെ കൂറ്റെട്ക്ക്‌ന്നേ. നാട്ടാരെ കേപ്പിക്കാനാ? ഇങ്ങനത്തെ നട്ടക്കളവ് അയലോത്തെ പെണ്ണ്ങ്ങളൊന്നും കേക്കപ്പറയര്‌തേ. നാളിതുവരെ ഞാനൊരപരാധവും കേൾപ്പിച്ചിനില്ല. കൊട്ടിലിനകത്തെ വീരചാമുണ്ഡി പരദേവതയാണെ സത്യം. ഒര് കാണിയോളം പിഴ ഞാനിതുവരെ ചെയ്തിനില്ല'.

മാക്കത്തിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ നാത്തൂന്മാർ കല്പിച്ചു:

'മാക്കേ ഒര് കാര്യം നിന്നോടു പറഞ്ഞേക്കാം. പടയ്ക്ക് പോയ ഞങ്ങളെ ഭർത്താക്കന്മാര് വര്വോളം നീ ഈ വീടിന്റെ പടി ചവിട്ടിപ്പോകറ്. ഈട്‌ത്തെ കൊളൂം കെരണ്ടും തീണ്ടിപ്പോകറ്. നീ പെഴച്ച പെണ്ണാ'.

നാത്തൂന്മാർ ഇറങ്ങിപ്പോയപ്പോൾ മാക്കം നിലത്ത് പടിഞ്ഞിരുന്നു പൊട്ടിക്കരയാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ചാത്തുവും ചീരുവും അന്തം വിട്ട് നിൽക്കുകയായിരുന്നു.

വിതുമ്പിക്കരയുന്ന മാക്കത്തെ ചുറ്റിപ്പിടിച്ച് ചാത്തു ചോദിച്ചു:

'എന്തിനാമ്മേ അമ്മായിമാര് ഇങ്ങനെ ബായിക്കിട് പറയ്‌ന്നേ?'

മാക്കം ഒന്നും പറഞ്ഞില്ല.

ചീരു ചോദിച്ചു

'അമ്മയെന്തിനാ ഇങ്ങനെ അലറിക്കരയ്‌ന്നെ? അമ്മ പെഴച്ച് പോയാ?'

മാക്കം മകളെ തുറിച്ചുനോക്കി. എന്തോ പറയാൻ ശ്രമിച്ചെങ്കിലും നാവ് പൊന്തുന്നില്ല. മലങ്കാറ്റ് പോലെ കൊടിയോരു സങ്കടം വന്ന് അവളെ മൂടിക്കളഞ്ഞു'.

മാക്കം പിഴച്ചുപോയെന്ന മുറവിളി കൂട്ടിയ നാത്തുന്മാർ നമ്പ്യാന്മാർ വരുന്ന വഴിയിൽ വില്ലൂന്നി ആൽത്തറയിൽ അവരെ കാത്തിരുന്നു. നമ്പ്യാന്മാരാകട്ടെ തറവാട്ടിലേക്കു യാത്ര തുടങ്ങിയപ്പോൾതന്നെ കണ്ട ദുഃശകുനങ്ങളിൽ ഖിന്നരായിരുന്നിട്ടും പന്ത്രണ്ട് പെണ്ണുങ്ങളും ഒന്നിച്ചു പറഞ്ഞതോടെ മാക്കം പിഴച്ചുപോയി എന്നു തന്നെ വിശ്വസിച്ചു.

കരഞ്ഞുപറഞ്ഞിട്ടും മാക്കത്തെ ആങ്ങളമാർ വിശ്വസിച്ചില്ല. അവർ മാക്കത്തെയും മക്കളെയും കൂട്ടി കോട്ടയത്തുള്ള വിളക്കുമാടം കാണാൻ പുറപ്പെട്ടു. തനിക്കും മക്കൾക്കും വലിയ ആപത്താണ് വരാൻ പോകുന്നത് എന്നു മനസ്സിലാക്കിയ മാക്കം തറവാട്ടിലെ എണ്ണപ്പാത്രം കരിങ്കല്ലിൽ എറിഞ്ഞുടച്ചും തുണിക്കെട്ട് നടുമുറ്റത്തു കൂട്ടിയിട്ടു കത്തിച്ചും പൊന്നും പണ്ടങ്ങൾ ഉരലിലിട്ട് പൊടിച്ച് കുളത്തിലെറിഞ്ഞും മക്കളെയും കൂട്ടി കണ്ണീരോടെ വീടുവിട്ടിറങ്ങി. പോകും മുൻപ് അവൽ നാത്തുന്മാരെ കണ്ടു.

'മുറ്റം കഴിയുന്ന നേരത്ത് അമർത്തിച്ചിരി കേട്ടപോലെ മാക്കത്തിനു തോന്നി. അവൾ നിന്നു. കന്മതിലിനപ്പുറത്ത് പന്ത്രണ്ട് പെൺതലകൾ പൊന്തിവന്നു. നടന്നതെല്ലാം അവർ ഒളിച്ചിരുന്നു കാണുകയായിരുന്നുവെന്ന് മാക്കത്തിനു മനസ്സിലായി.

നാത്തൂന്മാരുടെ അമർത്തിച്ചിരി കുലുങ്ങിച്ചിരിയായി. മാക്കത്തിന് അരിശം കയറി. പെൺതലകൾക്കു നേരേ നടുവിരൽ ചൂണ്ടി അലറി.

'ചിരിക്കണ്ട നാത്തൂന്മാരേ, ഞാനുമെന്റെ മക്കളും പോയാല് ഇവ്‌ടെ സുഖമായി വാഴാന്ന് നിങ്ങള് കൊതിക്കണ്ട. നടപ്പ് ദോഷം പറഞ്ഞ്ണ്ടാക്കി നിങ്ങളെന്റെ തല കുനിപ്പിച്ചില്ലേ? എന്റെ അകത്തീയേറ്റ് ഈത്തറവാട് കത്തക്കരിഞ്ഞുപോകും. നട്ടപ്രാന്ത് കേറി ന്ങ്ങള് തലപൊട്ടിത്തെറിച്ചു ചാകും. നോക്കിക്കോ'.

നാത്തൂന്മാരുടെ ചിരി ഒന്നുകൂടി ഉച്ചത്തിലായി.

ഇനി കരയില്ലെന്ന് മാക്കം നിശ്ചയിച്ചിരുന്നു. പടികളിറങ്ങി. പടിപ്പുര കടന്ന്, മക്കളുടെ കൈപിടിച്ച് തിരിഞ്ഞുനോക്കാതെ, കരയാതെ മാക്കം വിളക്ക് മാടത്തിലേക്കു യാത്ര ആരംഭിച്ചു'.

വഴിമധ്യേ നടന്നുതളർന്നും ദാഹിച്ചുവലഞ്ഞും കരഞ്ഞുകൊണ്ടിരുന്ന മക്കളെയും കൊണ്ട് മാക്കം ഒരു വീട്ടിലെത്തി. ചാലയിൽ പുതിയവീടായിരുന്നു അത്. അവിടത്തെ കാരണവത്തി മാക്കത്തിനു മക്കൾക്കും ഏറെ സ്‌നേഹത്തോടെ കുടിക്കാൻ പാൽ കൊടുത്തു. മക്കളെ അവിടെ നിർത്തിപ്പോകാനും അവർ മാക്കത്തോട് പറഞ്ഞു. മടങ്ങിവരാൻ യോഗമുണ്ടായാൽ മക്കളിലൊന്നിനെ അവിടെ കൊടുക്കാം എന്നു പറഞ്ഞ് മാക്കം യാത്ര തുടർന്നു. (ഈ തറവാട്ടിലാണ് മാക്കം തെയ്യം ആദ്യം കെട്ടിയാടാൻ തുടങ്ങിയത്. വളരെ പിന്നീടേ കടാങ്കോട് തറവാട്ടിൽ മാക്കം തെയ്യം കെട്ടിയാരാധിച്ചു തുടങ്ങിയുള്ളു).

വീണ്ടും ഏറെ ദൂരം നടന്ന് വിളക്കുമാടത്തിനടുത്തെത്തിയപ്പോൾ അയ്യങ്കരപ്പള്ളിക്കടുത്തുള്ള കിണറ്റിൽനിന്ന് മക്കൾക്കും തനിക്കും വെള്ളം കോരിയെടുത്തു ദാഹം മാറ്റിയ മാക്കത്തെ, നട്ടുച്ചക്കുദിച്ച നക്ഷത്രം കാണാൻ പറഞ്ഞ് മൂത്താങ്ങള ആകാശത്തേക്കു തലയുയർത്തിച്ചു. അവൾ തലയുയർത്തിയ സമയത്ത് അയാൾ അവളുടെ കഴുത്തു കണ്ടിച്ചു കിണറ്റിലെറിഞ്ഞു. ഉടൻതന്നെ മറ്റുനമ്പ്യാന്മാർ ചാത്തുവിനെയും ചീരുവിനെയും വെട്ടിക്കൊന്നു കിണറ്റിലിട്ടു. തുടർന്ന് നമ്പ്യാന്മാർ തമ്മിലുണ്ടായ കശപിശ രണ്ടു പക്ഷമായി തിരിഞ്ഞ പോരായി മാറി. നിമിഷങ്ങൾക്കുള്ളിൽ പന്ത്രണ്ടുപേരും പരസ്പരം വെട്ടിച്ചത്തു. മാക്കത്തിന്റെ ശാപം പോലെ തന്നെ ഈ സമയം കുഞ്ഞി മങ്ങലത്ത് കടാങ്കോട് തറവാടിന് തീപിടിച്ചു. രക്ഷപെട്ടിറങ്ങിയോടിയ നാത്തൂന്മാർ നട്ടപ്രാന്ത് പിടിച്ച പോലെ നിലവിളിച്ചു പരക്കം പാഞ്ഞ്, വില്ലൂന്നി അരയാലിന്റെ കൊമ്പുകളിൽ തൂങ്ങിച്ചത്തു. മാക്കവും മക്കളും പെരുമാളൻ ഭഗവതിയായ പാർവതിയിൽ കുടികൊണ്ട് തെയ്യങ്ങളായി.

ആവർത്തിക്കട്ടെ, ദേശ, കാല, ജാതി, ലിംഗ, ആചാരലോകങ്ങളുടെ പഞ്ചലോഹം കൊണ്ടു നിർമ്മിതമായ ഓരോ തെയ്യത്തിന്റെയും മിത്തും ചരിത്രവും വെളിപ്പെടുത്തുന്ന വടക്കേ മലബാറിന്റെ സാംസ്‌കാരിക ഭൂതത്വത്തിന്റെ അനുപമമായ ഒരാഖ്യാനമാകുന്നു മാക്കം തെയ്യത്തിന്റെ തോറ്റംപാട്ടും അതിന് അംബികാസുതൻ നോവൽ രൂപത്തിൽ നൽകുന്ന പുനരാഖ്യാനവും. അസാധാരണമാംവിധം നാടകീയവും ഇതിവൃത്തപൂർണവുമായ ഒരു കഥ. സൂക്ഷ്മമായ ചരിത്രസൂചനകൾ. ആചാരാനുഷ്ഠാനങ്ങളുടെ സൂചകസമൃദ്ധി. ഭാഷയുടെ ഭാഷണവഴക്കങ്ങൾ. ആൺകോയ്മയുടെയും നാട്ടധികാരത്തിന്റെയും ആൾരൂപക്കൂട്ടം. പെണ്മയുടെ നാനാതരം കർതൃപദവികൾ. മരുമക്കത്തായത്തറവാടുകളുടെ സാമൂഹിക-സമ്പദ്ഘടന. ആന്തരചോദനകളും കാമനകളും നിറഞ്ഞ ഗാർഹികജീവിതങ്ങൾ. ക്ഷേത്രങ്ങളും കാവുകളും നിർമ്മിക്കുന്ന മത-ജാതിവ്യവസ്ഥകൾ. ദൈനംദിനത്വത്തിന്റെ നാട്ടുനടപ്പുകൾ. ദൈവികതയുടെ കെട്ടിയെഴുന്നള്ളിപ്പുകൾ. കലാരൂപങ്ങൾ. പാട്ടുകൾ. പ്രേതങ്ങൾ. പേറ്റുചികിത്സ, പൂരംനോമ്പ്. പൂവിടൽ. യാത്രപ്പാട്ട്. കോടിപ്പൂരം. പൂരാടവയ്പ്. അമ്പെയ്ത്ത്. പുടമുറിയാത്ര. വെടിക്കൂറ്റ്. വെറ്റിലകെട്ട്. അന്നദാനം. ഈറ്റില്ലം കെട്ടൽ. ഇരുപത്തെട്ട്. ചോറൂണ്. പാലുകൊടുപ്പ്. കാതുകുത്ത്. മണലടിപൂജ. എഴുത്തിനിരുത്ത്. തിരണ്ടുകല്യാണം. തരവ്. ശകുനം. തീട്ടൂരങ്ങൾ. രാജഭരണചിഹ്നങ്ങൾ. പടപ്പുറപ്പാടുകൾ.... മാക്കം എന്ന പെൺതെയ്യം. പുനർനിർമ്മിക്കുന്ന കാലഭൂപടം ഒന്നു വേറെതന്നെയാണ്. എല്ലാറ്റിനുമുപരി, ഉണിച്ചെറിയയെന്നും മാക്കമെന്നും പേരായ രണ്ടു പെണ്ണുങ്ങളുടെ അനിതരസാധാരണമായ ആത്മബോധങ്ങളുടെയും സ്ഥിതപ്രജ്ഞകളുടെയും ഐതിഹ്യമാല. തെയ്യങ്ങളുടെ സാമൂഹ്യ, സാംസ്‌കാരിക, നരവംശശാസ്ത്രങ്ങളന്വേഷിക്കുന്ന ഏതൊരാൾക്കും നട്ടെല്ലിൽ വിറയലുണ്ടാക്കുംവിധം തീഷ്ണവും തീവ്രവുമായ മനുഷ്യകഥ. തുടക്കത്തിൽ പറഞ്ഞതുപോലെ, ആധുനികതയുടെ പിളർപ്പുകളെ ആഖ്യാനത്തിന്റെ കലയും പ്രത്യയശാസ്ത്രവുമാക്കി മാറ്റുന്ന നോവലിന്റെ രൂപപദ്ധതിയിൽ അംബികാസുതനുള്ള കയ്യടക്കത്തിന്റെ മികച്ച മാതൃക.

നോവലിൽ നിന്ന് :-

'കോട്ടയത്ത് വയലിലൂടെ കിഴക്കു തിരിഞ്ഞ് നടക്കുന്നേരം മാക്കത്തിനു മനസ്സിലായി. വിളക്ക് മാടത്തിലേക്ക് ഇനി അധികം ദൂരമുണ്ടാവില്ല. കുട്ടികൾ നടക്കാതായപ്പോൾ മാറിമാറിയെടുത്ത് മാക്കം നടന്നു.

മമ്പറം കടവ് കടന്ന് കുറച്ചു മുന്നേറിയപ്പോൾ മാക്കത്തിനും നടക്കാൻ വയ്യാതായി. അവൾ അപേക്ഷിച്ചു.

'മക്കളെയെടുത്ത് എന്റെ ഉക്ക് കടയ്ന്ന് ഏട്ടമ്മാരേ, ഒന്നിന്റെ കൈ പിടിക്കൂൻ ആങ്ങളാരേ...'

ആങ്ങളയൊരുത്തൻ മാക്കത്തിന്റെ വിലാപം കേട്ട് തിരിഞ്ഞ് നിന്നു.

'നീ പെറ്റതല്ലേ രണ്ടിനേം. ഞാങ്ങള് കൈ കൊണ്ട് തൊടീല'.

മാക്കം കരഞ്ഞു.

'ഒര് കുഞ്ഞീന എട്ക്ക് ആങ്ങളാരേ'.

മറ്റൊരുത്തൻ മുരണ്ടു.

'മക്കളെ രണ്ടിനേം എട്ക്കാൻ പാങ്ങില്ലെങ്കില് ഒന്നിനെ നീ കഴ്‌ത്തില് പാന്തം കെട്ടിവലിച്ചോ'.

ആ വാക്കുകൾ മൂർച്ചയേറിയ അമ്പുകൾപോലെ മാക്കത്തിന്റെ ഹൃദയത്തിൽ തറച്ചു.

വെയിലിൽ വിയർത്തു കുളിച്ച്, കുഞ്ഞുങ്ങളുടെ കൈപിടിച്ചു വലിച്ച് മാക്കം വീണ്ടും നടക്കാൻ തുടങ്ങി. കേളാന്നൂരമ്പലത്തിന് മുന്നിലെത്തിയപ്പോൾ അല്പനേരം നിന്ന് തൊഴുതു.

ചീരുവിനെ കൈകളിൽ തട്ടി ചാത്തുവിന്റെ കൈപിടിച്ച് മാക്കം വീണ്ടും നമ്പ്യാന്മാരുടെ പിന്നാലെ നടന്നു. കുറച്ചുദൂരമെത്തിയപ്പോൾ കുട്ടികൾ രണ്ടും വെള്ളം കുടിക്കാനുള്ള കരച്ചിലായി. നിലത്തു വീണ് പ്രതിഷേധത്തോടെ പൊടിമണ്ണിൽ കിടന്നുരുണ്ടു.

മാക്കം പൊട്ടിക്കരച്ചിലോടെ വിളിച്ചു പറഞ്ഞു:

'ഒന്ന് നിക്കീൻ ആങ്ങളാരേ. ഈ കുഞ്ഞ്വോൾക്ക് ദാഹിച്ച വെള്ളം കൊടുക്കീൻ'.

മുത്തനമ്പ്യാർ പെട്ടെന്ന് നിന്നു. ഒപ്പം മറ്റു നമ്പ്യാന്മാരും നിശ്ചലരായി.

മൂത്തനമ്പ്യാർ വിരൽ ചൂണ്ടി പരുപരുത്ത ഒച്ചയിൽ കല്പിച്ചു;

'അതാ കാണ്ന്ന് അയ്യങ്കരപ്പള്ളി അതിന്റരികില് കെണറ്ണ്ട്. കോരിക്കൊട്‌ത്തോ വേണ്ടത്ര'.

കുഞ്ഞുങ്ങളെ കൂട്ടി മാക്കം കിണറിനു നേർക്ക് ധൃതിയിൽ നടന്നു.

ആങ്ങളമാർ പന്ത്രണ്ടും കാവൽപോലെ കിണറിനെ ചുറ്റി നടന്നു.

മാക്കം ചുറ്റും നോക്കി. കയറും തൊട്ടിയും കാണാനില്ല. അവൾ ദയനീയമായി ഉടപ്പിറപ്പുകളെ നോക്കി.

ആങ്ങളമാർ കരിങ്കൽ പ്രതിമകൾപോലെ അനക്കമറ്റ് നിന്നു.

മാക്കം ഹതാശയായി. എങ്ങനെ വെള്ളം കോരിയെടുക്കും. കയറുമില്ല, തൊട്ടിയുമില്ല.

കിണറിനപ്പുറത്ത് പന്തലിച്ച കാട്ടുപടർപ്പിൽ പാമ്പുകൾപോലെ നെരന്ത വള്ളികൾ മാക്കം കണ്ടു.

നീളമേറിയ ഒരു വള്ളി അവൾ വലിച്ചൂരിയെടുത്തു. ആലച്ചെടിയുടെ കുറേ വട്ടയിലകൾ പൊട്ടിച്ചെടുത്ത് ഈർക്കില്‌കൊണ്ട് തുനനി അവൾ ഒരു പാളയുണ്ടാക്കി. നെരന്തക്കയറിൽ ഇലപ്പാള കിണറിലേക്കു താഴ്‌ത്തി വെള്ളം മുക്കിയെടുത്തു. മുകളിലേക്കെത്തുമ്പോൾ ചോർന്നുപോയതിന്റെ ബാക്കി കുറച്ചേ കാണൂ. പലതവണ മുക്കിയെടുത്ത് മാക്കം മക്കളുടെ ദാഹം മാറ്റി. മാക്കവും ഒടുവിൽ തൊണ്ട നനച്ചു.

അതു കണ്ടുകൊണ്ട് നിന്ന മൂത്താങ്ങള കുഞ്ഞിക്കോമൻ മാക്കത്തിന്റെ അരികിലേക്ക് വന്നു. പരുക്കനൊച്ചയിൽ ചോദിച്ചു:

'വെള്ളം കുടിച്ചില്ലേ?'

വെയിലേറ്റും കരഞ്ഞും കരുവാളിച്ച മുഖം മാക്കം കുലുക്കി.

അക്ഷോഭ്യനായി പെട്ടെന്ന് അയാൾ ആകാശത്തിലേക്കു വിരൽ ചൂണ്ടി:

'മോളിലേക്കു നോക്ക് മാക്കേം, നട്ടുച്ചയ്ക്കുദിച്ച നക്ഷത്രത്തെ കണ്ടോ?'

മാക്കം അതിശയിച്ചു. നട്ടുച്ചയ്ക്കുദിക്കുന്ന നക്ഷത്രമോ? അവൾ ആകാശത്തിലേക്കു മുഖമുയർത്തി. എവിടെ ആ നക്ഷത്രം?

ആ നിമിഷത്തിൽ മൂത്താങ്ങള അരയിൽ ചെരുതിയ പൂച്ചുരിക വലിച്ചൂരിയെടുത്ത് മാക്കത്തിന്റെ ചങ്കേപ്പിടിച്ച് കുരൾ അറുത്തു.

ഒന്ന് നിലവിളിക്കാൻപോലുമാകാതെ, ചോരയിൽ കുളിച്ച മാക്കം കഴുത്തറ്റ പൂങ്കോഴിപോലെ നിലത്തു കിടന്ന് പിടഞ്ഞു.

നിലവിളിയോടെ മാക്കത്തിനു നേർക്ക് പായാൻ തുടങ്ങിയ ചാത്തുവിനെയും ചീരുവിനെയും പടവീരന്മാർ വെട്ടിത്തറച്ചുകൊന്നു.

മാക്കത്തിന്റെയും മക്കളുടെയും ജീവനറ്റ ശരീരങ്ങൾ കിണറിലേക്ക് വലിച്ചെറിഞ്ഞു.

പള്ളിക്കാട്ടിൽ മുള്ള് കൊത്തിക്കൊണ്ടിരുന്ന ഒരു കാട്ടടിയാന് ആ ചോരക്കുരുതി കണ്ട് മരവിച്ച് നിൽക്കുന്നുണ്ടായിരുന്നു. നമ്പ്യാന്മാരിലൊരുത്തൻ ഓടിച്ചെന്ന് അയാളെ പിടിച്ചുകൊണ്ട് വന്ന് തലവെട്ടി. തലയും ഉടയും കിണറ്റിലേക്ക് ചവിട്ടിത്തെറുപ്പിച്ചു.

അതിനിടയിൽ പടവീരന്മാരിൽ രണ്ടുപേർ തമ്മാതമ്മിൽ കശപിശയുണ്ടായി. ഉന്തും തള്ളുമായി. ഒരാൾ മറ്റൊരാളെ വെട്ടി വീഴ്‌ത്തി. അതുകണ്ട നമ്പ്യാന്മാർ രണ്ട് പക്ഷമായി. കൊടുവാൾ വീശി പോര് തുടങ്ങി. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ പന്ത്രണ്ടാണുങ്ങളും മരിച്ചു വീണു.

ചോരയിൽ കുതിർന്ന പന്ത്രണ്ട് ശരീരങ്ങൾ കിണറിന് ചുറ്റും അനക്കമറ്റ് കിടന്നു.

അതേ നേരത്ത് കുഞ്ഞിമങ്ങലത്തെ കടാങ്കോട് തറവാടിന് തീപിടിച്ചു. വീരചാമുണ്ഡി പരദേവതയുടെ കൊട്ടിൽ ഒഴിച്ചുള്ള എടുപ്പുകളെല്ലാം കത്തിച്ചാമ്പലായി. തീയിൽനിന്നും രക്ഷപ്പെട്ട് ഇറങ്ങിയോടിയ നാത്തൂന്മാർ നട്ടപ്രാന്ത് പിടിച്ചതുപോലെ നിലവിളിച്ച് പരക്കം പാഞ്ഞു. ഒടുവിൽ വില്ലൂന്നി അരയാലിലേക്ക് ഓരോരുത്തരായി വലിഞ്ഞുകയറി കഴുത്തിൽ കുരുക്കിട്ടു.

ജീവനറ്റ പന്ത്രണ്ട് ശരീരങ്ങൾ അരയാൽക്കൊമ്പുകളിൽ തൂങ്ങിയാടി.

മാക്കത്തിന്റെയും മക്കളുടെയും ആത്മാവ് പെരുമാളൻ ഭഗവതിയിൽ കുടികൊണ്ട് മരണമില്ലാതെ തെയ്യങ്ങളായി'.

മാക്കം എന്ന പെൺതെയ്യം
അംബികാസുതൻ മാങ്ങാട്
ഡി.സി. ബുക്‌സ്
2020, 120 രൂപ