തിരുവനന്തപുരം: മലയാള സിനിമയിൽ ആക്ഷൻ ത്രില്ലർ സിനിമകൾക്ക് മാർക്കറ്റ് ഉണ്ടാക്കിയ സംവിധായകനാണ് ഷാജി കൈലാസ്. പ്രണവ് മോഹൻലാൽ ആദ്യമായി നായകനാവുന്ന ആദി സിനിമയുടെ അനുഭവം പങ്ക് വെക്കുകയാണ് സംവിധായകൻ. ഇഷ്ടമായി എന്ന് ഒറ്റവാക്കിൽ പറഞ്ഞ് അവസാനിപ്പിക്കാനാകില്ലെന്നും പ്രണവ് അതിശയിപ്പിച്ചുവെന്നാണ് പറയേണ്ടതെന്നും ഷാജി കൈലാസ് പറയുന്നു. ആക്ഷൻ ചെയ്യാൻ താൽപര്യമുള്ള സംവിധായകർക്ക് പുതിയൊരു നായകനെ കൂടി ലഭിച്ചുവെന്നും ഷാജി കൈലാസ് മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

മോഹൻലാൽ എന്ന മഹാനടന്റെ മകൻ ആദ്യമായി നായകനാകുന്ന ചിത്രം. പ്രേക്ഷകരും സിനിമ ലോകവും മാധ്യമങ്ങളും നൽകിയ പ്രതീക്ഷയും അത്രയും വലുതായിരുന്നു. പ്രതീക്ഷകളുടെ ഭാരം എനിക്കു തന്നെ അനുഭവപ്പെട്ടു. എന്താകും അതിന്റെ റിസൾട്ട് എന്നൊരു ചെറിയ പേടി എനിക്കുമുണ്ടായിരുന്നു. ആദ്യ ചിത്രം എങ്ങനെയിരിക്കും എന്നൊരു ആകാംക്ഷ എനിക്കുമുണ്ടായിരുന്നു. പക്ഷേ ആദ്യ ചിത്രമെന്ന ചിന്തയെ അപ്പാടെ പ്രണവ് മാറ്റിയെടുത്തു ആദ്യ സീനിലൂടെ തന്നെ.

പ്രണവിന്റെ ആദ്യ ചിത്രമെന്നു തോന്നുകയേയില്ല. ഒരു സിനിമയിലെ ഹീറോയുടെ ഇൻട്രൊഡക്ഷൻ എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ആ രംഗത്തിന്റെ ഭംഗി പോലെയിരിക്കും പിന്നീട് ചിത്രത്തോടൊപ്പമുള്ള പ്രേക്ഷകന്റെ സഞ്ചാരവും. അവിടെ വിജയിച്ചാൽ ചിത്രത്തിന്റെ റിസ്‌ക് പകുതിയായി കുറഞ്ഞുവെന്നാണ്. പ്രത്യേകിച്ച് ആദ്യ ചിത്രം കൂടിയാകുമ്പോൾ. ഇവിടെ സിനിമ തുടങ്ങുന്നതു തന്നെ ഒരു പാട്ടോടു കൂടിയാണ്. ശാന്ത സുന്ദരമായി ആ രംഗം പ്രണവ് കൈകാര്യം ചെയ്തു. വളരെ പതിഞ്ഞ താളത്തിലാണ് ഇൻട്രൊ. അതിനെ മനോഹരമായി ജീത്തു ജോസഫും കൈകാര്യം ചെയ്തു. പ്രേക്ഷകരുടെ മനസ്സിനെ ആദ്യ സീനിലൂടെ തന്നെ സിനിമയ്‌ക്കൊപ്പം കൂട്ടാൻ പ്രണവിന് സാധിച്ചു.

സംഗീത സംവിധായകനാകാൻ കൊതിക്കുന്നൊരു ആളായിട്ടാണ് പ്രണവ് ചിത്രത്തിലെത്തുന്നത്. പൊതുവെ ശാന്ത സ്വഭാക്കാരാണല്ലോ സംഗീത സംവിധായകർ. പ്രണവും അങ്ങനെ തന്നെയാണ് ആദ്യം ചിത്രത്തിലെത്തുന്നത്. വളരെ സോഫ്റ്റ് ആയിട്ടുള്ളൊരാൾ. അതേ സമയം ആദിക്ക് മറ്റൊരു മുഖം കൂടിയുണ്ട്. എന്തും ജീവിതത്തിൽ നേരിടാൻ ധൈര്യമുള്ളൊരു ആദി. കഥാപാത്രത്തിന്റെ ഈ രണ്ട് തലങ്ങളും കാണിച്ചു തന്നിട്ടാണ് സിനിമയിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. പ്രണവിന് ഈ രണ്ട് തലങ്ങളും വളരെ തന്മയയത്തോടെ അവതരിപ്പിക്കാനാകുമെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിച്ചു.

ആദിക്കു പിന്നെലെ മാത്രമാണ് പിന്നീട് പ്രേക്ഷകർ സഞ്ചരിക്കുന്നത്. ഇത്രമാത്രം ശ്രദ്ധേയമായൊരു കഥാപാത്രത്തെ ആദ്യ ചിത്രത്തിൽ അവതരിപ്പിക്കാൻ കിട്ടുന്നതു തന്നെ വലിയ കാര്യം. സിനിമയിൽ നിറഞ്ഞു നിന്നാൽ മാത്രം പോരല്ലോ. പ്രേക്ഷകന്റെ മനസ്സിൽ സ്‌നേഹവും ഉദ്വേഗവും ജനിപ്പിക്കാൻ കഴിയുന്നൊരു കഥാപാത്രമായിരിക്കണമല്ലോ. ഇവിടെ പ്രണവിന് സാധ്യമായത് അതാണ്. എനിക്ക് ഒരുപാടിഷ്ടപ്പെട്ടു പ്രണവിന്റെ അഭിനയം. ആക്ഷൻ രംഗങ്ങളൊക്കെ വളരെ കൂൾ ആയിട്ടാണ് അദ്ദേഹം ചെയ്തിരിക്കുന്നതു തന്നെ. ആദിയിൽ ഞാൻ പൂർണ സംതൃപ്തനാണ്.

പുതിയ തലമുറയിൽ നമ്മളിതുവരെ കണ്ടൊരു ആക്ഷൻ ഹീറോ പൃഥ്വിരാജ് ആണ്. അതിനു ശേഷം വളരെ സോഫ്റ്റ് ആയിട്ടുള്ളവരാണ് നായകന്മാരായി വന്നിട്ടുള്ളത്. പ്രണവ് ആദ്യ ചിത്രത്തിൽ തന്നെ തന്റെ ശരീര ഭാഷ ആക്ഷനും നന്നായി ഉതകുന്നതാണെന്ന് തെളിയിച്ചു; ആക്ഷൻ ചെയ്യാൻ താൽപര്യമുള്ള സംവിധായകർക്കായുള്ള നായകൻ കൂടിയാണെന്ന്. പ്രണവിന്റെ ക്വാളിറ്റി അനുസരിച്ച് വളരെ മനോഹരമായ ആക്ഷൻ രംഗങ്ങളാണ് തീരുമാനിച്ചതും അത് അതേപടി നടപ്പിലാക്കുകയും ചെയ്തു. അവിടെയാണ് സംവിധായകൻ വിജയിച്ചത്. അവൻ വളരെ നന്നായി ആക്ഷൻ രംഗങ്ങളൊക്കെ പഠിച്ചിട്ടുണ്ടാകും. നല്ല മെയ്‌വഴക്കമുണ്ട് പ്രണവിന്. അവനിൽ നിന്ന് സത്യത്തിൽ ഇത്തരത്തിലുള്ള ആക്ഷൻ ഞാൻ പ്രതീക്ഷിച്ചതേയില്ല.

പറന്നടിക്കുന്ന ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ(റോപ് ഐറ്റംസ്) ശരീരത്തിൽ എന്തെങ്കിലും വച്ച് കെട്ടിയാണ് ചെയ്യാറുള്ളത്. അന്നേരം ശരീരത്തിന്റെ ബാലൻസ് പോകാറുണ്ട്. പക്ഷേ ഇവിടെ അങ്ങനെയൊന്നും കാണാനേയാകില്ല. ശരിക്കും പ്രണവ് പറക്കുകയായിരുന്നു. അത്രയേറെ റിയൽ ടച്ച് ഉണ്ട് ആ ആക്ഷൻ രംഗങ്ങൾക്ക്.

ഞാൻ അങ്ങനെ ചിന്തിച്ചിട്ടേയില്ല. എനിക്ക് ഏറെ സന്തോഷമുള്ള കാര്യം നമുക്ക് നല്ലൊരു നായക നടനെ കിട്ടി എന്നതിലാണ്. നല്ലൊരു നടനെ കിട്ടുമ്പോൾ മലയാള സിനിമ മേഖല ഒരു പടി കൂടി മുൻപിലേക്കു പോകുകയാണ്. അക്കാര്യത്തിലാണ് എനിക്ക് ഏറെ സന്തോഷം.