തിരുവനന്തപുരം : ശബരിമല വിഷയത്തിലെ വിവാദച്ചൂട് കുറഞ്ഞ് വരുന്നതിനിടയിലാണ് സംഗതി വീണ്ടും ചർച്ചയാകും വിധം സമൂഹ മാധ്യമത്തിലൂടെ പുത്തൻ വിവാദങ്ങളും ഉയരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ തന്റെയും ഭാര്യയുടേയും പേര് വന്നതെങ്ങനെയെന്ന് അറിയില്ലെന്ന് സംവിധായകൻ ഷാജി കൈലാസ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ കുറിപ്പിട്ടിരുന്നു.

എന്നാൽ സംവിധായകന്റെ വാദത്തെ പൊളിച്ചടുക്കുന്ന പ്രസ്താവനയുമായി ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ഷാജി കൈലാസും ഭാര്യയും ഒപ്പു വച്ച രേഖ സഹിതം കുറിപ്പിറക്കിയത്. 
'ശ്രീ ഷാജി കൈലാസ്. ഓർമ്മയുണ്ടോ ഈ ഒപ്പ്. ഒരുപാട് ഒപ്പുകൾ ഇങ്ങനെ കേറി ഇറങ്ങി ഇടുന്നതുകൊണ്ട് ഓർമ്മ കാണില്ല' എന്നായിരുന്നു വചസ്പതി ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്.

എന്നാൽ പ്രസ്താവനയിൽ തങ്ങൾ ഒപ്പുവച്ചിട്ടില്ലെന്നും പേര് ദുരുപയോഗം ചെയ്തവർ അത് തരുത്തേണ്ടതാണെന്നുമാണ് ഷാജി കൈലാസ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ ആദ്യം പറഞ്ഞത്. ബിജെപി നേതാവിന്റെ കുറിപ്പ് വന്നതിന് പിന്നാലെ തങ്ങളെ തെറ്റിധരിപ്പിച്ചാണ് ഒപ്പ് ശേഖരിച്ചതെന്നും ഈശ്വര വിശ്വാസി എന്ന നിലയിൽ സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടിട്ടില്ലെന്നും ഷാജി കൈലാസ് കുറിപ്പ് ഇറക്കി. ദയവായി കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദീപ് വചസ്പതിയുടെ കുറിപ്പിന്റെ പൂർണരൂപം

ശ്രീ ഷാജി കൈലാസ്.

ഓർമ്മയുണ്ടോ ഈ ഒപ്പ്.
ഒരുപാട് ഒപ്പുകൾ ഇങ്ങനെ കേറി ഇറങ്ങി ഇടുന്നതുകൊണ്ട് ഓർമ്മ കാണില്ല.

ചില സൂചനകൾ തരാം.
നേമം പുഷ്പരാജിന്റെ മകളുടെ വിവാഹം,
അൽ സാജ്,
ഇന്നോവ കാർ,
ഡിസംബർ 2 ഞായർ,
ശബരിമല,
പിന്തുണ.
ഇനിയും ഓർമ്മ വന്നില്ലെങ്കിൽ ഒന്നേ പറയാനുള്ളൂ.
??Shit.
...............
പിന്നെ ഒരു കാര്യം കൂടി. മീഡിയ സെൽ അല്ല, സാംസ്‌കാരിക സെൽ.

 ഷാജി കൈലാസ് മറുപടിയായി ഇട്ട ഫേസ്‌ബുക്ക് കുറിപ്പ്

ഞാൻ ഒരു എളിയ ചലച്ചിത്ര പ്രവർത്തകനാണ്. വിവാദങ്ങൾക്കോ ഭരണകൂടത്തിന് എതിരെയുള്ള പരാമർശങ്ങൾക്കോ ഞാനില്ല. ഒരു സാംസ്‌കാരിക നായകന്റെ പദവി അലങ്കരിക്കാനും എനിക്ക് താല്പര്യമില്ല. എങ്കിലും വാസ്തവവിരുദ്ധമായ ചില കാര്യങ്ങൾ എനിക്കെതിരെയും എന്റെ പ്രിയ പത്‌നിക്കും എതിരെ ആരോപിക്കുമ്പോൾ മിണ്ടാതിരിക്കാനും വയ്യ. ഞാനും എന്റെ ഭാര്യ ചിത്രയും ഒപ്പിട്ടുവെന്ന് പറയുന്ന ഒരു രേഖയും കൊണ്ട് ചിലർ എനിക്കെതിരെ ശബ്ദമുയർത്തുന്നുണ്ട്. നേമം പുഷ്പരാജിന്റെ മകളുടെ വിവാഹത്തിന് പോയപ്പോൾ അസിസ്റ്റന്റ് ഡയറക്ടറും സാമൂഹികപ്രവർത്തകനുമായ അനിൽ എന്റെ അടുത്ത് വന്ന് ശബരിമല ആചാര സംരക്ഷണത്തിന് ഒരു കോടി ഒപ്പ് ശേഖരിക്കുന്നുണ്ട് എന്ന് എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. ചടങ്ങ് കഴിഞ്ഞ് ഇറങ്ങാൻ നേരം കാറിലിരുന്ന എന്റെ കൈയിൽ മടക്കി പിടിച്ച ഒരു പേപ്പർ കൊണ്ട് വന്ന് ഒപ്പ് ഇടാൻ തന്നു. ഞാനും ഭാര്യ ചിത്രയും അതിൽ ഒപ്പിടുകയും ചെയ്തു. ഏറെ വിശ്വസിച്ച അനിൽ എന്നെ തെറ്റിദ്ധരിപ്പിച്ചു അങ്ങനെ ഒപ്പ് വാങ്ങുകയും അത് മറ്റൊരു രീതിയിൽ ഉപയോഗിച്ചതും തികച്ചും വേദനാജനകമാണ്. തികഞ്ഞൊരു ഈശ്വരവിശ്വാസി എന്ന നിലയിൽ ഞാൻ ആ സംയുക്ത പ്രസ്താവനയിൽ അറിഞ്ഞു കൊണ്ട് ഒപ്പിട്ടിട്ടില്ല എന്ന് ഉറപ്പിച്ചു പറയുന്നു. ദയവായി കൂടുതൽ വിവാദങ്ങളിലേക്ക് എന്നെ വലിച്ചിഴക്കരുത്.

വിശ്വസ്തതയോടെ
ഷാജി കൈലാസ്