- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടായെന്ന് വിളിച്ച് ആരേയും കൈയിലെടുക്കും; ആത്മീയ കാര്യങ്ങളിൽ കണിശത പുലർത്തുന്ന സഖാവ്; ബ്ലാക് മാൻ ആക്രമണത്തിൽ സംശയത്തിൽ നിന്ന നേതാവ്; നക്ഷത്ര ആമ കച്ചവടത്തിലും സംശയത്തിലായി; റിസോർട്ടിൽ ആഘോഷ പുളകിതരാകുന്നവരിൽ പൊലീസ് ഏമാന്മാരും; വാഗമണ്ണിലെ നിശാ പാർട്ടിയിൽ കുടുങ്ങിയ റിസോർട്ടു മുതലാളി ഷാജി കുറ്റിക്കാടന്റെ കഥ
ഇടുക്കി: കുട്ടായെന്നും വിളിച്ച് അടുപ്പക്കാരുടെ തോളിൽ കയ്യിട്ട് നടക്കുന്ന പ്രകൃതം. ആത്മീയ കാര്യങ്ങളിലും കണിശക്കാരൻ. ഭീതിവിതച്ച ബ്ലാക്ക്മാൻ ആക്രമണത്തിലും നക്ഷത്ര ആമ വിൽപ്പനയിലും തനിക്കുനേരെ നീണ്ട സംശയമുനയെ അതീജീവിച്ച വ്യക്തിപ്രഭാവം. പഞ്ചായത്ത് പ്രസിഡന്റായത് ലക്ഷങ്ങളിറക്കിയെന്നും ആരോപണം. വാഗമണ്ണിലെ സൗമ്യനായ രാഷ്ട്രീയക്കാരൻ ഷാജി കുറ്റിക്കാടനെ കുറിച്ച് നാട്ടുകാർ വെളിപ്പെടുത്തുന്ന വിവവരങ്ങൾ ഇങ്ങിനെ.
ഷാജിയുടെ ഉടമസ്ഥതയിൽ വട്ടപ്പതാലിൽ പ്രവർത്തിച്ചിരുന്ന ക്ലിഫിഇൻ റിസോർട്ടിൽ നിന്നും പൊലീസ് കോടിക്കുമുകളിൽ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തെന്ന വാർത്ത ഇവിടുത്തകാരെ അമ്പരപ്പിച്ചിരിക്കുകയാണ്.രണ്ട് ദശാബ്ദത്തോളമായി വാഗമൺ നിവാസികൾക്ക് ഷാജി കുറ്റിക്കാടനെ അറിയാം.
വാഗമണ്ണിൽ നിന്നും അഞ്ചരകിലോമീറ്ററോളം അകലെ വട്ടപ്പതാലിൽ മൊട്ടക്കുന്നുകളിലൊന്നിലാണ് ഷാജിയുടെ 36 ഏക്കറോളം വരുന്ന തോട്ടം സ്ഥിചെയ്യുന്നത്. ഏലവും തേയിലയുമാണ് പ്രധാന വിളകൾ. അനുകൂല കാലവസ്ഥയുള്ളതിനാലും മെച്ചപ്പെട്ട പരിപാലനം നൽകുന്നതിനാലും കൃഷിയിൽ നിന്നും ഷാജിക്ക് നല്ലരീതിയിൽ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.
തോട്ടത്തിൽ സ്ത്രീ ജോലിക്കാർക്കൊപ്പം ഷാജിയുടെ ഭാര്യയും ജോലിക്കിറങ്ങാറുണ്ടെന്നും ഇവരുടെ മാനേജ്മെന്റ് മിടുക്കിലാണ് കൃഷി മുന്നോട്ടുപോയിരുന്നതെന്നുമാണ് നാട്ടുകാർ ചൂണ്ടികാണിക്കുന്നത്. നാട്ടുകാരുമായി നല്ല സൗഹൃദ ബന്ധം സൂക്ഷിച്ചായിരുന്നു ഷാജിയുടെ രാഷ്ട്രീയ പ്രവർത്തനം.
2015-ൽ അധികാരമേറ്റ ഏലപ്പാറ പഞ്ചായത്ത് ഭരണസമിതിയിൽ സിപിഐക്കാരനായ ഷാജി രണ്ടര വർഷക്കാലം പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. പിന്നീടുള്ള രണ്ടര വർഷം സി പി എം അംഗമായിരുന്നു പ്രസിഡന്റ്.നല്ലരീതിയിൽ പണമിറക്കിയാണ് ഷാജി തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്നാണ് ജനസംസാരം. കുറച്ചുകാലം സെന്റ് സെബാസ്റ്റ്യൻ പള്ളിയുടെ ട്രസ്റ്റി സ്ഥാനത്തും പ്രവർത്തിച്ചിരുന്നു. പള്ളിയിലെ ചടങ്ങുകളിൽ സജീവ സാന്നിദ്ധയമായിരുന്നു ഷാജി.
ഏകദേശം മൂന്നുവർഷം മുമ്പാണ് മൊട്ടക്കുന്നിലെ തോട്ടത്തിൽ ഷാജിയുടെ ഉടസ്ഥതയിൽ റിസോർട്ട് പ്രവർത്തനം ആരംഭിക്കുന്നത്. വട്ടപ്പതാലിൽ പാതയിൽ നിന്നും 100 മീറ്ററിലേറെ ഉള്ളിലാണ് റിസോർട്ട് സ്ഥിതിചെയ്യുന്നത്. ചുറ്റും തേയിലക്കാടുണ്ട്. 500 ഏക്കറോളം വരുന്ന എം ജെ എസ്റ്റേറ്റ് റിസോർട്ടിന്റെ പിൻഭാഗത്തേയ്ക്ക് നീണ്ടുകിടക്കുന്നു. കൃഷിയില്ലാത്തതിനാൽ ഇവിടേയ്ക്കാരും തിരിഞ്ഞുനോക്കാറില്ല.
അതുകൊണ്ട് തന്നെ ഈ റിസോർട്ടിൽ നടക്കുന്ന കാര്യങ്ങൾ നടത്തിപ്പുകാർക്കല്ലാതെ പുറമെ നിന്നുള്ളവർക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കില്ല. സിനിമക്കാരുടെയും പൊലീസ് അധികാരികളിൽ ചിലരുടെയും സ്ഥിരം താവളമായിരുന്നു ഈ റിസോർട്ട്. തന്റെ റിസോർട്ടിൽ സിനിമക്കാർ എത്തിയിരുന്നതായി ഷാജി അടുപ്പക്കാരോട് വെളിപ്പെടുത്തിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർ വിശ്രമവേളകൾ ആനന്ദകരമാക്കാനാണ് ഇവിടേയ്ക്ക് എത്തിയിരുന്നത്. മദ്യസൽക്കാരവും കൂത്താട്ടവുമെല്ലാം കഴിഞ്ഞായിരുന്നു ഇക്കൂട്ടരുടെ മടക്കമെന്നാണ് പുറത്ത് പ്രചരിച്ചിട്ടുള്ള വിവരങ്ങൾ. 2013-14 കാലഘട്ടത്തിൽ പ്രദേശത്ത് ബ്ലാക്ക്മാൻ ഭീതി പരന്നിരുന്നു. അജാനുബാഹുവായ കറുത്ത വസ്ത്രധാരി പ്രദേശത്ത് ചുറ്റിക്കറങ്ങുന്നുണ്ടെന്നായിരുന്നു നാട്ടിൽ പരന്ന ആഭ്യൂഹം. ഈയവസരത്തിൽ പ്രദേശവാസികളിൽ പലരുടെയും കന്നുകാലികളെ കാണാതായിരുന്നു. ഇതെത്തുടർന്ന് നാട്ടുകാർ ഏറെ ഭയവിഹ്വലരായിരുന്നു.
സംഭവത്തിന്റെ നിജസ്ഥിതിയറിയാൻ പ്രദേശവാസികൾ സംഘടിച്ച് തിരച്ചിൽ ആരംഭിച്ചു. ഇതിന് ഫലമുണ്ടായി. രണ്ടുപേരെ നാട്ടുകാർ പിടികൂടുകയും ചെയ്തു. നാട്ടുകാരുടെ പിടിയിലായവർ ഷാജിയുടെ അടുപ്പക്കാരായതാണ് സംശയങ്ങൾക്ക് കാരണമായത്. എന്നാൽ സംഭവുമായി ഷാജിക്ക് ബന്ധമുണ്ടെന്നതിന് തെളിവുകളില്ലന്നായിരുന്നു പിന്നീട് പുറത്തുവന്ന വിവരം. അക്കാലത്ത് കാട്ടിറച്ചിയെന്ന പേരിൽ വ്യപകമായ രീതിയിൽ ഇറച്ചിവിൽപ്പന നടന്നിരുന്നു.
കാണാതായ കന്നുകാലികളുടെ ഇറച്ചിയും ഇത്തരത്തിൽ വിൽപ്പനനടന്നിരിക്കാമെന്നാണ് ഇപ്പോഴും നിലനിൽക്കുന്ന സംശയം. റിസോർട്ടിൽ നക്ഷത്ര ആമയുടെ വിൽപ്പന നടന്ന വിവരവും പുറത്തുവന്നിരുന്നു. ഈ സംഭവത്തിലും ഷാജിയെ ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നില്ല. റിസോർട്ടിൽ മ്ലാവിറച്ചി വിളമ്പിതയായും വിരങ്ങൾ പുറത്തുവന്നിരുന്നു. ഈ സംഭവത്തിലും ഷാജിക്കെതിരെ ഒരുതരത്തിലുള്ള നടപടിയും ഉണ്ടായതായി അറിവില്ല. ഷാജിയുടെ രാഷ്ട്രീയ-സാമ്പത്തിക ഇടപെടലുകളാണ് ഇതിൽ നിന്നെല്ലാം രക്ഷപെടുന്നതിന് ഷാജിക്ക് സഹായകമായതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ഏറ്റവും ഒടുവിലെ നിശാപാർട്ടി വിവാദത്തിൽ നിലവിൽ പൊലീസ് ഷാജിയ്്ക്കെതിരെ കേസെടുത്തിട്ടില്ല. മുറി ബുക്കുചെയ്തിനെക്കുറിച്ച് അറിയാമായിരുന്നെന്നും നിശാപാർട്ടിയെക്കുറിച്ചോ മയക്കുമരുന്ന് വിതരണത്തെക്കുറിച്ചോ താൻ അറിഞ്ഞിരുന്നില്ലന്നുമാണ് ഷാജി പൊലീസിൽ വ്യക്തമാക്കിയിട്ടുള്ളത്. നിശാപാർട്ടിക്കെത്തിയ മുഴുവൻപേരുടെയും ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെയും മൊബൈലുകൾ പൊലീസ് പിടിച്ചെടുത്ത് വിശദമായി പരിശോധിച്ചുവരികയാണ്. ഇത് പൂർത്തിയാവുമ്പോൾ മാത്രമേ ഈ സംഭവത്തിന്റെ യഥാർത്ഥ ചിത്രം ലഭ്യമാവു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ ഷാജിയെ സിപിഐ പാർട്ടി ലോക്കൽകമ്മറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി പാർട്ടി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ മാധ്യമങ്ങൾക്ക് നൽകിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ലേഖകന്.