കൊച്ചി: പൃഥ്വിരാജ് പിന്മാറിയത് ഓഗസ്റ്റ് സിനിമാസിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഷാജി നടേശൻ.പൃഥ്വിരാജ് ഇല്ലെങ്കിലും തങ്ങൾക്ക് ഒന്നും സംഭവിക്കില്ല. പൃഥ്വി തിരിച്ച് വന്നാലും ഇല്ലെങ്കിലും തങ്ങൾക്ക് ഒന്നുമില്ലെന്നും ഓഗസ്റ്റ് സിനിമാസിന്റെ ബിസിനസ് പങ്കാളി കൂടിയായ ഷാജി നടേശൻ പറഞ്ഞു.

ഉറുമി,ഇന്ത്യൻ റുപ്പി,ഗ്രേറ്റ് ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസായിരുന്നു ഓഗസ്റ്റ് സിനിമാസ്.2010-ൽ പൃഥ്വിരാജും സന്തോഷ് ശിവനും ചേർന്ന് തുടങ്ങിയ ഓഗസ്റ്റ് സിനിമാസിൽ നിന്ന് താൻ പിന്മാറുന്നതായി ഏതാനും ദിവസം മുമ്പാണ് പൃഥ്വിരാജ് അറിയിച്ചത്.

പൃഥ്വിരാജ് ഒരു നിർമ്മാണ കമ്പനി തുടങ്ങിയാൽ ആശംസകൾ മാത്രമേ ഉള്ളൂ എന്നും എല്ലാ കാര്യത്തിലും എപ്പോഴും സ്‌നേഹം കാണിക്കുന്നുണ്ടെന്നും ഒപ്പമുണ്ടായിരുന്നപ്പോൾ വേണ്ട പിന്തുണ അദ്ദേഹം തന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പൃഥ്വിരാജ് ഇല്ലാത്ത ഓഗസ്റ്റ് സിനിമാസ് നിലവിൽ പുതുമുഖങ്ങളുടെ മൂന്നു സിനിമകളാണ് ഏറ്റെടുത്തിരിക്കുന്നത്. സന്തോഷ് ശിവൻ, ആര്യ, ഷാജി നടേശൻ എന്നിവരാണ് ഓഗസ്റ്റ് സിനിമാസിന്റെ ഇപ്പോഴത്തെ പങ്കാളികൾ.

ആട് ജീവിതം എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ പൃഥ്വിരാജ്. ഈ കാരണം കൊണ്ടാണ് പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസിൽ നിന്നും മാറി നിൽക്കുന്നത് എന്നായിരുന്നു ഓഗസ്റ്റ് സിനിമാസിന്റെ ബിസിനസ് പങ്കാളിയായ ഷാജി നടേശൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ അതല്ല, ഇന്ദ്രജിത്തിനൊപ്പം പൃഥ്വി പുതിയ പ്രൊഡക്ഷൻ കമ്പനി തുടങ്ങുകയാണെന്നും ഈ കാരണം കൊണ്ടാണ് ഓഗസ്റ്റ് സിനിമാസ് വിട്ടത് എന്നുമാണ് ലഭിക്കുന്ന വിവരം.