- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവരെ കളഞ്ഞു കൂടായിരുന്നു.. കെ.ആർ ഗൗരിയെപ്പോലുള്ള നേതാക്കൾ ഒരിക്കൽ മാത്രമേയുണ്ടാക്കൂ...! ഗൗരിയമ്മയെ പുറത്താക്കിയപ്പോൾ സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാൾ പറഞ്ഞതിങ്ങനെ; ഗൗരിയമ്മയെ പുറത്താക്കാൻ കൂട്ടുനിൽക്കാത്ത നേതാക്കളിലൊരാൾ എം വിരാഘവനായിരുന്നു; പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകൻ പറയുന്നു
തലശേരി:അവരെ കളഞ്ഞു കൂടായിരുന്നു : ഗൗരിയമ്മയെ പോലുള്ള നേതാക്കൾ പാർട്ടിയിൽ ഒരിക്കൽ മാത്രമേയുണ്ടാകൂ... കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാക്കളിലൊരാൾ കെ.ആർ ഗൗരിയമ്മയെ പാർട്ടി പുറത്താക്കിയപ്പോൾ പറഞ്ഞതാണിത്. തീരാത്ത നഷ്ടബോധത്തോടെയാണ് അച്ഛൻ ഈ വാക്കുകൾ പറയുന്നത് കേട്ടതെന്ന് പാറപ്രം സമ്മേളനത്തിന്റെ സംഘാടകനും ദീർഘകാലം പിണറായി പഞ്ചായത്ത് പ്രസിഡന്റുമായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകൻ ഷാജി പാണ്ട്യാല വെളിപ്പെടുത്തുന്നു.
കെ.ആർ ഗൗരിയമ്മയെന്ന വിപ്ളവ വനിതയെ സൃഷ്ടിച്ചത് പ്രത്യേക ചരിത്ര സന്ദർഭമാണ്. ഇനി അത്തരം സന്ദർഭങ്ങൾ ആവർത്തിക്കാൻ പോകുന്നില്ല ഇനിയൊരു കെ.ആർ ഗൗരിയുണ്ടാകാനും പോകുന്നില്ല. പാണ്ട്യാല യുടെ അഭിപ്രായം പലർക്കുമുണ്ടായിരുന്നുവെങ്കിലും ഇഎം.എസിനെ പേടിച്ച് പാർട്ടി വേദികളിൽ എല്ലാവരും മൗനം പാലിച്ചു. എന്നാൽ ഗൗരിയമ്മയെ പുറത്താക്കാൻ കൂട്ടുനിൽക്കാത്ത നേതാക്കളിലൊരാൾ എം വിരാഘവനായിരുന്നുവെന്ന് ഷാജി പറയുന്നു.
എം വി ആർ തന്നെ ഈ കാര്യം പലപ്പോഴായി പറഞ്ഞിട്ടുണ്ടെന്നാണ് മുൻ. സി.എംപി നേതാവ് കൂടിയായ ഇദ്ദേഹം പറയുന്നത്. ഗൗരിയമ്മയ്ക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ആദ്യം സംസ്ഥാന സെക്രട്ടറിയേറ്റ് നിയോഗിച്ച അന്വേഷണ കമ്മിഷന്റെ തലവൻ എം വിആറായിരുന്നു. അന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു രാഘവൻ. ഗൗരിയമ്മയെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും കമ്മിഷൻ തയ്യാറായി. ഗൗരിയമ്മയെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കരുതെന്ന ശാഠ്യം വെച്ചുപുലർത്തുന്നവരാണ് അന്ന് അവർക്കെതിരെ മൊഴി നൽകിയവരിൽ ഭൂരിഭാഗവും.
കേട്ടതിലും പറഞ്ഞതിലുമൊക്കെ ശരികളുണ്ടെങ്കിലും ഗൗരിയമ്മയെ പുറത്താക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നാണ് ഒടുവിൽ രാഘവൻ സംസ്ഥാന സെക്രട്ടറിയേറ്റിന് റിപ്പോർട്ട് നൽകിയത്. വി എസ് അച്ചുതാനന്ദനായിരുന്നു അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി. ഗൗരിയമ്മയെ പുറത്താക്കണമെന്ന് നിർബന്ധം പിടിച്ച ഇ എം.എസിന് പോലും എം.വി ആർ നൽകിയ റിപ്പോർട്ട് അംഗീകരികേണ്ടി വന്നു. എന്നാൽ ഗൗരിയമ്മയുടെ വിധി പാർട്ടിക്ക് പുറത്ത് പോകാനാണെന്ന് അന്ന് തന്നെ എം വിആർ തന്റെ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നു. അവരെ ലക്ഷ്യമാക്കി പാർട്ടിക്കുള്ളിലെ പ്രബല വിഭാഗം കരുനീക്കം തുടങ്ങിയിരുന്നു. അതിന്റെ ഒടുവിലത്തെ ഫലമായി
എൺപതുകളുടെ മധ്യത്തോടെ ഗൗരിയമ്മയെ പാർട്ടി വിരുദ്ധമായി ചിത്രീകരിക്കുകയും കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിച്ചീടുമെന്ന് മുദ്രാവാക്യം വിളിച്ച പാർട്ടി തന്നെ കറിവേപ്പിലപ്പോലെയെടുത്ത് പുറത്ത് കളയുകയും ചെയ്തു. ഗൗരിയമ്മയ്ക്കെതിരെ പാർട്ടി തല അന്വേഷണം നടത്തിയ എം വിആറിനും ഒടുവിൽ പുറത്തേക്കുള്ള പാത തെളിഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സമ്മേളനം നടന്ന 1939 ന് ശേഷം പിണറായിയിലേക്കും പാറപ്രത്തേക്കും ഒട്ടനവധി നേതാക്കൾ പിന്നീട് ഒളിവിൽ കഴിയാൻ വരുമായിരുന്നുവെന്ന് ഷാജി പറഞ്ഞു. തിരു കൊച്ചിയിലെ നേതാക്കൾക്ക് ഭക്ഷണവും ഷെൽട്ടറും ഒരുക്കിയിരുന്നത് പാണ്ട്യാലഗോപാലനായിരുന്നു. ആ രീതിയിൽ പഴയ നേതാക്കളുമായി നല്ല ബന്ധമുണ്ടായിരുന്നു. പിണറായിയിലുള്ള തന്റെ വീട്ടിൽ പിതാവിനെ കാണാൻ ഗൗരിയമ്മ വന്നിരുന്നുവെന്നും നായനാർ മന്ത്രിസഭയിൽ വ്യാവസായിക മന്ത്രിയായിരുന്ന ഗൗരിയമ്മയ്ക്ക് അന്ന് പിണറായി സംസ്കാരിക വേദി നൽകിയ സ്വീകരണത്തിൽ ഹാരാർപ്പണം നടത്തുന്ന ചിത്രം കാണിച്ച് ഷാജി പറയുന്നു.
ഒരു ദ്വീപിൽ നിന്നും മണൽ കടലിലേക്ക് ഉതിർന്നു പോയാൽ അതൊരിക്കലും വീണ്ടെടുക്കാനാവില്ല അതുപോലെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും കൊഴിയുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും കാര്യം. ഗൗരിയമ്മയുടെ നഷ്ടം സിപിഎമ്മിനും ഇടതുപക്ഷ മുന്നണിക്കും ശുന്യത നിറയ്ക്കുകയാണ് പിന്നീട് ചെയ്തതെന്ന് ചരിത്രം കാണിച്ചു തന്നുവെന്ന് തന്റെ കൈയിലുള്ള ആൽബം ചുണ്ടികാട്ടി ഷാജി പാണ്ട്യാല പറഞ്ഞു.