രു ചിത്രം തീയറ്ററിൽ വേണ്ടത്ര ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ട്രന്റ് സെറ്റർ ആകുന്നത് മലയാള സിനിമ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. അതു പോലെതന്നെ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിട്ടും ആളുകൾ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നുണ്ടെങ്കിൽ അത് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനാണ്. ഒടുവിൽ കാത്തിരിപ്പിന് വിരാമമായി ആട് 2 ന്റെ തിരക്കഥ പൂർത്തിയായതായി സംവിധായകൻ മിഥുൻ മാനുവേൽ അറിയിച്ചു. വിജയ്ബാബു തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

സംവിധായകൻ തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുമ്പോഴും പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ പലതും 'ഷാജി പാപ്പനെ'ക്കുറിച്ചുള്ള അന്വേഷണമായിരുന്നു. ആരാധകരുടെ അന്വേഷണങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ആട് 2 പുറത്തിറക്കുമെന്ന് സംവിധായകൻ കുറച്ച് ദിവസം മുമ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആട് 2ന്റെ തിരക്കഥ പൂർത്തിയായതായി അറിയിച്ചുകൊണ്ട് സംവിധായകൻ തന്നെ തിരക്കഥയുടെ പുറം പേജിന്റെ ചിത്രം ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടു. വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാനാണ്.

എന്നാണ് ആടിന്റെ രണ്ടാം ഭാഗം വരുന്നത് എന്ന ചോദ്യങ്ങളുടെ ഇടയിൽ നിന്നും ആന്മരിയ കലിപ്പിലാണ് എന്ന് ചിത്രം എത്തി. അപ്പോഴും ആളുകൾ ആകാംക്ഷയോടെ കാത്തിരുന്നത് ആട് 2 വിനാണ്. 'ആന്മരിയ കലിപ്പിലാണ്' എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രത്തിന്റെ പേര് 'അലമാര' എന്നാണ്. അപ്പോഴും ആരാധകർക്ക് വേണ്ടത് ഷാജി പാപ്പനെയാണ്. പ്രേക്ഷകരുടെ കാത്തിരിപ്പും ആടിന്റെ രണ്ടാംഭാഗത്തിന് വേണ്ടി ആയിരുന്നു.

'നമുക്ക് കൺവിൻസിങ് ആയിട്ടുള്ള ഒരു തിരക്കഥ ആയിട്ട് ചെയ്താലല്ലേ കാര്യമുള്ളൂ? ആ ആശയം അവിടെയുണ്ടല്ലോ? നല്ല ഒരു തിരക്കഥ കിട്ടിയിട്ടേ അത് ചെയ്യുന്നുള്ളൂ എന്ന് ഞാൻ തീരുമാനിച്ചു.''കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ വലിയ കാത്തിരിപ്പുള്ള സിനിമയാണ് ഷാജി പാപ്പന്റെ രണ്ടാം വരവ്. അതുകൊണ്ടുതന്നെ എന്നിൽ സ്വാഭാവികമായും വലിയ ഉത്തരവാദിത്തം ഉണ്ടാക്കുന്ന സിനിമയുമാണ് 'ആട് 2'. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന, നല്ലൊരു തിരക്കഥ കിട്ടിയിട്ടേ ആ സിനിമ ചെയ്യുന്നുള്ളൂ. തീയേറ്ററിൽ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാംഭാഗം എന്ന് പറയുമ്പോൾ ചിലപ്പോൾ അതിനെ പ്രേക്ഷകരിൽ ഒരു വിഭാഗം സംശയത്തോടെ നോക്കുകയും ചെയ്‌തേക്കാം. 'ആട്' കണ്ട് ഇഷ്ടപ്പെട്ട ഒരു വിഭാഗത്തിനത്രയും തന്നെയുണ്ട് ഇഷ്ടപ്പെടാത്തവരും' ആരാധകർക്കായി മിഥുൻ പറഞ്ഞിരുന്നു.