കുമളി: ചെറുപ്പം മുതൽ സുഹൃത്തുക്കൾ. പണിക്ക് പോകുന്നതും ഒരുമിച്ച്. രണ്ടെണ്ണം അടിച്ചാൽ ഷാജിക്ക് രാഹുലിനെ തല്ലണം. ഇന്നലെയും ഷാജി പതിവ് തെറ്റിച്ചില്ല. തല്ലുകൊണ്ട് സഹികെട്ടപ്പോൾ വിറകുകഷണത്തിന് ഷാജിയെ അടിച്ചുവീഴ്‌ത്തി രാഹുലിന്റെ പ്രതികാരം. പിന്നാലെ അയൽവാസി സ്്ത്രിയെ, വീട്ടിലെത്തി കണ്ട് കുറ്റസമ്മതം. പൊലീസ് എത്തിയപ്പോൾ അനുസരണയുള്ള കൂട്ടിയെപ്പോലെ കീഴടങ്ങലും.

ഇന്നലെ അണക്കരയ്ക്ക് സമീപം ചെല്ലാർകോവിൽ ഒന്നാം മൈലിൽ നാടിനെ നടുക്കിയ അരുംകൊലയെക്കുറിച്ച് സമീപവാസികൾ പൊലീസിന് നൽകിയ വിവരത്തിന്റെ ചുരുക്കം ഇങ്ങിനെ. എരപ്പൻപാറയിൻ ഷാജി തോമസ്(38) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പുത്തൻപുരയ്ക്കൽ രാഹുലി (35)നെ വണ്ടന്മേട് പൊലീസ് സംഭവ സ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുത്തു.രാഹുലിന്റെ വീടിന്റെ അടുക്കളയിലാണ് ഷാജിയുടെ മൃതദ്ദേഹം കാണപ്പെട്ടത്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. അയൽവാസികളും സുഹൃത്തുക്കളുമായിരുന്ന രാഹുലും ഷാജിയും ഒരുമിച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. ഇതിനായി ഇന്നലെ രാവിലെ ഇവർ വീട്ടിൽ ഒത്തുകൂടിയിരുന്നു.കൂട്ടത്തിൽ ഇരുവരുടെയും സുഹൃത്തായ നാട്ടുകാരനും ഉണ്ടായിരുന്നു. രാവിലെ പുരയിടത്തിലിരുന്നായിരുന്നു മദ്യാപനം.ഉച്ചയ്ക്ക് 12.30 തിനോടടുത്ത് മഴ കനത്തപ്പോൾ ഇവർ ഇരുവരും രാഹുലിന്റെ വീട്ടിലേക്ക് കയറിയസുഹൃത്ത് അയാളുടെ വീട്ടേലേക്കും മടങ്ങി.പിന്നീട് നടന്ന സംഭവത്തെക്കുറിച്ച് രാഹുൽ പറഞ്ഞുള്ള വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്.

അടുക്കളയിൽ ഇരുന്ന് മദ്യപിക്കുമ്പോൾ ഷാജി തന്നെ മർദ്ദിച്ചെന്നും സഹികെട്ടപ്പോൾ അടുക്കളയിൽ സൂക്ഷിച്ചിരുന്ന വിറക് കമ്പെടുത്ത് ഷാജിയുടെ തലക്കടിച്ചെന്നും പിന്നെ അനക്കമില്ലാതായെന്നുമാണ് ഉച്ചക്ക് 1 മണിയോടെ രാഹുൽ അയൽവാസിയായ സ്ത്രീയെ വീട്ടിലെത്തി അറയിച്ചത്.

ഇരുവരും തമ്മിലുള്ള മദ്യപാനവും തമ്മിൽതല്ലും പതിവായതിനാൽ വീട്ടമ്മ ഇത് കാര്യമാക്കിയില്ല.പിന്നീട് 1.30 തോടടുത്ത് രാഹുൽ വീണ്ടും ഇവരെ കണ്ട് നേരത്തെ പറഞ്ഞ് കാര്യങ്ങൾ ആവർത്തിച്ചതോടെ ഇവർ സമീപത്തെ വീടുകളിൽ വിവരം അറയിച്ചു. തുടർന്ന് ഈവിടുകളിലുണ്ടായിരുന്നവരെയും കൂട്ടി വീട്ടമ്മ രാഹുലിന്റെ വീട്ടിലെത്തി നോക്കുമ്പോഴാണ് തലയിൽ നിന്നും രക്തം വാർന്ന്,അനക്കമറ്റ നിലയിൽ ഷാജി കിടക്കുന്നത് കാണുന്നത്.കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഇവർ വിവരം വണ്ടന്മേട് പൊലീസിൽ അറയിച്ചു.

രാഹുലിനെ രക്ഷപെടാൻ അനുവദിക്കരുതെന്നും ഉടൻ എത്തുമെന്നും പൊലീസ് അറയിച്ചതോടെ ഓടിക്കൂടിയവർ രാഹുലിനെ നിരീക്ഷണ വലയത്തിലാക്കി.പൊലീസ് എത്തി, രാഹുലിനെ കസ്റ്റഡിയിൽ എടുത്തതോടെയാണ് ഇവർ പിൻവാങ്ങിയത്.ഇരുവരും ചെറുപ്പം മുതലുള്ള കൂട്ടുകാരും ഒരുമിച്ച് പണിക്കുപോകുന്നവരും ആയിരുന്നെന്നും ഇടക്ക് ഇവർ തമ്മിൽ തമ്മിൽ തല്ല് ഉണ്ടാവാറുണ്ടെന്നുമാണ് നാട്ടുകാർ പൊലീസുമായി പങ്കിട്ട വിവരം.

മാസങ്ങൾക്ക് ഉണ്ടായ തമ്മിൽ തല്ലിൽ രാഹുലിന് മുറിവേറ്റിരുന്നു.ഇതെത്തുടർന്നുള്ള വൈരാഗ്യവും ഇന്നലത്തെ ആക്രമണത്തിന് കാരണമായതായിട്ടാണ് രാഹുലിന്റെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നതെന്ന് പൊലീസ് പറഞ്ഞു.അടിയേറ്റ് ഷാജിയുടെ തലയോട്ടി പൊട്ടിയിരുന്നെന്നാണ് സൂചന. ഇരുവരവരും അവിവിവാഹിതരാണ്