കോഴിക്കോട്: അപകടത്തിൽ പെട്ട തെരുവു നായയെ രക്ഷിക്കാൻ എല്ലാ ശ്രമവും നടത്തിയിട്ടും പരാജയപ്പെട്ടപ്പോൾ വേദനയോടെ ദയാവധത്തിന് വിട്ടുനൽകി ഷാജി. താമരശ്ശേരി പഴയ ബസ്സ് സ്റ്റാന്റിന് സമീപം ഇന്നലെ പുലർച്ചെയാണ് വാഹനമിടിച്ച് തെരുവുനായക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ 20 മീറ്ററോളം ദൂരത്തേക്ക് നായ തെറിച്ച് പോയിരുന്നു. നായയുടെ ഇരുകാലുകളും ഒടിഞ്ഞ നിലയിലും ശരീരമാസകലം പരിക്കേറ്റ നിലയിലുമായിരുന്നു.

വേദന കൊണ്ട് പുളയുന്ന നായയുടെ കാഴ്ച ദയനീയമായിരുന്നു. ഈ അവസരത്തിലാണ് താമരശ്ശേരി വഴുപ്പുർ സ്‌കൂളിന് സമീപം താമസിക്കുന്ന ആശാരിപ്പണിക്കാരനായ ഷാജി ഇവിടേക്കെത്തിയത്. ഷാജിയും സുഹൃത്ത് അരവിന്ദും, മുൻ വാർഡ് മെമ്പർ ഷരീഫും ചേർന്ന് താമരശ്ശേരിയിൽ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ചികിത്സ ലഭ്യമല്ലെന്ന് മനസ്സിലാക്കി.

തുടർന്ന് ഷാജിയും അരവിന്ദും ചേർന്ന് ചാക്ക് ഉപയോഗിച്ച് പ്രത്യേക സ്ട്രക്ചർ നിർമ്മിച്ച് നാട്ടുകാരുടെ സഹായത്തോടെ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ പൂക്കോട് വൈറ്റനറി മെഡിക്കൽ കോളേജിൽ എത്തിച്ചു. നായയെ പരിശോധിച്ച ഡോക്ടർ ചികിത്സ നൽകിയാലും പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാവില്ലെന്ന് അറിയിക്കുകയായിരുന്നു. നായ നരകയാതന അനുഭവിക്കേണ്ടിവരും. ഇത്രയും വേദന സഹിക്കുന്നതിനേക്കാൾ നല്ലത് നായയെ ദയാവധത്തിന് വിടുന്നതായിരിക്കുമെന്നം ഡോക്ടർ വ്യക്തമാക്കി.

ഇതോടെ സങ്കടത്തോടെയാണെങ്കിലും ഷാജിയും സുഹൃത്തും അതിന് സമ്മതം മൂളി. മരണം ഉറപ്പാക്കിയതിന് ശേഷം മെഡിക്കൽ കോളെജിൽ നായയെ സംസ്‌ക്കരിക്കാൻ സംവിധാനം ഇല്ലാത്തതിനാൽ താമരശ്ശേരിയിലെത്തിച്ച് സംസ്‌ക്കരിച്ചു. ഒരു തെരുവു നായയുടെ ജീവൻ രക്ഷിക്കാനായി ഒരു ദിവസത്തെ തന്റെ ജോലി പോലും നഷ്ടപ്പെടുത്തി ആത്മാർത്ഥ ശ്രമം നടത്തിയ ഷാജിയെയും സുഹൃത്തിനെയും നാട്ടുകാർ അഭിനന്ദിച്ചു.