ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവം തുറന്നുപറഞ്ഞ് ചിത്രത്തിന്റെ സംവിധായകനായ കലാഭവൻ ഷാജോൺ. ഒരു മരത്തിൽ നടി ഐശ്വര്യ ലക്ഷ്മിയെ കെട്ടിയിട്ട സീൻ ഷൂട്ട് ചെയ്യുമ്പോഴാണ് സംഭവം നടന്നത്.

'ഫൈറ്റ് സീനായിരുന്നു അത്. കാട്ടിനുള്ളിൽ സെറ്റിട്ട ഒരു പൊളിഞ്ഞ വീടിന് അടുത്ത് മരത്തിൽ ആണ് ഐശ്വര്യയെ കെട്ടിയിട്ടത്. ഐശ്വര്യയുടെ ഷോട്ട് കഴിഞ്ഞപ്പോൾ അവളോട് മറിക്കോളാൻ പറഞ്ഞു.


ഐശ്വര്യ മാറിയിരുന്നതും അവൾ നേരത്തേ ഇരുന്ന സ്ഥലത്ത് നിന്ന് ഒരു പാമ്പ് പുറത്തുവന്നു. അണലിയോ മറ്റോ ആണ്. സെറ്റിട്ടപ്പോൾ അതിനടിയിൽ പെട്ടുപോയതാണെന്ന് തോന്നുന്നു. ഐശ്വര്യ മാറിയില്ലായിരുന്നെങ്കിൽ അപകടമുണ്ടായേനെ,' കലാഭവൻ ഷാജോൺ പറഞ്ഞു.

പാമ്പ് വന്നാൽ ഐശ്വര്യ ലക്ഷ്മിയെ രക്ഷിക്കാനെന്നും പറഞ്ഞ് ആരെങ്കിലും അടുത്ത് പോവുമോയെന്നും ഷാജോൺ ചിരിച്ചുകൊണ്ട് പറഞ്ഞു. മാത്രമല്ല സ്റ്റണ്ട് സീനിൽ അഭിനയിക്കുന്നവർ പോലും പാമ്പിനെക്കണ്ട് പേടിച്ച് മരത്തിൽ കയറിയിരുന്നെന്നും ഐശ്വര്യ പേടിച്ച് വിറച്ചുപോയെന്നും ഷോജോൺ പറയുന്നു.