കോപ്പൻഹേഗൻ:  പുതുതായി പൗരത്വം സ്വീകരിക്കുന്ന വ്യക്തികൾ നാച്ചുറലൈസസേഷൻ പരിപാടിയിൽ ഷേക്ക് ഹാൻഡ് നൽകണമെന്ന് നിർദേശിക്കുന്ന പുതിയ നിയമം ഡെന്മാർക്ക് പാസാക്കി. അതേസമയം പുതിയ നിയമം മുസ്ലിംകളെ ടാർഗറ്റ് ചെയ്തുള്ളതാണെന്നും അന്യുപുരുഷന്മാരെ സ്പർശിക്കുന്നത് വിലക്കിയിട്ടുള്ള മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്ക് ഇതു ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

പൊതുയിടങ്ങളിൽ ബുർഖ നിരോധിച്ച രാജ്യമാണ് ഡെന്മാർക്ക്. ഓഗസ്റ്റ് ഒന്നു മുതലാണ് രാജ്യത്ത് ബുർഖ നിരോധനം കൊണ്ടുവന്നത്. ഇതിനെതിരേ മുസ്ലിം സ്ത്രീകളും മനുഷ്യാവകാശ സംഘടനകളും വൻ പ്രതിഷേധം നടത്തിയിരുന്നു.

ഡാനിഷ് പൗരത്വം സ്വീകരിക്കുന്ന ചടങ്ങിൽ രാജ്യത്തിന്റെ മൂല്യങ്ങൾ മുറുകെ പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങുമുണ്ട്. സത്യപ്രതിജ്ഞയ്ക്കു ശേഷം ഉദ്യോഗസ്ഥന് ഷേക്ക് ഹാൻഡ് നൽകുന്ന രീതി നിർബന്ധമാക്കിക്കൊണ്ടാണ് പുതിയ നിയമം പാസാക്കിയിരിക്കുന്നത്. രാജ്യത്ത് ഷേക്ക് ഹാൻഡ് നൽകുന്ന രീതിയെ ന്യായീകരിച്ചുകൊണ്ട് ഡാനിഷ് അഭിഭാഷകരും രംഗത്തെത്തിയിട്ടുണ്ട്. ഡെന്മാർക്കിൽ എത്തുന്ന ഒരു വ്യക്തി ഇവിടുത്തെ സംസ്‌ക്കാരം ഉൾക്കൊള്ളാൻ ബാധ്യസ്ഥനാണ്. ഷേക്ക് ഹാൻഡ് നൽകി അഭിവാദനം ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്. ഷേക്ക് ഹാൻഡ് നൽകിയില്ലെങ്കിൽ അത് അനാദരവായി കണക്കാക്കുമെന്നും ഇവർ വ്യക്തമാക്കി.

വളരെ ചെറിയ ഒരു കാര്യം ചെയ്യുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ പിന്നെ ഡാനിഷ് പൗരൻ ആകുന്നതിൽ യാതൊരു അർഥവുമില്ലെന്ന് ഇമിഗ്രേഷൻ വകുപ്പ് വക്താവ് അറിയിച്ചു.