സൂറിച്ച്: വിദ്യാർത്ഥികൾ അദ്ധ്യാപകർക്ക് ഹസ്തദാനം നൽകാൻ തയാറല്ലെങ്കിൽ അയ്യായിരം ഫ്രാങ്ക് വരെ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് ബേസൽ കാന്റൺ അധികൃതർ. സ്‌കൂൾ ടീച്ചർക്ക് ഹസ്തദാനം നൽകാൻ മടിച്ച മുസ്ലിം വിദ്യാർത്ഥിയുടെ പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ബേസൽ കാന്റൺ അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചത്. കുടുംബത്തിന് പുറത്തുള്ള സ്ത്രീകളെ സ്പർശിക്കുന്നത് മതവിശ്വാസത്തിന് എതിരാണെന്നുള്ളതിനാലാണ് മുസ്ലിം വിദ്യാർത്ഥി അദ്ധ്യാപകയ്ക്ക് ഹസ്തദാനം നൽകാൻ മടിച്ചത്.

ഇത് പിന്നീട് രാജ്യത്ത് ഏറെ വിവാദത്തിന് വഴിമരുന്നിട്ടിരുന്നു. ഹസ്തദാനമെന്നത് സ്വിസ് സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും ഇതിൽ മതവിശ്വാസമോ സ്ത്രീപുരുഷ വ്യത്യാസമോ കാട്ടേണ്ടതില്ലെന്നും പല ഭാഗത്തു നിന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ മുസ്ലിം കുട്ടികൾക്ക് അദ്ധ്യാപകർക്ക് ആർക്കും ഹസ്തദാനം നൽകേണ്ടെന്നുള്ള താത്ക്കാലിക ഉത്തരവ് അധികൃതർ പുറപ്പെടുവിച്ചിരുന്നു.

ഹസ്തദാനം നൽകുന്നതു സംബന്ധിച്ച് അധികൃതർ പിന്നീട് നടത്തിയ ചർച്ചയുടെ അന്തിമ ഫലമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. മുതിർന്നവർക്ക് ഹസ്തദാനം നൽകാൻ ചെറുപ്പം മുതൽ കുട്ടികളെ ശീലിപ്പിക്കുന്നതാണെന്നും അത് പ്രായമായവരെ ബഹുമാനിക്കുന്നതിന് തുല്യമാണെന്നും അധികൃതർ വ്യക്തമാക്കി. സ്ത്രീ പുരുഷ, ജാതിമത ഭേദമില്ലാതെ രാജ്യത്ത് എല്ലാവരും പിന്തുടരുന്ന കീഴ് വഴക്കമാണിതെന്നും സ്‌കൂളുകളിലും ഇത് കർശനമായി നടപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഹസ്തദാനം നടത്താൻ തയാറല്ലാത്ത വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്ന് പിഴയായി 5000 ഫ്രാങ്ക്‌സ് വരെ ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.