രുകാലത്ത് മുഖ്യധാര സിനിമകളെ പിന്തള്ളി തിയറ്ററുകൾ കീഴടക്കിയ സിനിമകൾ ഷക്കീലയുടെതായിരുന്നു. എന്നാൽ മലയാള സിനിമയിൽ നിന്നു തനിക്കുണ്ടായത് ദുരനുഭവങ്ങളായിരുന്നെന്ന് ഷക്കീല പറയുന്നു. 2015ൽ ഷക്കീല നൽകിയ അഭിമുഖമാണ് വീണ്ടും ചർച്ചയാവുന്നത്.

കേരളാ സമൂഹത്തിൽ വ്യക്തമായ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്നു ഷക്കീല പറയുന്നു. എന്റെ സിനിമകൾ കണ്ടിരുന്നത് പുരുഷന്മാരാണ്. പുറമേ മാന്യന്മാർ. എന്നാൽ അവർ സമൂഹത്തിൽ എന്നെ മാറ്റി നിർത്തിയിരുന്നതായും ഷക്കീല. എന്നെ ഇതുവരെ ആരും ഒന്നിനും ക്ഷണിച്ചിട്ടില്ല. എനിക്ക് ഒരു പുരസ്‌കാരവും ലഭിച്ചില്ല. എന്നെ ഒട്ടും അറിയില്ല എന്ന് പറയുന്നവരുമുണ്ട്. ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്നവളാണ്. അതുകൊണ്ട് പൊതുസമൂഹവുമായി വലിയ ബന്ധമില്ല. സിനിമ തിരഞ്ഞെടുക്കാൻ എനിക്ക് അറിയില്ലെന്ന് പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും നല്ല സിനിമയിൽ അഭിനയിച്ചാൽ ഇത്തരം സിനിമകൾ ആര് ചെയ്യും. എനിക്ക് സെലിബ്രിറ്റിയാവേണ്ട.

സിനിമയിൽ സ്ത്രീകളുടെ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നുമില്ല. പക്ഷേ ഇന്നത്തെ സിനിമയിലെ പെൺകുട്ടികളെ ഞാൻ അഭിനന്ദിക്കുന്നു. അവർ കുറച്ച്കാലം ജോലി ചെയ്ത് പണമുണ്ടാക്കി തിരിച്ചു പോകുന്നു. അവർ കുടുംബമായി സന്തോഷത്തോടെ കഴിയുന്നു. എന്റെ അവസ്ഥ നേരെ വിപരീതമാണ്. ഞാൻ കുടുംബം നോക്കാൻ സിനിമയിൽ വന്നതാണ്. അച്ഛനും അമ്മയും കൂടപ്പിറപ്പുകളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും എനിക്കായിരുന്നു.

2000 ൽ എന്റെ സിനിമകൾ നിരോധിക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തിയപ്പോൾ എനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. മുഖ്യധാരാ സിനിമാ പ്രവർത്തകരുടെ സമ്മർദമായിരുന്നു അതിന് കാരണം. എന്നെ പിന്തുണച്ച് ആരും വന്നിട്ടില്ല. വനിതാ സംഘടനകൾ പോലും എന്നെ സഹായിച്ചിട്ടില്ല. ഷൂട്ടിങ്ങിനടയിൽ കിട്ടുന്ന സമയത്താണ് ഞാൻ കഥ കേൾക്കാറുള്ളത്. ഞാൻ ഒരു കന്യാസ്ത്രീയുടെ വേഷം ചെയ്തിട്ടുണ്ട്. ആ ചിത്രം ഇറങ്ങിയപ്പോൾ അതുകാണാൻ എന്റെ മേക്കപ്പ്മാനോട് നിർദ്ദേശിച്ചു. അയാൾ തിരിച്ചുവന്നത് കടുത്ത നിരാശയിലായിരുന്നു.

കാരണം ചോദിച്ചപ്പോൾ അയാൾ പറഞ്ഞു: കന്യസ്ത്രീയുടെ വേഷത്തിൽ ആകെ ഒറ്റത്തവണയാണ് മാഡത്തെ കാണിക്കുന്നത്. ബാക്കിയുള്ള സമയം മുഴുവൻ നഗ്നയാണ്. ഈ സംഭവം ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കി. പിറ്റേ ദിവസം ഞാൻ വാർത്താസമ്മേളനം വിളിച്ചു വരുത്തി. ഇനി മേലാൽ മലയാള സിനിമയിൽ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. 23 സിനിമകൾക്ക് ഞാൻ മുൻകൂർ പണം വാങ്ങിയിരുന്നു. അതെല്ലാം തിരിച്ചു കൊടുത്തു. ആരെയാണ് ഞാൻ കുറ്റപ്പെടുത്തേണ്ടത്. എനിക്ക് ആ കാലത്ത് വീട്ടിൽ പോകാൻ പോലും സമയം കിട്ടാറില്ലായിരുന്നു.

മലയാള സിനിമ വിട്ടപ്പോൾ അമ്മയോട് എന്റെ ഇത്രയും കാലത്തെ സമ്പാദ്യമെവിടെയെന്ന് ഞാൻ തിരക്കി. അമ്മ പറഞ്ഞു എല്ലാം അനിയത്തി എടുത്തുവെന്ന്. ഇത്രയും കാലം ജോലി ചെയ്തിട്ടും കൈയിൽ ഒന്നും ഇല്ലാതത്ത് എന്റെ മാത്രം കുറ്റമാണെന്നും അവർ പറഞ്ഞു. സിൽക്ക് സ്മിതയപ്പോലെ ശരീരഭംഗിയും മുഖസൗന്ദര്യവും എനിക്കില്ലായിരുന്നു. പക്ഷേ എന്റെ സിനിമകൾ ഹിറ്റായി. എനിക്ക് നല്ല ഭാഗ്യമുണ്ടായിരുന്നു. സിനിമയിൽ കയറണമെങ്കിൽ നേരായ വഴിയിലൂടെ പോകുക. അഡ്ജസ്റ്റ്മെന്റിന് നിൽക്കരുത്. ഞാൻ സിനിമയിൽ വന്നത് പത്താം ക്ലാസ് തോറ്റപ്പോഴാണ്. അല്ലാതെ ആർക്കും വഴങ്ങി കൊടുത്തിട്ടില്ല.