തിരുവനന്തപുരം: ഒരു കാലത്ത് മലയാള സിനിമയുടെ എല്ലാമെല്ലായിരുന്നു ഷക്കീല എന്ന നടി. സൂപ്പർതാര ചിത്രങ്ങൾ പോലും ബോക്‌സോഫീസിൽ മൂക്കു കുത്തി വീണപ്പോൾ മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയ ലേഡി സൂപ്പർസ്റ്റാർ. അന്ന് മലയാളത്തിലെ ചെറുകിട തീയറ്ററുകളുടെയും സുവർണ്ണകാലമായിരുന്നു. എന്നാൽ ടെക്‌നോളജി വളർന്നതോടെ പണി കിട്ടിയ നടി കൂടിയായി ഷക്കീല. അവസരങ്ങൾ കുറഞ്ഞതോടെ സിനിമാ രംഗത്തെ ഉപേക്ഷിച്ചു ഇവർ. പിന്നീട് ആരും അറിയാതെ അജ്ഞാത വാസത്തിലായിരുന്നു ഇവർ. കോടികളുടെ സമ്പാദ്യവുമായി സിനിമാ രംഗം ഉപേക്ഷിച്ച ഷക്കീലയ്ക്ക് പിന്നീട് എന്താണ് സംഭവിച്ചത്? തന്റെ ജീവിതത്തെ കുറിച്ച് ഷക്കീല തന്നെ മനസു തുറന്നു. മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്‌റ്റൈൽ മാഗസിന് മുന്നിലാണ് ഷക്കീല തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് മനസു തുറന്നത്.

വീട്ടുകാർക്ക് വേണ്ടി താൻ പണം മാത്രം ഉണ്ടാക്കുന്ന യന്ത്രമായി മാറിയെന്നാണ് ഷക്കീല അഭിമുഖത്തിൽ പറയുന്നത്. ജീവിതത്തിൽ കടുത്ത ദാരിദ്ര്യത്തിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നും ഷെക്കീല വെളിപ്പെടുത്തി. ആരും എന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സ്വന്തം വീട്ടുകാർക്ക് ആവശ്യാനുസരണം കാശ് ഉൽപാദിപ്പിച്ചുനൽകുന്ന മണി മേക്കിങ് മെഷീനായിരുന്നു താൻ. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ആയിരം രൂപ പോലും സമ്പാദ്യമായിട്ടില്ല. തിരക്കുള്ള സമയത്തുപോലും അഭിനയിക്കുക എന്നതിൽക്കവിഞ്ഞ് പ്രതിഫലത്തെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. കിട്ടിയ ചെക്കുകളെല്ലാം അമ്മയെ ഏൽപിക്കും.

അതായിരുന്നു പതിവ്. അമ്മ പണം ചേച്ചിയെ ഏൽപിക്കും. അവർ പണമെല്ലാം സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചു. ചേച്ചി ഇപ്പോൾ കോടീശ്വരിയാണ്. ഞാൻ അന്നന്നത്തെ അപ്പത്തിനുവേണ്ടി അധ്വാനിക്കുന്ന നിത്യ ദരിദ്രയും. അധികം സമ്പത്തൊന്നും ഒരു കാലത്തും മോഹിച്ചിട്ടില്ല. ജീവിതച്ചെലവുകൾ തട്ടും തടവുമില്ലാതെ നടന്നുപോകണം എന്നേയുള്ളുവെന്നും ഷക്കീല പറഞ്ഞു. ഷക്കീല തന്റെ പ്രണയത്തെ കുറിച്ചും പറയാൻ മറന്നില്ല. പ്രണയിക്കാൻ ഇഷ്ടം തന്നെയാണ്.

ഞാൻ ഒരുപാട് പേരെ പ്രണയിച്ചു. പക്ഷേ എല്ലാവരും എന്നെ ചതിക്കുകയായിരുന്നുവെന്ന് ഷക്കീല പറഞ്ഞു. ഇരുപതു പേരെയെങ്കിലും പ്രണയിച്ചിട്ടുണ്ടാകും ഞാൻ. വിവാഹം എന്ന ലക്ഷ്യത്തോടെയാണ് ഓരോ പുരുഷനെയും സ്‌നേഹിച്ചത്. പക്ഷേ, വിധിയുടെ വികൃതിക്കൈകൾ എല്ലാ പ്രണയങ്ങളും പരാജയത്തിന്റെ പടുകുഴിയിലേക്കെറിയുകയായിരുന്നു. ഇപ്പോൾ പുതിയൊരു പ്രണയത്തിനായി ഞാൻ കാത്തിരിക്കുകയാണെന്നും ഷക്കീല പറഞ്ഞു. ക്രൂരമായ അവഗണനയുടെ ഇരയാണ് ഞാൻ എന്നും. കുടുംബത്തിലുള്ളവർക്കെല്ലാം ഞാൻ അഭിനയിച്ചുണ്ടാക്കിയ കാശ് വേണം. അതേ സമയം എന്റെ സാന്നിധ്യം അരോചകവും. ചേച്ചിയുടെ മകൾ എന്റെ ജീവനാണ്. പക്ഷേ, അവളുടെ കല്യാണംപോലും എന്നെ അറിയിച്ചില്ല. - വേദനയോടെ ഷക്കീല അഭിമുഖത്തിൽ പറഞ്ഞു.

മംഗള കർമങ്ങളിൽ നിന്നെപ്പോലൊരു സെക്‌സ് നടി അപശകുനമാണെന്ന് ചേച്ചി മുഖത്തുനോക്കി പറഞ്ഞത് തന്നെ ഏറെ വിഷമിപ്പിച്ചു എന്നാണ് ഷക്കീല പറയുന്നത്. കുടുംബത്തിലെ ആർക്കെങ്കിലും കുഞ്ഞുങ്ങൾ പിറന്നാൽ ഞാനോടി ചെല്ലാറുണ്ട്. കൊച്ചുകുഞ്ഞുങ്ങളെ എനിക്കു വലിയ ഇഷ്ടമാണ്. പക്ഷേ, പലരും കുഞ്ഞുങ്ങളുടെ മുഖംപോലും എന്നെ കാണിക്കാറില്ല. കുറച്ച് ഗ്ലാമർ സിനിമകളിൽ അഭിനയിച്ചതിന്റെ പേരിലാണ് ഈ അയിത്തം. ഞാനിപ്പോൾ കരയാറില്ല. ഈ ജന്മം ഇങ്ങനെയങ്ങ് നരകിച്ചു തീർക്കുകയാണെന്നും ഷക്കീല പറയുന്നു.

നെഞ്ചിൽ കൈവച്ചു പറയുന്നു. ഇന്നുവരെ തെറ്റായ മാർഗങ്ങളിൽ പണം സമ്പാദിക്കാൻ തുനിഞ്ഞിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് ഇപ്പോഴും ഷക്കീലയ്ക്കില്ലെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. അറിയുമോ ഇരുപതു വർഷമായി ഞാൻ സിനിമയിലുണ്ട്. പക്ഷേ, ഇപ്പോഴും വാടകക്കാരിയാണ്. ഈ വീടിന് പതിനായിരം രൂപയാണ് വാടക. ഇതുവരെ കൃത്യമായി വാടക കൊടുക്കാൻ കഴിഞ്ഞു, തെറ്റായ വഴികളിലൂടെ സഞ്ചരിക്കാതെതന്നെ. ഇപ്പോൾ മുപ്പത്തെട്ടു വയസായി. മറ്റു മാർഗങ്ങളിൽ നാലു കാശ് സമ്പാദിച്ചിരുന്നുവെങ്കിൽ അക്കൗണ്ടിൽ കോടികൾ ഉണ്ടാവുമായിരുന്നു. ഒരു പുരുഷനും മോശമായി എന്നെ സമീപിക്കാൻ കഴിയില്ലെന്നു ഷക്കീല പറഞ്ഞു.

ഛോട്ടാ മുംബൈ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവവും ഷക്കീല മാഗസിന് വേണ്ടി പങ്കുവച്ചു. അന്ന് മോഹൻലാൽ തന്റെ സിനിമ കണ്ടിട്ടുണ്ടെന്നും ആരാധകനാണെന്നും പറഞ്ഞുവെന്നും ഷക്കീല പറയുന്നു. ഇത്രയും ജനക്കൂട്ടത്തിന് മുന്നിൽ വച്ച് സൂപ്പർസ്റ്റാർ തന്റെ ആരാധകനാണെന്ന പറയുന്ന ഡയലോഗ് തന്നെ സംബന്ധിച്ചടത്തോളം വലിയ പ്രാധാന്യം ലഭിച്ചതാണെന്നും ഷെക്കീല പറഞ്ഞു.

വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും താൻ ഇപ്പോൾ ചിന്തിക്കാറില്ലെന്നം താരം വെളിപ്പെടുത്തുന്നു. സിനിമയിൽ ഇല്ലായിരുന്നെങ്കിൽ താൻ ഇപ്പോൾ പത്ത് കുട്ടികളെയെങ്കിലും പ്രസവിച്ച് കുടുംബമായി കഴിഞ്ഞേനെ എന്നുമാണ് നടി പറയുന്നത്.