തിരുവനന്തപുരം: ഒരുകാലത്ത് മലയാള സിനിമയുടെ വാണിജ്യ വിജയത്തിനായി നിലകൊണ്ട നായികയായിരുന്നു ഷക്കീല. ഇന്ന് മലയാളത്തിലെയും തമിഴിലെയും നടികൾ ബോൾഡായി ചെയ്ത കാര്യങ്ങൾ മുമ്പ് ഷക്കീല ചെയ്തപ്പോൾ ഇക്കിളിയെന്ന് വിളിച്ചു അവരെ മാറ്റി നിർത്തി. എന്നാൽ, മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ഷക്കീല അഭിനയിച്ചിരുന്നു. സിനിമയുടെ ഷൂട്ടിങ് വേളയിൽ മോഹൻലാൽ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഷക്കീല പറയുന്നത്. ഫ്ളാവേഴ്‌സ് ചാനലിലെ കോമഡി ഷോയിൽ പങ്കെടുക്കവേയാണ ഷക്കീല മോഹൻലിനൊപ്പം അഭിനയിച്ച കാര്യത്തെ കുറിച്ച് പറഞ്ഞത്.

ഛോട്ടാമുംബെയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന വാസ്‌കോഡിഗാമ എന്ന നായകകഥാപാത്രം ഷക്കീലയെ ഷൂട്ടിങ് ലൊക്കേഷനിലെത്തി കാണുന്ന രംഗത്തെ കുറിച്ചാണ് ഷക്കീല പറഞഞ്ഞത്. ഈ രംഗത്തിൽ ഷക്കീലയുടെ ആരാധകനായാണ് മോഹൻലാൽ എത്തുന്നത്. ഈ രംഗത്തിൽ കിന്നാരത്തുമ്പികൾ മൂന്ന് പ്രാവശ്യം കണ്ടുവെന്ന ഡയലോഗ് പറയേണ്ടെന്ന് മോഹൻലാലിനോട് ആവശ്യപ്പെട്ടിരുന്നതായാണ് ഷക്കീല പറയുന്ന്. ലാലിനെ പോലൊരു നടൻ അങ്ങനെ പറയുമ്പോൾ അത് മോശമാകുമോ എന്ന ഭയം കൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നുമാണ് ഷക്കീല പറഞ്ഞത്.

മോഹൻലാലുമൊത്ത് അഭിനയിച്ച കാര്യത്തെ കുറിച്ച് പറയാൻ വേണ്ടി കോമഡി സൂപ്പർനൈറ്റിന്റെ അവതാരകനായ വിനയ് ഫോർട്ട് പറഞ്ഞപ്പോഴാണ് ഷക്കീല പറഞ്ഞത്. മോഹൻലാലിനെ കുറിച്ച് ഷക്കീലയുടെ വാക്കുകൾ ഇങ്ങനെ: ''മോഹൻലാൽ ശരിക്കും രാജാ തന്നെയാണ്, വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ഛോട്ടാമുംബൈയിൽ അഭിനയിക്കാൻ വന്നപ്പോൾ മോഹൻലാലാണ് നായകൻ എന്ന് അറിയാമെങ്കിലും അദ്ദേഹത്തിനൊപ്പം കോമ്പിനേഷൻ സീൻ ഉള്ള കാര്യം അറിയുമായിരുന്നില്ല.

വളരെ ബുദ്ധിമുട്ടിയാണ് ഷൂട്ടിങ് സ്ഥലത്തെത്തിയത്. ഏതാണ്ട് നാലായിരത്തിലേറെ പേരാണ് ഷൂട്ടിങ് കാണാൻ ഫോർട്ട് കൊച്ചിയിൽ ഉണ്ടായിരുന്നത്. ഇത്രയും വലിയ ആൾക്കൂട്ടത്തിനിടയിലൂടെ ഷൂട്ടിങ് സ്‌പോട്ടിലേക്ക് എങ്ങനെ എത്തിച്ചേരും എന്നോർത്ത് ആദ്യം പേടി തോന്നി. എങ്ങനെയോ അവിടെയെത്തി. ബുർഖ ധരിച്ചാണ് ആളുകളുടെ ശ്രദ്ധയിൽ പെടാതെ എത്തിയത്. ലാലേട്ടൻ വന്നപ്പോൾ ടെൻഷൻ കാരണം ബോധം പോകുമെന്ന് തോന്നി. ഞങ്ങളുടെ ഡയലോഗിനെക്കുറിച്ചുള്ള ഡിസ്‌കഷൻ തുടങ്ങിയപ്പോഴാണ് അറിഞ്ഞത്, മോഹൻലാലിന്റെ കഥാപാത്രം എന്നോട് മാഡം ഞാൻ കിന്നാരത്തുമ്പികൾ മൂന്ന് പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് പറയുന്ന ഒരു ഡയലോഗ് ചിത്രത്തിൽ ഉള്ള കാര്യം.

ആ ഡയലോഗ് കേട്ടപ്പോൾ ഞാൻ ഷോക്ക്ഡ് ആയി. സാർ ഈ ഡയലോഗ് താങ്കൾ പറയേണ്ട എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഭാവഭേദമില്ലാതെ എന്നോട് പറഞ്ഞു. അതേ, ഞാൻ ഈ സിനിമ കണ്ടിട്ടുണ്ട്. എന്താണ് അതിൽ കുഴപ്പം. ഞാൻ ശരിക്കും നിങ്ങളുടെ ഫാൻ ആണെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് മോഹൻലാൽ എന്ന പ്രതിഭയുടെ മഹത്വം ഞാൻ ശരിക്കും മനസിലാക്കിയത്. മറ്റുള്ളവരെ അംഗീകരിക്കാനും ബഹുമാനിക്കാനുമുള്ള അദ്ദേഹത്തിന്റെ മനസ്സിനെ ആദരിക്കുന്നുവെന്നും ഷക്കീല പറഞ്ഞു.

തമിഴ് ചിത്രമായ മറുമലർച്ചിയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും ഷക്കീല കോമഡി സൂപ്പർനൈറ്റിൽ സംസാരിച്ചിട്ടണ്ട്. ഇതാദ്യമായാണ് ഷക്കീല ഒരു ചാനൽ ഷോയിൽ അതിഥിയായി പങ്കെടുത്തത്. മലയാളത്തിൽ ഷക്കീല തരംഗം ആഞ്ഞുവീശിയ കാലത്തൊന്നും ഷക്കീലയെ ചാനൽ സ്റ്റുഡിയോയിൽ വിളിച്ച കൊണ്ടുവന്ന് അഭിമുഖം നടത്താൻ ആരും തയ്യാറായിരുന്നില്ല.-