തിരുവനന്തപുരം: കാരക്കോണത്തെ ശാഖാ കുമാരിയുടെ മരണം കൊലപാതകമെന്ന വിലയിരുത്തലിലേക്ക് പൊലീസ്. കസ്റ്റഡിയിലുള്ള അരുൺ കുറ്റസമ്മതം നടത്തിയതായാണ് സൂചന. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ പൊലീസ് അന്തിമ നിഗമനത്തിൽ എത്തൂ. ഭർത്താവിന്റെ ചതിയൊരുക്കിയുള്ള കൊലപാതകമാണിതെന്നാണ് നാട്ടുകാരും വിശ്വസിക്കുന്നത്. മദ്യ ലഹരിയിൽ വഴി തെറ്റിയ അരുൺ സ്വത്തിന് വേണ്ടി കൊല നടത്തിയെന്നാണ് വിലയിരുത്തൽ.

അമ്പത്തിയൊന്ന് വയസ്സുള്ള ഭാര്യയ്ക്ക് വയർ പിടിക്കാൻ കൊടുത്ത് മെയിൻ സ്വിച്ച് ഇട്ടത് ഒരാഴ്ച മുമ്പായിരുന്നു. അന്ന് തെറിച്ചു വീണെങ്കിലും ശാഖാകുമാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ഇക്കാര്യം വീട്ടിലെ ജോലിക്കാരി പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിവാഹ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് കടുംബ വഴക്കായി മാറിയെന്നാണ് സൂചന. ഏഴ് ഏക്കർ വസ്തുവുള്ള മധ്യവയസ്‌കയുടേതുകൊലപാതകമെന്ന് പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്താൻ കാരണം ജോലിക്കാരിയുടെ ഈ മൊഴിയാണ്. അരുൺ കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മരണ കാരണം ഉറപ്പിക്കും. അതിന് ശേഷം 26കാരൻ ഭർത്താവിനെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം.

സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നു മരിച്ച ശാഖാ കുമാരി. കുടുംബ സ്വത്തായി തന്നെ കോടികളുടെ വില മതിപ്പുള്ള വസ്തുക്കൾ ഉണ്ട്. അമ്മയും ഇതേ വീട്ടിലാണ് താമസം. അവർ പക്ഷേ തളർവാതം കാരണം കിടപ്പിലാണ്. പരിചരിക്കാൻ ജോലിക്കാരിയുണ്ട്. ഇവരാണ് പൊലീസിന് നിർണ്ണായക വിവരങ്ങൾ നൽകിയത്. അരുൺ എന്നും മദ്യപിച്ചായിരുന്നു വീട്ടിൽ എത്തിയിരുന്നതെന്നും സൂചനയുണ്ട്. ബാലരാമപുരം സ്വദേശിയായ അരുണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശാഖാ കുമാരിയുടെ ബന്ധുക്കൾക്കും അറിയില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് സംശയം തോന്നിയപ്പോൾ തന്നെ അരുണിനെ അറസ്റ്റ് ചെയ്തത്.

ജോലിക്കാരിയുടെ മൊഴി പരിശോധിച്ച പൊലീസിന് ശാഖാ കുമാരിയുടെ മരണം കൊലപാതകമാകാമെന്ന സൂചനകൾ കിട്ടി. ഇലക്ട്രീഷ്യനായ അരുണിന് വൈദ്യുതിയെ കുറിച്ച് വ്യക്തമായ ബോധമുണ്ട്. ഷോക്ക് അടിപ്പിച്ചു കൊല്ലാനുള്ള തന്ത്രമായിരുന്നു ഒരാഴ്ച മുമ്പ് നടന്നത്. ക്രിസ്മസ് ആഘോഷത്തിനിടെ അത് വീണ്ടും നടത്തിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം ഇക്കാര്യത്തിൽ വിശദ മൊഴി എടുക്കൽ നടത്തും. പോസ്റ്റ് മോർട്ടം റിപ്പോർട്ടാകും ഈ കേസിൽ ഇനി നിർണ്ണായകം. കൊലപാതകം എന്നതിന്റെ സൂചനകൾ കിട്ടിയാൽ അരുണിനെ അറസ്റ്റും ചെയ്യും.

കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖാ കുമാരിയാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ ഇവരെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുപത്തിയാറുകാരനായ ഭർത്താവ് അരുൺ വെള്ളറട പൊലീസ് കസ്റ്റഡിയിലാണുള്ളത്. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.ക്രിസ്തുമസ് ആഘോഷത്തിന് ശേഷമാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രിസ്തുമസ് അലങ്കാരത്തിനായി ഉണ്ടായിരുന്ന ലൈറ്റുകളുടെ വയറുകൾ മൃതദേഹത്തിൽ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

ബ്യൂട്ടീഷ്യനായിരുന്ന ശാഖാ കുമാരി വിവാഹം വേണ്ടെന്ന് വച്ചാണ് കഴിഞ്ഞത്. പിന്നീട് ഇൻഷുറൻസ് കമ്പനിയുടെ ഭാഗമായി. ഇതിനിടെയാണ് സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന ശാഖയുമായി അരുൺ പ്രണയത്തിലാകുന്നത്. ആശുപത്രിയിലെ ഇലക്ട്രീഷ്യനായിരുന്നു അരുൺ. വയസാംകാലത്തെ കല്യാണത്തെ ബന്ധുക്കൾ എതിർക്കുകയും ചെയ്തു. സ്വത്ത് മോഹിച്ചാകും കല്യാണം എന്ന സൂചനയും നൽകി. ഇതൊന്നും വകവയ്ക്കാതെയായിരുന്നു വിവാഹം.

അതുകൊണ്ടാണ് ശാഖാ കുമാരിയുടെ മരണത്തിൽ കുടുംബം ദുരൂഹത കാണുന്നത്. വീടിനുള്ളിൽ ഷോക്കേറ്റ നിലയിൽ കണ്ട ശാഖയെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശാഖാ കുമാരിയുടെ മരണം അയൽവാസികൾ അറിയുന്നത്. ഭർത്താവ് അരുണാണ് തന്റെ ഭാര്യയ്ക്ക് ഷോക്കേറ്റ വിവരം അയൽവാസികളെ അറിയിച്ചത്. തുടർന്ന് അയൽവാസികൾ ശാഖയെ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് നാല് മണിക്കൂർ മുൻപ് ശാഖ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ശാഖയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ ഭർത്താവ് അരുണിനെ വെള്ളറട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അരുണുമായി ശാഖയ്ക്ക് ഷോക്കേറ്റ വീട്ടിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. വിവാഹ ഫോട്ടോ നവ മാധ്യമങ്ങളിൽ പ്രചരിച്ചതിൽ ശാഖയും അരുണും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി വീട്ടുജോലിക്കാരി മൊഴി നൽകി. ബാലരാമപുരം സ്വദേശിയാണ് അരുൺ.