- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
51കാരിയെ കെട്ടാൻ 28കാരൻ സ്ത്രീധനമായി ചോദിച്ചത് 100 പവനും 50 ലക്ഷവും; ചിത്രങ്ങൾ പുറത്തു പോകരുതെന്ന് ആവശ്യപ്പെട്ടത് ആരും പള്ളിയിലെ മിന്നു കെട്ട് അറിയാതിരിക്കാൻ; ഉത്രയെ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചപ്പോൾ ശാഖയുടെ ജീവനെടുക്കാൻ വൈദ്യുതി; ത്രേസ്യാപുരത്തേത് അഞ്ചൽ മോഡൽ ഭർതൃ ക്രൂരത
വെള്ളറട: ത്രേസ്യാപുരത്ത് കണ്ടതും അഞ്ചലിലെ ഉത്രാ മോഡൽ കൊലപാതകം. സ്വത്ത് മോഹിച്ച് മാത്രമായിരുന്നു ശാഖയെന്ന അമ്പത്തിയൊന്നുകാരിയെ അരുൺ എന്ന ചെറുപ്പക്കാരൻ കെട്ടിയത്. മധ്യവയ്സ്കയെ വിവാഹം ചെയ്യാൻ ചോദിച്ചത് നൂറു പവനും അമ്പതു ലക്ഷം രൂപ സ്ത്രീധനവുമായിരുന്നു. ഇരു ചെവിയറിയാതെ വിവാഹം കഴിച്ച് സ്ത്രീധനം സ്വന്തമാക്കുകയായിരുന്നു അരുണിന്റെ ലക്ഷ്യം. ഒടുവിൽ ശാഖയുടെ ബന്ധുക്കൾ സംശയിച്ചതു തന്നെ സംഭവിച്ചു. അഞ്ചലിൽ ഉത്രയെ കൊല്ലാൻ ഭർത്താവ് ആയുധമാക്കിയത് പാമ്പിനെ എങ്കിൽ വെള്ളറടയിൽ അത് വൈദ്യുതിയായി. അങ്ങനെ അഞ്ചലിലെ സൂരജിനെ പോലെ അരുണും ഭാര്യയെ സ്വത്തിന് വേണ്ടി കൊന്നുവെന്ന് വ്യക്തമാകുകയാണ്.
ഭർത്താവിന്റെ സ്വഭാവം നന്നാവാൻ എടുത്ത വ്രതം അവസാനിക്കുന്ന ദിനത്തിലായിരുന്നു ശാഖയുടെ മരണം. വിവാഹചിത്രം പുറത്തുവിട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നുവെന്ന് ഹോംനഴ്സ് രേഷ്മ പറഞ്ഞു. ശാഖയുടെ കിടപ്പുരോഗിയായ അമ്മയെ പരിചരിക്കാനാണ് രേഷ്മ എത്തിയിരുന്നത്. റബർ തോട്ടത്തിന്റെ കാര്യങ്ങൾ നോക്കുന്ന ആൾ ഇന്നലെ രാത്രി 10.30വരെ ശാഖയുടെ വീട്ടിൽ ഉണ്ടായിരുന്നു. ക്രിസ്മസ് ട്രീ അലങ്കരിക്കാനായി കൊണ്ടുവന്ന സീരിയൽ ലൈറ്റുകൾ തെളിയിക്കാനെന്നു പറഞ്ഞാണ് അരുൺ മീറ്റർ ബോർഡിൽ നിന്നു വൈദ്യുതി നേരിട്ടെടുത്തത്. വീട്ടുനുള്ളിലെ പ്ലഗ്ഗുകൾക്ക് കേടില്ല. നല്ലവണ്ണം ഷോക്കേൽക്കാനാണ് മെയിൽ സ്വിച്ചിൽനിന്നു വൈദ്യുതി എടുത്തതെന്ന് ശാഖയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ശാഖയുടെ ജീവനെടുത്ത അരുൺ ഇലക്ട്രീഷ്യനായിരുന്നു. അതുകൊണ്ടായിരുന്നു ഈ മാർഗം.
ശാഖയുടെ അമ്മ ഫിലോമിന കിടപ്പുരോഗിയാണ്. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കഴിഞ്ഞിരുന്നപ്പോഴാണ് അരുണിനെ പരിചയപ്പെട്ടത്. ഒക്ടോബർ 19ന് ആയിരുന്നു വിവാഹം. വിവാഹത്തിൽ നിന്നു ശാഖയെ പിന്തിരിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. കഴിഞ്ഞ 10ന് ഇരുവരും ഗ്രാമപ്പഞ്ചായത്തിൽ എത്തി വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അരുൺ മദ്യവും, മറ്റു ലഹരികളും ഉപയോഗിക്കാറുണ്ടെന്നു ശാഖ സുഹൃത്തിനോടു പറഞ്ഞിട്ടുണ്ട്. വിവാഹ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതിനെ ചൊല്ലി കഴിഞ്ഞദിവസം അരുണും, ശാഖയും വഴക്കിട്ടിരുന്നു. ഭാര്യയ്ക്കു പ്രായം കൂടുതലായതു കാരണം ചിത്രം കണ്ടു കൂട്ടുകാർ കളിയാക്കുമെന്നാണ് അരുൺ പറഞ്ഞത്.
ശാഖയ്ക്കു പത്തേക്കറോളം ഭൂമിയും ആഡംബര വീടും ഉണ്ട്. റബർമരം കടുംവെട്ടിനു നൽകിയപ്പോൾ ലഭിച്ച 20 ലക്ഷം രൂപയിൽ 10 ലക്ഷത്തോളം അരുണിനു നൽകി. കാറും വാങ്ങിക്കൊടുത്തു. പ്രായ വ്യത്യാസംമൂലം ഇവരുടെ ബന്ധം അരുണിന്റെ വീട്ടുകാർ എതിർത്തു. വീടുവിട്ട അരുൺ വാടകവീട്ടിലായിരുന്നു താമസം. വിവാഹത്തിനു മുൻപ് 5 ലക്ഷത്തോളം രൂപ അരുൺ വാങ്ങി. സ്ത്രീധനമായി 100 പവനും 50ലക്ഷം രൂപയും ആയിരുന്നു ആവശ്യം. അടുത്തിടെ കുറച്ചു വസ്തു വിൽക്കാനും ശ്രമം നടത്തി. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം ചെയ്യും.
രാവിലെ 5ന് ഉണർന്ന ശാഖ ദീപാലങ്കാരം എടുത്തുമാറ്റാനുള്ള ശ്രമത്തിനിടയിൽ ഷോക്കേറ്റുവെന്നാണ് അരുൺ ആദ്യം പൊലീസിനോട് പറഞ്ഞത്. 5 മണിക്ക് ശാഖയ്ക്ക് ഷോക്കേറ്റെന്നു പറയുന്ന അരുൺ 6മണിക്കാണ് അയൽക്കാരോട് വിവരം പറഞ്ഞത്. ആശുപത്രിയിലെത്തിച്ച് രക്ഷിക്കാനുള്ള ശ്രമം നടത്താത്തതെന്തെന്ന പൊലീസിന്റെ ചോദ്യത്തിന് താൻ ഉറങ്ങിപ്പോയെന്നായിരുന്നു മറുപടി. കൂടുതൽ ചോദ്യം ചെയ്യലിൽ അരുൺ കുറ്റസമ്മതം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ അറസ്റ്റ് രേഖപ്പെടുത്തും.
നേരത്തെ ഒരുവട്ടം അരുൺ ശാഖയെ ഷോക്കേൽപ്പിക്കാൻ ശ്രമം നടത്തിയത് അയൽക്കാർക്ക് അറിയാമായിരുന്നു. പണത്തിനു വേണ്ടിമാത്രമാണ് അരുൺ ശാഖയെ വിവാഹം കഴിക്കാൻ തയ്യാറായതെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അരുൺ കൂടെയുള്ളത് കുറച്ച് ആശ്വാസമാകുണ്ടെന്നായിരുന്നു ശാഖയുടെ മറുപടി. താൻ സാമ്പത്തികമായി പിന്നിലാണെന്നും കുറേ ബാധ്യതകളുണ്ടെന്നും പറഞ്ഞിരുന്ന അരുൺ 50ലക്ഷംരൂപയും 100പവനും വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ശാഖ വിവാഹത്തിനു മുൻപും പലതവണ അരുണിന് പണം നൽകിയിട്ടുണ്ട്. വാടക വീടെടുക്കാനും വീട്ടുസാധനങ്ങൾ വാങ്ങാനും ശാഖയാണ് പണം നൽകിയത്.
കല്യാണദിവസം അരുൺ വൈകിയാണ് പള്ളിയിലെത്തിയത്. ബന്ധുക്കളാരും ഒപ്പമുണ്ടായിരുന്നില്ല. വിവാഹത്തിന്റെ ചിത്രം എടുക്കുന്നതും അരുൺ എതിർത്തു. വിവാഹ ശേഷം അരുൺ ഏറെ മാറി. വിവാഹം കഴിഞ്ഞശേഷം വഴക്ക് പതിവായിരുന്നു. വിവാഹ ദിനത്തിൽ വൈകിട്ട് നടന്ന സ്വീകരണത്തിലും അരുൺ ഫോട്ടോയെടുക്കാൻ നിന്നില്ല. അരുണിനോടൊപ്പമുള്ള ചിത്രങ്ങൾ ആരെയും കാണിക്കരുതെന്ന് വിലക്കി. വിവാഹം രജിസ്റ്റർ ചെയ്യാൻ വൈകിയതിലും ഇരുവരും വഴക്കിട്ടിരുന്നു. പിന്നീട് ഈ ചിത്രം പുറത്തായി. ഇതോടെയാണ് പ്രശ്നം തുടങ്ങിയത്.
കുറച്ച് വസ്തുവിറ്റ് പണം നൽകാൻ അരുൺ നിർബന്ധിച്ചിരുന്നു. ഇതേചൊല്ലിയുള്ള തർക്കത്തിലാണ് വിവാഹത്തിന്റെ റജിസ്ട്രേഷൻ വൈകിയത്. ശാഖ ഫോണിലൂടെ പങ്കുവച്ചിട്ടുള്ള കാര്യങ്ങളും വാട്സാപ് മെസേജുകളും കൂട്ടുകാരിയായ പ്രീത പൊലീസിനു കൈമാറി. ഇത് അന്വേഷണത്തിൽ നിർണ്ണായകമായി. മണിക്കൂറുകൾ നീണ്ട ദുരൂഹത. പൊലീസിന്റെ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാനാവാതെ ഭർത്താവ് അരുൺ കുറ്റം സമ്മതിക്കുകയായിരുന്നു. ശാഖ ഷോക്കേറ്റു മരിച്ചു എന്നായിരുന്നു അരുൺ ആദ്യം പറഞ്ഞത്. രണ്ടുമാസം മുൻപ് മതാചാര പ്രകാരമായിരുന്നു വിവാഹം. പിന്നീട് പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നുകയായിരുന്നു.
പരേതനായ അദ്ധ്യാപകന്റെ മകളാണു ശാഖ. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്. അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുൻകയ്യെടുത്തത്. ത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാർക്കുള്ള വിവരം. 10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. പാലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾക്കു മുന്നിൽ അരുൺ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഷോക്കേൽപിച്ചാണു കൊന്നതെന്നും വിവാഹമോചനം നടക്കാത്തതിനാലായിരുന്നു കൃത്യമെന്നും അരുൺ ഏറ്റുപറഞ്ഞെന്നാണു പൊലീസ് പറയുന്നത്. ശാഖാകുമാരിയുടെ കൊലപാതകത്തിൽ നാട്ടുകാരും ഞെട്ടലിലാണ്.
മറുനാടന് മലയാളി ബ്യൂറോ