ബാർസിലോന : ലാറ്റിൻ അമേരിക്കൻ പോപ്പ് ഗായിക ഷക്കീറയും സ്പാനിഷ് ഫുട്‌ബോൾ ക്ലബ് ബാർസിലോന പ്രതിരോധ നിര താരം ജെറാദ് പിക്കേയുമായുള്ള ബന്ധം അവസാനിച്ചതായി ഇരുവരും പ്രഖ്യാപിച്ചതിനു പിന്നാലെ മുൻ വർഷങ്ങളിലെ 'വിഷാദ' നാളുകളിൽ പിക്കേയെക്കുറിച്ചു ഷക്കീറ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും വ്യാപകമാകുന്നു.

ജൂൺ 5നാണ് ദാമ്പത്യം അവസാനിച്ചതായി ഇരുവരും സ്ഥിരീകരിച്ചത്.പിക്കേ കാട്ടിയ വിശ്വാസവഞ്ചനയാണ് ബന്ധം അവസാനിക്കുന്നതിലേക്കു വഴി തെളിച്ചതെന്നു സ്പാനിഷ് ദിനപത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തിരുന്നു.രക്തധമനികളിലെ രോഗ ബാധയെത്തുടർന്ന് 2017ൽ ലോകപര്യടനം ഉപേക്ഷിക്കേണ്ടി വന്നതായും തുടർന്ന് ഷക്കീറയ്ക്കു വിഷാദരോഗം ബാധിച്ചതായും സ്പാനിഷ് ദിനപത്രം മാർക്ര 2017ൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്നത്തെ തന്റെ മാവസികാവസ്ഥ, ജീവിതപങ്കാളി പിക്കേയുമായുള്ള ആത്മബന്ധത്തെ ഏങ്ങനെയാണു ബാധിച്ചതെന്നു രണ്ടു വർഷങ്ങൾക്കു ശേഷം ബ്രിട്ടിഷ് മാധ്യമം 'ദ് ഗാർഡിയന്' അനുവദിച്ച അഭിമുഖത്തിൽ ഷക്കീറ വെളിപ്പെടുത്തിയിരുന്നു.

'ഭാര്യമാർ സംസാരിക്കാതെ ഇരിക്കാനാണു ഭർത്താക്കന്മാർ താൽപര്യപ്പെടാറുള്ളത് എന്നു ഞാൻ തമാശ പറയാറുണ്ടായിരുന്നു. പക്ഷേ, എനിക്കു നിശ്ശബ്ദത പാലിക്കേണ്ടിവന്ന നാളുകളിൽ ജയിലിൽ നിന്നിറങ്ങിയ തടവുപുള്ളിയുടെ മാനസികാവസ്ഥയിലായിരുന്നു പിക്കേ. പുറത്തിറങ്ങിയാൽ പിന്നെ എന്താണു ചെയ്യേണ്ടതെന്ന് അവർക്കൊരു പിടിയുമില്ലല്ലോ' ഷാക്കിറ പറഞ്ഞതായി 'മാർക്ര' റിപ്പോർട്ട് ചെയ്തു. 2018ൽ ഷക്കീറയുടെ വേദിയിലേക്കുള്ള തിരിച്ചുവരവിന് ഏറ്റവും അധികം പിന്തുണ നൽകിയതും പിക്കേയാണ്. തിരിച്ചുവരവിനെ ഏറെ 'വികാരാധീനം' എന്നാണു ഷക്കീറ വിശേഷിപ്പിക്കുന്നത്.


'എപ്പോഴും വാക്കുപാലിക്കുന്നയാളാ'യാണു ഷക്കീറ പിക്കേയെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഇരുവരും തമ്മിലുള്ള ബന്ധം അവസാനിച്ചതിനു പിന്നാലെ ഷക്കീറയുടെ ഈ വാക്കുകൾക്കും വ്യത്യസ്ത അർഥം പകർന്നു നൽകുകയാണ് ആരാധകർ. 2010ൽ ദക്ഷിണാഫ്രിക്കയിൽവച്ചു നടന്ന ഫുട്‌ബോൾ ലോകകപ്പിനിടെയാണു ഷക്കീറയും പിക്കേയും പരിചയത്തിലാകുന്നത്. മിലാൻ, സാഷ മെബാറക് എന്നിവർ മക്കളാണ്.