കുറച്ചുനാൾ മുമ്പാണ് സീരിയൽ-സിനിമാതാരം ശാലു കുര്യന് ഷൂട്ടിങ്ങിനിടെ അബദ്ധത്തിൽ സംഭവിച്ചത് എന്ന തരത്തിൽ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഈ വീഡിയോ തന്റേതു തന്നെയെന്നും ആ ക്ലിപ്പിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പണ്ടൊരു സിനിമയ്ക്കു വേണ്ടി ചിത്രീകരിച്ചതാണെന്നും ശാലു വെളിപ്പെടുത്തി. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണു ശാലുവിന്റെ വെളിപ്പെടുത്തൽ.

ക്ലിപ്പ് പണ്ടൊരു സിനിമയ്ക്ക് വേണ്ടി ചെയ്തതാണ്. അത് മോശം സർട്ടിഫിക്കറ്റ് കിട്ടേണ്ട സിനിമയല്ല. അതാണ് താൻ തുറന്നു പറഞ്ഞതെന്നും ശാലു പറഞ്ഞു.

ചെയ്തത് ചെയ്തുയെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? തന്റേതല്ലെങ്കിൽ മാത്രമല്ലേ, വിഷമിക്കേണ്ട കാര്യമുള്ളൂ. ചിത്രത്തിൽ അഭിനയിച്ചതിൽ കുറ്റബോധമില്ലെന്നും താരം വിശദീകരിക്കുന്നു. താൻ നേരിടുന്ന പ്രശ്‌നങ്ങൾക്കൊപ്പം എന്നും കൂടെ നിൽക്കാൻ കുടുംബമുണ്ട്. അതാണ് എല്ലാം തുറന്നു പറയാൻ തന്നെ പ്രേരിപ്പിച്ചതെന്നും ശാലു പറഞ്ഞു.

മുമ്പൊക്കെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പേടിച്ച് മാറി നിൽക്കുമായിരുന്നു. എന്നാൽ ഇന്ന് താൻ അങ്ങനെയല്ലെന്നും ശാലു വ്യക്തമാക്കി. നമ്മൾ ജോലി ചെയ്യുന്ന ഫീൽഡ് അത്തരമാണ്. അവിടെ പാവമായി നിന്നാൽ പറ്റില്ല. പണ്ട് ആരെങ്കിലും എടീ എന്നു വിളിച്ചാൽ പേടിച്ചു പോകുമായിരുന്നു, എന്നാൽ ഇപ്പോൾ എന്താടാ എന്നു തിരിച്ചു ചോദിക്കാനുള്ള ധൈര്യമൊക്കെയുണ്ട്.

പ്രചരിച്ച വീഡിയോ ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചതാണെന്ന് ശാലു കുര്യൻ മുൻപും പറഞ്ഞിരുന്നു. മൂന്ന് വർഷം മുൻപാണ് ആ സിനിമ ചിത്രീകരിച്ചത്. അന്ന് താനൊരു അറിയപ്പെടുന്ന താരമൊന്നുമല്ലായിരുന്നുവെന്നും പുതുമുഖ നടിയായിരുന്ന തനിക്ക് പ്രതിബദ്ധതയുടെ പേരിൽ ആ ചിത്രത്തിൽ നിന്നും പിന്മാറാൻ തോന്നിയില്ലെന്നും ശാലു പറഞ്ഞിരുന്നു. വീഡിയോയെ മോശമായ രീതിയിൽ പ്രചരിപ്പിക്കുന്ന ആളുകളുടെ മനസിനാണ് പ്രശ്‌നമെന്നും ശാലു പറയുന്നു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചന്ദനമഴ എന്ന സീരിയലിലെ വർഷ എന്ന കഥാപാത്രമാണു ശാലുവിനു പ്രേക്ഷകപ്രീതി നേടിക്കൊടുത്തത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് നമ്മുടെ മുഖം പരിചിതമാകാൻ വർഷയും ചന്ദനമഴയും സഹായിച്ചെന്നും ശാലു പറയുന്നു. വർഷ എന്നാണ് എന്റെ ശരിക്കും പേരെന്നാണ് പലരും വിചാരിക്കുന്നതെന്നും ശാലു പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളജിൽ വച്ച് ഒരു ചേച്ചി ഭയങ്കരമായി ചൂടായി, എന്റെ മുന്നിൽ കണ്ടുപോകരുതെന്ന് പറഞ്ഞ് ഒച്ചയെടുത്തു. അമൃതയോടുള്ള ക്രൂരത നിർത്തണമെന്നും പറഞ്ഞു. ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ എനിക്കു സന്തോഷമാണ്. കാരണം നമ്മുടെ വേഷത്തെ അംഗീകരിച്ചതിനു തെളിവാണല്ലോ ഇതെല്ലാമെന്നും ശാലു പറഞ്ഞു. മഴവിൽ മനോരമയിലെ ഇന്ദിര, സൂര്യയിലെ സരയു, ജയ്ഹിന്ദിൽ ചട്ടമ്പിക്കല്ല്യാണി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട് ശാലു.

നൃത്തത്തിലൂടെയാണ് അഭിനയ രംഗത്തത്തിയത്. ഇപ്പോൾ ഒമ്പത് വർഷമായി. സരയൂ എന്ന സീരിയലിലെ അഭിനയം കണ്ടിട്ടാണ് പ്രൊഡ്യൂസർ ജയകുമാർ സാർ ചന്ദനമഴയിലേക്ക് ക്ഷണിച്ചത്. സീരിയലിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയപ്പോഴാണ് എനിക്ക് സിനിമയിൽ നിന്ന് നല്ല അവസരങ്ങൾ തേടി വരാൻ തുടങ്ങിയത്. സീരിയൽ കണ്ടതുകൊണ്ടാണ് എനിക്ക് ഇത്രയുമൊക്കെ അഭിനയ ശേഷിയുണ്ടെന്ന് സംവിധായകർ മനസിലാക്കി തുടങ്ങിയത്. അതുകൊണ്ട് സീരിയൽ അഭിനയം പോസിറ്റീവായാണ് എടുക്കുന്നത്. സിനിമയിലെ നല്ല വേഷങ്ങൾ സീരിയലിന്റെ ഡേറ്റ് ക്ലാഷ് മൂലം നഷ്ടപ്പെട്ടിട്ടുണ്ട്. ഞാൻ ഇതിനുമുമ്പും സിനിമ ചെയ്തിട്ടുണ്ട്. നല്ല വേഷങ്ങൾ കിട്ടിയാൽ ഭാവിയിൽ സിനിമ ചെയ്യുമെന്നും ശാലു പറഞ്ഞു.