ബ്രിസ്‌ബേൻ കേന്ദ്രമാക്കി വ്യാജവിവാഹ രേഖ ചമച്ച് വിസ തട്ടിപ്പ് നടത്തുന്ന ഇന്ത്യൻ യുവാക്കളുടെ സംഘം പ്രവർത്തിക്കുന്നതായി സൂചന. വിവാഹത്തട്ടിപ്പ് കേസിൽ മൊഴി നല്കാനെത്തിയ ഇന്ത്യക്കാരിയുടെ മൊഴിയാണ് ഇപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായതിന് പിന്നിൽ. ഇന്ത്യൻ യുവാക്കളടങ്ങുന്ന സംഘം ചില ഇന്ത്യൻ യുവതികളുമായി ചേർന്ന് നിരവധി പേരെ ഇത്തരം തട്ടിപ്പിൽ പെടുത്തിയിട്ടുണ്ടെന്നാണ്്. കോടികൾ ആണ് ഈ സംഘം തട്ടിപ്പിലൂടെ സമ്പാദിച്ചിരിക്കുന്നത്.

2011 നും 2012 നുമിടയിൽ സൗത്ത് ബ്രിസ്ബണിലെ ഓക്സ്ലി ടൗൺഹൗസിൽ വിവാഹങ്ങൾ അറേഞ്ച് ചെയ്തതിന്റെ പേരിൽ ചേതൻ മോഹൻലാൽ മഷ്റു, ദിവ്യ കൃഷ്ണ ഗൗഡ എന്നിവരുടെ കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ഒരു ഇന്ത്യൻ യുവതി ഈ വെളിപ്പെടുത്തൽ നടത്തിയത്.വ്യാജ വിവാഹ രേഖയുണ്ടാക്കാൻ ഇന്ത്യൻ യുവാക്കൾക്ക് കൂട്ടുനിന്നതിന് 20,000 ഡോളർ പ്രതിഫലം ലഭിച്ചതായി ബ്രിസ്ബനിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി അലീന ബുസ കോടതിയിൽ മൊഴി നല്കി.ഇന്ത്യൻ യുവാക്കൾക്ക് അനധികൃതമായി വിസ നേടിയെടുക്കാനാണ് ഇതിനു കൂട്ടുനിന്നതെന്ന് അവർ സമ്മതിച്ചു. ഇവരുടെ വിചാരണ ബ്രിസ്ബണിലെ ജില്ലാകോടതിയിൽ നടക്കുകയാണ്.

ഓസ്ട്രേലിയൻ യുവതികളെ വിവാഹം കഴിച്ചതായുള്ള വ്യാജരേഖയുണ്ടാക്കി അനധികൃതമായി വിസ റെഡിയാക്കി നൽകുന്ന സംഘത്തിന്റെ വലയിൽ നിരവധിപേർ കുടുങ്ങിയിട്ടുണ്ട്. പുതുതായി ആളുകളെ വലയിലാക്കുന്നതിനു സംഘം പലർക്കും കമ്മീഷൻ നൽകിയിരുന്നതായും അറിയുവാൻ കഴിഞ്ഞിട്ടുണ്ട്.