റിയാദ്: റിയാദിൽ മലയാളി അദ്ധ്യാപിക പ്രസവിച്ച് ഏഴാം നാളിൽ മരിച്ചു. അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ യൂണിവേഴ്‌സിറ്റി വിസിറ്റിംങ് ലക്ചറും വിദ്യാഭ്യാസ പ്രവർത്തകയുമായ മലയാളി യുവതി ഷംന സഹീർ ആണ് മരണമടഞ്ഞത്. പരേതയ്ക്ക് 30 വയസായിരുന്നു പ്രായം.

എൽ.ജി കമ്പനിയിലെ എൻജിനീയർ ആലപ്പുഴ കലക്ടറേറ്റ് ജംഗ്ഷൻ സ്വദേശി സഹീർ അബ്ദുൽ അസീസിന്റെ ഭാര്യയാണ് ഷംന. ഒരാഴ്‌ച്ച മുൻപ് ആൺ കുഞ്ഞിന് ജന്മം നൽകിയ ഇവർക്ക് പ്രസവാനന്തര വിശ്രമത്തിനിടെ വീണ് പരിക്കേറ്റിരുന്നു. തുടർന്ന് രക്തത്തിലുണ്ടായ അണുബാധ
ഹൃദയ സ്തംഭന കാരണമാവുകയായിരുന്നു എന്നാണ് വിവരം.

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്‌ളിനിക്കൽ റിസർച്ച് സ്ഥാപനമായ ക്വാർട്‌സിന്റെ കൺസൾട്ടന്റായി സേവനം ചെയ്യുന്ന ഷംന നേരത്തെ റിയാദിൽ നടന്ന സൗദി ഇന്റർനാഷനൽ മെഡിക്കൽ എഡ്യുക്കേഷൻ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ചിരുന്നു. കോട്ടയം
ആതിമ്പുഴ കൊച്ചു പറമ്പിൽ ഷൂക്കൂർ - സഫ്‌റത്ത് ദമ്പതികളുടെ മകളാണ്.

നവജാത ശിശുവിനു പുറമെ രണ്ട് വയസ്സ് പ്രായമായ പെൺകുട്ടിയുമുണ്ട്. നടപടികൾ പൂർത്തയാക്കി ശനിയാഴ്‌ച്ച റിയാദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.