- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ കോൺഗ്രസ് നേതാക്കൾക്ക് എന്തുണ്ട്? ഞാൻ ലോകം അറിയുന്ന ക്ഷേത്രത്തിന്റെ ഭക്തജന സംഘം ജനറൽ സെക്രട്ടറി; ശംഭുവിന്റെ വീരവാദ വീഡിയോ കേട്ട് ഞെട്ടി കോൺഗ്രസ്; ചിന്തൻ ശിബിരത്തിൽ വനിത നേതാവിനെ അപമാനിച്ചുവെന്ന യൂത്ത് നേതാവിന്റെ ഓഡിയോയും വൈറൽ; ശംഭു പാൽകുളങ്ങരയെ രക്ഷിച്ചത് ബ്ളാക്ക് മെയിൽ പേടി?
തിരുവനന്തപുരം. പാല്ക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ വനിത നേതാവിനെ അപമാനിച്ചിട്ടില്ലന്ന് യൂത്ത് കോൺഗ്രസ് നേതാക്കളും കോൺഗ്രസ് നേതാക്കളും പറഞ്ഞത് പച്ചക്കള്ളമാണെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ് എം ബാലുവിന്റെ ഓഡിയോ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. ആ പെൺകുട്ടി ഒരു ത്യാഗം ചെയ്യുകയാണന്നും എനിക്ക് പൊലീസിൽ പരാതി ഇല്ല എന്നും പറയുന്നത് സംഘടനയെ രക്ഷിക്കാൻ വേണ്ടിയാണന്നും ബാലുവിന്റെ ഓഡിയോയിൽ ഉണ്ട്.
അതിനിടെ കോൺഗ്രസിന് ഇനി നാശമാണെന്നും താൻ എൻസിപിയിലേക്ക് പോകുമെന്ന ശംഭുവിന്റെ ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ സുധാകരനെ അധിക്ഷേപിക്കുന്നതാണ് വീഡിയോ. കോൺഗ്രസുകാർക്ക് എന്തുണ്ടെന്നും താൻ ലോകം അറിയുന്ന ക്ഷേത്രത്തിന്റെ ഭക്തജന സംഘടനയുടെ ജനറൽ സെക്രട്ടറിയാണെന്നും ശംഭു പറയുന്നു. പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് വീമ്പു പറച്ചിൽ എന്നാണ് പുറത്തു വരുന്ന സൂചന.
ആരോപണ വിധേയനെ ആരും പെടുത്തിയതല്ല. അവൻ അത് ചെയ്തതാണ്. ആ പെൺകുട്ടി ഈ പാർട്ടിക്ക്വേണ്ടി വലിയ ത്യാഗം ചെയ്യുകയാണന്നും ബാലുവിന്റെ ഓഡിയോയിൽ ഉണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് ശംഭു പാൽക്കുളങ്ങര എന്ന വിവേക് തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് പെൺകുട്ടി നേതൃത്വത്തിന് നല്കിയ പരാതി വ്യാജമാണന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ വിവാദങ്ങളോ തുടർ ചർച്ചകളോ ഉണ്ടാവാതെ പ്രശ്നം അവസാനിപ്പിക്കാനും പരാതി ഒതുക്കി തീർക്കാനും വേണ്ടിയാണ് യൂത്ത കോൺഗ്രസ് ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലായെന്ന തരത്തിൽ വാർത്താകുറിപ്പ് ഇറക്കിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ തന്നെ പരാതിയിൽ പറയുന്നതെല്ലാം ശരിയാണെന്ന സമ്മതിച്ചതോടെ നേതാക്കളെല്ലാം വെട്ടിലായിരിക്കയാണ്.തനിക്കെതിരെ നടപടി കടുപ്പിക്കാതിരിക്കാൻ ശംഭു പാൽകുളങ്ങര ബ്ളാക്ക് മെയിലിങ് തന്ത്രം പ്രയോഗിച്ചിരിക്കാമെന്ന സൂചനകളും പുറത്തു വരുന്നു. തിരുവനന്തപുരത്തെ രണ്ടു പ്രമുഖ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ തനിക്ക് അറിയാമെന്ന് ശംഭു ചില അടുപ്പക്കാരോടു പറഞ്ഞിട്ടുണ്ട്. ഒരു വെടിപൊട്ടിക്കൽ സൂചനയാണ് നേതാക്കൾ ഇതിനെ കാണുന്നത്. അത് തണുപ്പിക്കാനാണ് കടുത്ത നടപടികൾ വേണ്ടന്ന നിലപാടിൽ നേതാക്കൾ എത്തിയത്.
കെ പി സി സി അദ്ധ്യക്ഷനെ പ്രതി കൂട്ടിൽ നിർത്തുന്ന ശംഭുവിന്റെ ഓഡിയോയും പുറത്തായിട്ടുണ്ട്. ആ ശബ്ദ രേഖയിൽ ശംഭു കോൺഗ്രസ് നേതാക്കളെ വെല്ലു വിളിക്കുന്നുണ്ട്. ഒപ്പം താൻ എൻ സി പി യിലേക്ക് പോകുമെന്നും പറയുന്നു. എസ് എം ബാലുവിന്റെ ഓഡിയോ കൂടി പുറത്തു വന്നതോടെ ഇനി എന്തു പറയുമെന്ന ശങ്കയിലാണ് യൂത്ത് കോൺഗ്രസും പാർട്ടി നേതൃത്വവും. രണ്ടാം തീയതിയായിരുന്നു ചിന്തൻ ശിബിരത്തിൽ വെച്ച് വനിത നേതാവിന് നേരെ ആദ്യ അപമാനിക്കൽ ശ്രമം ഉണ്ടാകുന്നത്. . വാഷ് റൂമിൽ വച്ച് മോശമായി പെരുമാറിയെന്നും സഹകരിക്കണമെന്നും ശംഭു ആവശ്യപ്പെട്ടു. കിടക്ക പങ്കിടണമെന്ന തരത്തിൽ അശ്ലീലം സംസാരിച്ചു. മദ്യപിച്ചായിരുന്നു ശംഭു എത്തിയത്. യൂത്ത് കോൺഗ്രസിലെ എല്ലാ വനിതാ നേതാക്കളേയും അവഹേളിച്ചു സംസാരിച്ചെന്നും വനിത നേതാവ് നല്കിയ പരാതിയിൽ പറയുന്നു. അടുത്ത ദിവസം വീണ്ടും മദ്യപിച്ച് യോഗത്തിന് ശംഭു എത്തി. ഇതിനെ നേതാക്കൾ ചോദ്യം ചെയ്തു. ഇതോടെ തന്റെ നേർക്ക് ശംഭു തിരിഞ്ഞുവെന്ന് വനിതാ നേതാവ് പറയുന്നു.
തലേ ദിവസം വാഷ് റൂമിൽ നടന്നത് നേതാക്കളോട് താൻ പറഞ്ഞു എന്ന തെറ്റിധാരണയിലായിരുന്നു ആക്രമണം. ഉച്ചഭക്ഷണ സമയത്തായിരുന്നു ഇതുണ്ടായത്. തന്റെ മാറിടത്തിൽ ബലമായി തള്ളുകയും ഇത് നിനക്കുള്ള അവസാന മുന്നറിയിപ്പാണെന്ന് പറയുകയും ചെയ്തു. യൂത്ത് കോൺഗ്രസാണ് എന്റെ കുടുംബം. തന്നോട് എന്നും ഇതേ മനോഭാവമാണ് ശംഭു പുലർത്തിയതെന്നും പരാതിയിൽ പറയുന്നു. ലൈംഗിക അധിക്ഷേപമെന്ന വാക്കും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് ശംഭു പാൽക്കുളങ്ങരയെ സംഘടനയിൽ നിന്ന് പുറത്താക്കിയത്.. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാൽക്കുളങ്ങരയിൽ മത്സരിച്ച് മൂന്നാം സ്ഥാനത്ത് പോയ നേതാവാണ് ശംഭു.
തിരുവനന്തപുരത്തെ ഐ ഗ്രൂപ്പിലെ പ്രധാന നേതാവായിരുന്നു ശംഭു. വി എസ് ശിവകുമാർ പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ശംഭു പുനഃസംഘടനയ്ക്ക് ശേഷം രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നവരിൽ നിന്നും അകന്നു. ഇതിനിടെ അച്ചടക്ക നടപടിയും നേരിട്ടു. എന്നാൽ ഇതിനെ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയിൽ മറികടന്ന് വീണ്ടും യൂത്ത് കോൺഗ്രസിൽ സജീവമായി. ഇതിനിടെയാണ് പുതിയ വിവാദവും നടപടിയും ഉണ്ടായത്.
മോശം പെരുമാറ്റത്തിനാണ് വിവേക് എച്ച് നായരെ പുറത്താക്കുന്നതെന്ന് യൂത്ത് കോൺഗ്രസിന്റെ തീരുമാന പ്രഖ്യാപനത്തിൽ വിശദീകരിക്കുന്നുണ്ട്. മുമ്പ് താങ്കളെ ഇതേ വിഷയത്തിൽ മാറ്റി നിർത്തിയിരുന്നു. തിരിച്ചെത്തിയ ശേഷവും നിരന്തരം അച്ചടക്ക മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നു. സംസ്ഥാന വൈസ് പ്രസിഡന്റിനോടും മറ്റ് നേതാക്കളോടും ചിന്തൻ ശിബറിനിടെ കാട്ടിയത് ഒരിക്കലും വച്ചുപൊറുക്കാനാകില്ല. ഈ സാഹചര്യത്തിൽ പ്രാഥമിക അംഗത്വത്തിൽ നിന്നും വിവേക് എന്ന ശംഭു പാൽകുളങ്ങരയെ സസ്പെന്റ് ചെയ്യുന്നുവെന്നാണ് ദേശീയ സെക്രട്ടറി പുഷ്പ ലത സിബി വിശദീകരിക്കുന്നത്.
പാലക്കാട്ടെ ചില നേതാക്കൾ സ്ത്രീ പീഡന കേസിൽ പെട്ടത് സിപിഎമ്മിന് വലിയ തലവേദനയായിരുന്നു. ഈ നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടികൾ എടുത്തു. ഇതേ പാലക്കാടാണ് യൂത്ത് കോൺഗ്രസിലും വിവാദങ്ങൾ ഉയർന്നത്. ശംഭുവിനെതിരെ പൊലീസിൽ പരാതി കൊടുക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും ചില മുതിർന്ന നേതാക്കൾ പരാതിക്കാരിയെ അതിൽ നിന്നും പിന്തിരിപ്പിച്ചുവെന്നാണ് വിവരം. മുമ്പും ഇത്തരം ഇടപെടലുകളിലൂടെയാണ് ശംഭു പൊലീസ് കേസുകളെ പോലും ഒഴിവാക്കിയത്. രാഹുൽ ഗാന്ധിയെ വിമർശിച്ചിട്ടും ശംഭുവിന് അധികകാലം പുറത്തു നിൽക്കേണ്ടി വന്നില്ല. ഇതിന് കാരണവും ഗ്രൂപ്പ് രാഷ്ട്രീയത്തിലെ സ്വാധീനം കാരണമാണ്.
ഏറ്റെടുക്കാത്ത അധ്യക്ഷ സ്ഥാനം വീണ്ടുമൊഴിയുമായിരിക്കും... ഈ ഫേസ്ബുക്ക് പോസ്റ്റ് ശംഭു പാൽക്കുളങ്ങരയ്ക്ക് നേരത്തെ വിനയായിരുന്നു. അങ്ങനെ യൂത്ത് കോൺഗ്രസിൽ നിന്നും ദേശീയ നേതൃത്വം ശംഭു പാൽക്കുളങ്ങരയെ ഒഴിവാക്കിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ കോൺഗ്രസ് തോൽവിക്ക് ശേഷം തിരുവനന്തപുരത്തെ യുവ നേതാവായ ശംഭു പാൽകുളങ്ങരയുടെ പോസ്റ്റും ചർച്ചയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ഫലം വരുന്ന സമയത്ത് ശംഭു ഇട്ട പോസ്റ്റാണ് ചർച്ചാ വിധേയം. ഏറ്റെടുക്കാത്ത അധ്യക്ഷ സ്ഥാനം വീണ്ടുമൊഴിയുമായിരിക്കും...-ഇതായിരുന്നു പോസ്റ്റ്.
രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിക്കുന്നതാണ് ഈ പോസ്റ്റ് എന്നതായിരുന്നു ഉയർന്ന ആരോപണം. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് അടക്കം പോസ്റ്റർ പ്രത്യക്ഷപ്പെടുന്നതും. നേതൃത്വത്തെ വിമർശിച്ചാൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെപിസിസിയും അന്ന് അറിയിച്ചു. പിന്നാലെ ശംഭുവിനെ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു. അതിന ശേഷം യൂത്ത് കോൺഗ്രസും നടപടി എടുത്തിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ കെ എസ് യു നേതാക്കൾ നൽകിയ പരാതിയിലായിരുന്നു മാർച്ചിൽ യൂത്ത് കോൺഗ്രസ് നടപടി എടുത്തത്.
എംഎൽഎ ഹോസ്റ്റലിനുള്ളിൽ വച്ച് യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് നേതാക്കളെ ശംഭു അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാതായിരുന്നു പരാതി.
യൂണിവേഴ്സിറ്റി കോളേജിലെ വനിതാ നേതാക്കളെ അടക്കം തെറിവിളിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. ഈ പരാതി ഗൗരവത്തോടെ എടുത്തായിരുന്നു നടപടി. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് സമാവാക്യങ്ങളെ സമർത്ഥമായി ഉപയോഗിച്ച് ശംഭു വീണ്ടും മടങ്ങി എത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വീണ്ടും എത്തി. എന്നാൽ ചിന്തൻ ശിബരത്തിലും ശംഭു കൈവിട്ടു കളിച്ചു. ഈ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് പാൽക്കുളങ്ങരക്കാരനെ ഡിസ്മിസ് ചെയ്തത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്