മലപ്പുറം: മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഒറവംപുറത്ത് യൂത്ത് ലീഗ് പ്രവർത്തകന് കുത്തേറ്റത് തർക്കത്തിലേർപ്പെട്ടവരെ പിടിച്ചുമാറ്റുന്നതിനിടയിൽ. ഇന്നലെ രാത്രി 11 മണിയോടെയാണ് ഒറവംപുറം കവലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം നടന്നത്. ഈ സമയത്ത് സമീപത്തുണ്ടായിരുന്ന ആര്യാടൻ സമീർ ഇരുകൂട്ടരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് ഷമീറിന് കുത്തേറ്റത്.

ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു. ബുധനാഴ്ച രാത്രിയിലാണ് ഒറവംപുറം കവലയിൽ മുസ്ലിം ലീഗ് സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ഈ സംഘർഷത്തിൽ മുസ്ലിം ലീഗ് പ്രവർത്തകനായ ഉമ്മർ എന്ന വ്യക്തിക്ക് പരിക്കേറ്റിരുന്നു. ഈ ഉമ്മർ മരണപ്പെട്ട ഷമീറിന്റെ ബന്ധുകൂടിയാണ്. തന്റെ ബന്ധുവിന് പരിക്കേറ്റത് കണ്ടാണ് ഷമീർ സംഘർഷത്തിനിടയിലേക്ക് പിടിച്ചുമാറ്റാനായി എത്തിയത്.

ഈ സമയത്ത് ഷമീറിനും കുത്തേൽക്കുകയായിരുന്നു. ഷമീർ പ്രദേശത്തെ സജീവ യൂത്ത് ലീഗ് പ്രവർത്തകനാണ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷങ്ങൾ നിലനിന്നിരുന്നു. രണ്ട് കുടുംബങ്ങളാണ് ഈ സംഘർഷങ്ങൾ പ്രധാനമായും പങ്കെടുത്തിരുന്നത്. സംഘർഷാവസ്ഥ നീണ്ടുപോകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച ഇരുകൂട്ടരെയും പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മദ്ധ്യസ്ഥ ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചകൾ ഫലം കണ്ടിരുന്നില്ല.

ഷമീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ സജീവ സിപിഎം പ്രവർത്തരാണെന്നും യുഡിഎഫ് ആരോപിക്കുന്നു. മൂന്ന് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളത്. ഒറവുമ്പുറം നിസാം, അബ്ദുൽ മജീദ് ,മൊയീൻ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പാണ്ടിക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇവർ മൂന്ന് പേരും പ്രാദേശിക സിപിഎം പ്രവർത്തകരാണ്. അതേ സമയം കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് സിപിഎം പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സിപിഎം-യുഡിഎഫ് സംഘർഷമുണ്ടായിരുന്നെങ്കിലും നേതാക്കൾ ഇടപെട്ട് പരിഹരിച്ചിരുന്നതായും സിപിഎം നേതാക്കൾ പറയുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലിസും പറയുന്നത്.