- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷമീറിന്റെ മൃതദേഹം കണ്ടെത്തിയത് ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ മാലിന്യപ്പെട്ടിക്ക് സമീപം; ഹവാല പണം ഏജന്റായ ഷമീറിൽനിന്ന് പണം കവരാൻ വേണ്ടി സൗദി യുവാക്കൾ തട്ടിക്കൊണ്ടു പോയി; ബന്ധനത്തിൽ വെച്ചു പീഡിപ്പിച്ചതോടെ കൊല്ലപ്പെട്ടു; രണ്ട് മലയാളികൾ ഉൾപ്പെടെ പ്രതികളുടെ വധശിക്ഷ ശരിവെച്ചു
ദമ്മാം: മലയാളി യുവാവ് സൗദിയിൽ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് കീഴ്കോടതി വിധിച്ച വധശിഷ അപ്പീൽ കോടതിയും ശരിവെച്ചു. അഞ്ച് വർഷം മുമ്പ് നടന്ന കേസിൽ പ്രതിയാക്കപ്പെട്ടവരുടെ വധശിക്ഷയാണ് അപ്പീൽ കോടതിയും ശരിവെച്ചത്. ജുബൈലിലെ വർക്ഷോപ് മേഖലയിലെ മുനിസിപ്പാലിറ്റി (ബലദിയ) മാലിന്യപ്പെട്ടിക്ക് സമീപത്തു വച്ചാണ് ഷമീറിന്റെ മൃതദേഹം കണ്ടെത്തിയത്. മലയാളികളും സൗദി യുവാക്കളുമാണ് കേസിൽ പ്രതികളാക്കപ്പെട്ടത്.
അൽ ഖോബാറിൽ ഡ്രൈവറായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് ( 29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മൽ, നാല് സൗദി യുവാക്കൾ എന്നിവരാണ് പ്രതികൾ. ഈ ആറുപേരെയും വധശിക്ഷക്ക് വിധേയമാക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
അഞ്ചുവർഷം മുമ്പ് ചെറിയ പെരുന്നാളിന്റെ തലേദിവസം പുലർച്ചെയാണ് ഷമീറിന്റെ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ മാലിന്യപ്പെട്ടിക്ക് സമീപം കണ്ടെത്തിയത്. ഇതിനും മൂന്ന് ദിവസം മുമ്പ് കാണാതായ ഇയാളെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലെ മർദനമേറ്റ പാടുകളും മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങളും ഇതൊരു കൊലപാതകമാണെന്ന നിഗമനത്തിലെത്തിച്ചിരുന്നു.
വൈകാതെ ആറു പ്രതികളെയും സൗദി പൊലീസ് പിടികൂടി. ഹവാല പണം ഏജന്റായിരുന്ന ഷമീറിൽനിന്ന് പണം കവരാൻ വേണ്ടി സൗദി യുവാക്കൾ ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ, പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ മൂന്നു ദിവസത്തോളം ഇയാളെ ബന്ധനത്തിൽ വെച്ച് പീഡിപ്പിച്ചു. ഇതിനിടയിൽ മരണം സംഭവിച്ചത്. പണം കവരുന്ന സ്വദേശി സംഘത്തിന് ആവശ്യമായ വിവരങ്ങൾ കൈമാറിയിരുന്നത് മലയാളികളായ നിസാം, അജ്മൽ എന്നിവർ ആയിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇതോടെയാണ് മലയാളികളും കേസിൽ പ്രതിചേർക്കപ്പെട്ടത്.
രണ്ട് പിഞ്ചു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്ന യുവാവിന്റെ കെലപാതകം. ഇത് മലയാളി സമൂഹത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കകംതന്നെ പ്രതികളെ വലയിലാക്കാൻ പൊലീസിന് കഴിഞ്ഞു. അപ്പീൽ കോടതിയും വധശിക്ഷ ശരിവച്ചതോടെ ദയാഹരജികൾ നൽകാനുള്ള ഒരുക്കത്തിലാണ് പ്രതികൾ. കൊല്ലപ്പെട്ട ഷമീറിന്റെ മകനും മകളും ചെറിയ കുട്ടികളാണ്. പ്രതികൾക്ക് മാപ്പ് നൽകാൻ കുടുംബം ഇതുവരെ തയാറായിട്ടില്ല. ഇവരുടെ തീരുമാനം ഇനി നിർണായകമാകും.
അതേസമയം പ്രതിയായ നിസാമിന്റെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച് നിയമസഹായം ലഭ്യമാക്കാൻ ജുബൈലിലെ സാമൂഹിക പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിക്ക് ഇന്ത്യൻ എംബസി അധികാര പത്രം നൽകിയിരുന്നു. അദ്ദേഹം ഇവരെ ജയിലിൽ സന്ദർശിക്കുകയും ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ