ളർത്തുനായയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നേരെ സോഷ്യൽമീഡിയയുടെ ആക്രമണം. നായകളെ തനിക്ക് വളരെ ഇഷ്ടമാണെന്ന തലക്കെട്ടോടെയാണ് ഷമി ഫോട്ടോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതോടെയാണ് ഷമിക്കെതിരെ മതമൗലികവാദികളുടെ ആക്രമണം തുടങ്ങിയത്. ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഷമിയുടെ വിശ്വാസത്തെ ചോദ്യം ചെയ്തുള്ള കമന്റുകൾ ഫോട്ടോയ്ക്ക് ചുവടെ നിറയുകയായിരുന്നു.

ചിലർ ഇന്ത്യൻ താരത്തെ മുസ്ലിം വിരുദ്ധനെന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. പ്രശസ്തനായപ്പോൾ ഷമി വന്ന വഴി മറന്നുവെന്ന് കുറ്റപ്പെടുത്തിയാണ് മറ്റുചിലർ രംഗത്തെത്തിയത്. . ഇങ്ങനെയുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ഇസ്ലാം മതത്തെ ഷമി വഞ്ചിക്കുകയാണെന്ന തരത്തിലുള്ളതാണ് അധിക കമന്റുകളും.

പേരിൽ നിന്ന് മുഹമ്മദ് നീക്കം ചെയ്യണമെന്നും ചിലർ ഷമിയോട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം വിഷയത്തോട് ക്രിക്കറ്റ് താരം ഷമി പ്രതികരിച്ചിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ഷമി ഉൾപ്പെട്ടിരുന്നില്ല. നിലവിൽ ബംഗൂളുരുവിൽ ഫിറ്റ്‌നസ് ട്രെയ്‌നിങ്ങിലാണ് ഷമി. എന്നാൽ അച്ഛന് ഹൃദയാഘാതം വന്നതിനെ തുടർന്ന് ഷമി നാട്ടിലേക്ക് തിരിച്ചു പോയിരുന്നു.

നേരത്തെ ഭാര്യ ഹസിൻ ജഹാന്റെ വസ്ത്രധാരണ രീതിയുടെ പേരിലും ഷമിക്ക് വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഭാര്യ കൈയില്ലാത്ത വസ്ത്രം ധരിക്കുന്നത് ഇസ്ലാം മതത്തെ ചോദ്യം ചെയ്യുന്നതാണെന്നായിരുന്നു കമന്റുകൾ. ഇതിനെതിരെ ഷമി തുറന്നടിച്ചിരുന്നു.

ഭാര്യയും മകളും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എങ്ങനെ ജീവിക്കണമെന്ന് തനിക്കറിയാമെന്നും ഷമി പറഞ്ഞിരുന്നു. ഷമിയെ പിന്തുണച്ച് പിതാവും നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.