- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഞാൻ പാവമാണേ.... എനിക്ക് ബ്രിട്ടനോട് വെറുപ്പില്ലേ.... ഞാൻ എന്നെ മാത്രമാണ് വെറുക്കുന്നത്.... വീണ്ടും കരച്ചിലുമായി ഷമീമ ബീഗം ടെലിവിഷനിൽ; ഇങ്ങോട്ട് കൊണ്ടു വരാൻ നിവർത്തിയില്ലെന്ന് ബ്രിട്ടൻ
ലണ്ടൻ: സിറിയയിൽ ആടുമെയ്ക്കാൻ പോയ ഷമീമ ബീഗം വീണ്ടും കരഞ്ഞുകൊണ്ട് ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു. ഐസിസിന്റെ ഭാഗമായി താൻ അക്രമ പ്രവർത്തനങ്ങളൊന്നും തന്നെ ചെയ്തിട്ടില്ലെന്നാണ് ഈ ഐസിസ് വിധവ പറയുന്നത്. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ മറ്റ് രണ്ട് പെൺകുട്ടികൾക്കൊപ്പം ഐസിസിൽ ചേരാൻ സിറിയയിലേക്ക് തിരിച്ച ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം 2019-ൽ അന്നത്തെ സെക്രട്ടറി സജിദ് വാജിദ് റദ്ദാക്കിയിരുന്നു. തുടർന്ന് അതിനെതിരെയുള്ള അപ്പീൽ കേസ് നടത്തുവാനായി ബ്രിട്ടനിലെത്താനുള്ള അവസരം നൽകണമെന്ന ഷമീമയുടെ അപേക്ഷ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.
ദേശീയ സുരക്ഷയുടേ അടിസ്ഥാനത്തിലാണ് ഷമീമ ബീഗത്തിന് ബ്രിട്ടനിൽ പ്രവേശിക്കുവാൻ കോടതി അനുമതി നൽകാതിരുന്നത്. ഐസിസ് ഭീകരരെ വിവാഹം ചെയ്ത് പലായനം ചെയ്ത സ്ത്രീകളും അവരിൽ ചിലരുടെയൊക്കെ ബന്ധുക്കളുമുയർത്തുന്ന അതേവാദമാണ് ഇപ്പോൾ ഷമീമ ബീഗം ഉയർത്തുന്നത്. ബ്രിട്ടനിലേക്ക് തിരിച്ചു വരാൻ അനുമതി തന്നാൽ ബ്രിട്ടനിൽ വിചാരണ നേരിടാമെന്നാണ് അവർ ഇപ്പോൾ പറയുന്നത്.
സകൈ ന്യുസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, ഐസിസിന്റെ ഭാഗമായുള്ള അക്രമങ്ങളിൽ താൻ പങ്കെടുത്തു എന്ന ആരോപണവും അവർ നിഷേധിച്ചിട്ടുണ്ട്. ഇവരുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത ഉടൻ തന്നെ ബിസിനസ്സ് മിനിസ്റ്റർ പോൾ സ്കള്ളി ബ്രിട്ടനിലേക്ക് തിരിച്ചുവരണമെന്ന ഷമീമ ബീഗത്തിന്റെ അപേക്ഷ തിരസ്കരിച്ചുകൊണ്ട് രംഗത്തെത്തി. ഇക്കാര്യത്തിൽ കോടതി ഒരു അന്തിമ തീരുമാനം എടുത്തതാണെന്നും അദ്ദേഹം അറിയിച്ചു.
കേവലം 15 വയസ്സുള്ളപ്പോഴായിരുന്നു ഷമീമ ബീഗം 2015-ൽ ലണ്ടനിൽ നിന്നും സിറിയയിലേക്ക് യാത്ര തിരിച്ചത്. ഇപ്പോൾ 22 വയസ്സുള്ള ഇവർ പറയുന്നത് തനിക്ക് ബ്രിട്ടനോട് വെറുപ്പില്ല എന്നാണ്. തീവ്രവാദ സംഘടനയ്ക്ക് വേണ്ടി പോരാടാൻ സിറിയയിലേക്ക് തിരിച്ചപ്പോൾ പോലും താൻ ബ്രിട്ടനെ വെറുത്തിരുന്നില്ല എന്നാണ് ഇവർ ഇപ്പോൾ പറയുന്നത്. സ്വപ്നങ്ങളും മോഹങ്ങളും ഏറെയുണ്ടെങ്കിലും പൗരത്വം തിരിച്ചുകിട്ടിയില്ലെങ്കിൽ മറ്റൊന്നും ചെയ്യാനാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ഇവർ. അന്ന് സിറിയയിലേക്ക് പോകാനുള്ള തീരുമാനം പെട്ടെന്ന് എടുത്ത ഒന്നായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോൾ താൻ വെറുക്കുന്നത് തന്റെ ജീവിതത്തെ മാത്രമാണെന്നും അവർ പറയുന്നു.
ബന്ധനത്തിലായതുപോലുള്ള ഈ ജീവിതം മടുത്തു എന്നു പറയുന്ന ഇവർ ബ്രിട്ടനിൽ ഒരു ബ്രിട്ടീഷ് വനിതയായി ജീവിതം ജീവിച്ചു തീർക്കണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ഇപ്പോൾ താൻ ചെയ്തിരിക്കുന്ന ഒരു കുറ്റം ഐസിസിൽ ചേരാൻ സിറിയയിൽ എത്തി എന്നതാണെന്നും അതിന് ജയിശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞു. നിലവിൽ സിറിയയിലെ അൽ റോജ് ക്യാമ്പിലാണ് ഇവരുള്ളത്. ജീവിക്കുവാൻ തീർത്തും ഭയപ്പെടുത്തുന്ന സാഹചര്യമാണവിടെ എന്നാണ് അവർ പറയുന്നത്.
സമയം വരുമ്പോൾ താൻ ഒരിക്കൽ ഉപേക്ഷിച്ചു പോന്ന കുടുംബവുമായി ഒത്തുചേരണമെന്ന ആഗ്രഹവും തനിക്കുണ്ടെന്ന് അവർ പറഞ്ഞു. അവർ തനിക്കെതിരെ ഒന്നും ചെയ്തിട്ടില്ല, താനാണ് അവരെ ചതിച്ചത്, ബീഗം പറയുന്നു. സിറിയയിൽ എത്തിയ ഷമീമ ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്ത ഡച്ച് പൗരൻ യാഗോ റീഡ്ജിക്കിനെ വിവാഹം കഴിച്ചിരുന്നു. അയാളിൽ മൂന്ന് മക്കൾ ജനിക്കുകയും ചെയ്തിരുന്നു. എന്നാൽ യാഗോവും മൂന്നു മക്കളും മരണമടഞ്ഞതോടെ ഇവർ ഏകയായി.
ഉറങ്ങാൻ കിടക്കുമ്പോഴൊക്കെ തന്റെ മക്കളുടെ മരണദൃശ്യമാണ് മുൻപിലെത്തുന്നത് എന്ന് ഇവർ പറയുന്നു. തുടർച്ചയായ ഓട്ടം, തന്റെ സുഹൃത്തുക്കളുടെ മരണം ഇതെല്ലാം ഓരോന്നായി മുന്നിലെത്തും. പിന്നെ ഉറങ്ങാനാകാതെ തിരിഞ്ഞും മറിഞ്ഞും കിടക്കും. ഒരുവർഷം മുൻപ് ഇവർ ശിരോവസ്ത്രം വലിച്ചെറിഞ്ഞ് ആധുനിക ബ്രിട്ടീഷ് വനിതയുടെ ശൈലിയിലേക്ക് മാറിയിരുന്നു. മെയ്ക്ക് അപ് ചെയ്യുകയും നഖങ്ങൾ പോളീഷ് ചെയ്യുകയുമൊക്കെയുണ്ട്. ഇവർക്കൊപ്പം അന്ന് സിറീയയിൽ എത്തിയ മറ്റു രണ്ടു പെൺകുട്ടികൾ മരണമടഞ്ഞു എന്ന് കരുതപ്പെടുന്നു.
ഇതിനു മുൻപ് സെപ്റ്റംബറിൽ ഇവർ നൈക്കിന്റെ ബേസ്ബോൾ ക്യാപും ലോ-കട്ട് വെയ്സ്റ്റുമൊക്കെ ധരിച്ച് ഗുഡ് മോർണിങ് ബ്രിട്ടൻ ഷോയിൽ എത്തിയിരുന്നു. അന്നും ബ്രിട്ടനിലേക്ക് മടങ്ങണമെന്ന ആഗ്രഹം അവർ പറഞ്ഞപ്പോൾ എന്തുകൊണ്ട് സ്വദേശമായ ബംഗ്ലാദേശിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നില്ല എന്ന മറുചോദ്യമായിരുന്നു അവതാരകർ ചോദിച്ചത്. വധശിക്ഷയില്ലാത്ത ബ്രിട്ടന്, വധശിക്ഷ വിധിക്കുന്ന ബംഗ്ലാദേശിലേക്ക് തന്നെ എങ്ങനെ അയയ്ക്കാൻ കഴിയുമെന്നായിരുന്നു അവർ അന്ന് തിരിച്ചു ചോദിച്ചത്. താൻ തന്നെ വെറുക്കുന്നതുപോലെ മറ്റാർക്കും തന്നെ വെറുക്കാൻ കഴിയില്ലെന്നും രണ്ടാമത് ഒരു അവസരം തന്നാൽ നല്ല രീതിയിൽ ജീവിക്കുമെന്നും അവർ പറഞ്ഞിരുന്നു.
മാത്രമല്ല, തീവ്രവാദ സംഘടനകളെ ചെറുക്കുന്ന ബ്രിട്ടന്റെ പ്രവർത്തനത്തിൽ ഇപ്പോൾ തനിക്ക് സഹായിക്കാൻ കഴിയുമെന്നും ഇവർ ബോറിസ് ജോൺസനോടായി പറഞ്ഞു. അവരുടെ ഉള്ളുകള്ളികൾ നന്നായി അറിയാവുന്ന തനിക്ക് ബ്രിട്ടന്റെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഒരു മുതൽക്കൂട്ടാവാൻ കഴിയുമെന്നും അന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടനിൽ വിചാരണ നേരിട്ട് എന്ത് ശിക്ഷ ഏറ്റുവാങ്ങാനും തയ്യാറാണെന്നും അന്ന് അവർ പറഞ്ഞിരുന്നു.
തീവ്രവാദ പ്രവർത്തനങ്ങളിൽ ആകൃഷ്ടരാകുന്നവർക്കായി ഷമീമ ബീഗത്തിന്റെ വാക്കുകൾ താഴെ നൽകുന്നു
''വളരെ ചെറിയ പ്രായത്തിൽ തന്നെ ഞാൻ തെറ്റു ചെയ്തു. എന്റെ കുറ്റമായിരുന്നില്ല മറിച്ച്, എനിക്ക് ചുറ്റുമുണ്ടായിരുന്ന ചില തീവ്രവാദികൾ എന്നെ ഈ പരുവത്തിലാക്കുകയായിരുന്നു. ബ്രിട്ടീഷ് ജനതയ്ക്ക് എന്നോട് പൊറുക്കാൻ കഴിയില്ലെന്ന് എനിക്കറിയാം. ഐസിസ് എന്ന ഭീകര സംഘടനയുയർത്തിയ ഭീതിയുടെ നിഴലിൽ ജീവിച്ചവരാണവർ. അവരിൽ പലർക്കും വേണ്ടപ്പെട്ടവരെ ഈ ക്രൂരന്മാരുടെ പ്രവർത്തി മൂലം നഷ്ടപ്പെട്ടൂ. എനിക്കും എന്റെ വേണ്ടപ്പെട്ടവർ നഷ്ടപ്പെടാൻ കാരണം ഈ കാട്ടാളന്മാർ തന്നെയാണ്. ശുദ്ധമായ ഇസ്ലാമിക ജീവിതം നയിക്കണമെന്ന ആഗ്രഹവുമായാണ് ഞാൻ ഐസിസിൽ ചേർന്നത് എന്നാൽ അവർ മരണത്തിന്റെ ദല്ലളുമാർ മാത്രമായിരുന്നു എന്ന് മനസ്സിലാക്കിയത് വൈകിയാണ്.''
മറുനാടന് ഡെസ്ക്